IPL
അവന്‍ ആര്‍.സി.ബിയുടെ ദേവദൂതന്‍, ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി; യുവതാരത്തിന് പ്രശംസയുമായി ആകാശ് ചോപ്ര
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 21, 07:04 am
Monday, 21st April 2025, 12:34 pm

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പഞ്ചാബ് കിങ്‌സിനെതിരെ വിജയം സ്വന്തമാക്കിയിരുന്നു. പഞ്ചാബിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ വിജയമാണ് രജതിന്റെ സംഘം നേടിയത്. വിരാട് കോഹ്ലിയുടെയും ദേവ്ദത്ത് പടിക്കലിന്റെയും അര്‍ധ സെഞ്ച്വറികളാണ് ബെംഗളുരുവിന് വിജയം സമ്മാനിച്ചത്.

വിരാട് കോഹ്ലി 54 പന്തില്‍ ഒരു സിക്സും ഏഴ് ഫോറുമടക്കം 73 റണ്‍സാണ് എടുത്തത്. 135.19 സ്‌ട്രൈക്ക് റേറ്റിലാണ് കോഹ്ലി പഞ്ചാബിനെതിരെ ബാറ്റ് ചെയ്തത്. മൂന്നാം നമ്പറില്‍ ഇറങ്ങിയ പടിക്കല്‍ 35 പന്തില്‍ 61 റണ്‍സാണ് അടിച്ചെടുത്തത്. നാല് സിക്സും അഞ്ച് ഫോറും അടങ്ങിയ ഇന്നിങ്‌സില്‍ താരം 174.29 സ്‌ട്രൈക്ക് റേറ്റിലാണ് ബാറ്റേന്തിയത്.

മത്സരത്തില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടിയ വിരാട് തനിക്കായിരുന്നില്ല മറിച്ച് ദേവ്ദത്ത് പടിക്കലിനാണ് അവാര്‍ഡ് ലഭിക്കേണ്ടിയിരുന്നതെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോള്‍ താരത്തിന്റെ ഈ അഭിപ്രായത്തോട് യോജിക്കുന്നുവെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ആര്‍.സി.ബിയുടെ ബാറ്റിങ്ങില്‍ ഏറ്റവും വലിയ നേട്ടം ദേവ്ദത്ത് പടിക്കലായിരുന്നുവെന്നും താരം ടീമിന്റെ മികച്ച താരവും ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവിയുമാണെന്നും ചോപ്ര പറഞ്ഞു.

ദേവ്ദത്ത് പടിക്കല്‍ ദേവദൂതനായിട്ടാണ് വന്നിരിക്കുന്നതും തന്റെയും കോഹ്ലിയുടെയും അഭിപ്രായത്തില്‍ അവനായിരുന്നു കളിയിലെ താരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ആകാശ് ചോപ്ര.

‘ആര്‍.സി.ബിയുടെ ബാറ്റിങ്ങില്‍ ഏറ്റവും വലിയ നേട്ടം ദേവ്ദത്ത് പടിക്കലായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ 14 ഓവറിന്റെ ചുരുക്കിയ മത്സരമായതിനാല്‍ അവര്‍ അദ്ദേഹത്തെ കളിപ്പിച്ചില്ല. അതിനാല്‍ ഒരു അധിക ബൗളറെ കളിപ്പിച്ച് ഒരു ബാറ്ററെ കുറയ്ക്കുമെന്ന് അവര്‍ പറഞ്ഞു. എല്ലാവരും പുറത്തായ സമയത്ത് ഒരു ബാറ്ററെ ആവശ്യമായി വന്നപ്പോള്‍, മനോജ് ഭണ്ഡാഗെയെ അയച്ചു, പക്ഷേ നിങ്ങള്‍ ദേവ്ദത്ത് പടിക്കലിനെ അയച്ചില്ല.

ദേവ്ദത്ത് എത്ര നന്നായി കളിക്കുന്നു. അവന്‍ നിലവില്‍ ഈ ടീമിന്റെ മികച്ച താരമാണ്, ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവിയുമാണ്. പടിക്കല്‍ ഇവിടെ ഒരു ദേവദൂതാനായിട്ടാണ് വന്നിരിക്കുന്നത്. അവന്റെ ഏറ്റവും മികച്ച പ്രകടനം എല്ലായ്‌പ്പോഴും ടീമിനായി ഉണ്ടായിട്ടുണ്ട്. അവന്‍ യഥാര്‍ത്ഥത്തില്‍ വളരെ വളരെ നല്ല കളിക്കാരനാണ്. എന്റെയും കോഹ്ലിയുടെയും അഭിപ്രായത്തില്‍, അവനായിരുന്നു കളിയിലെ താരം,’ ആകാശ് ചോപ്ര പറഞ്ഞു.

Content Highlight: IPL 2025: RCB vs PBKS: Former Indian Cricketer Akash Chopra talks about Royal Challengers Bengaluru young batter Devdutt Padikkal