Advertisement
national news
വിലക്ക് മറികടന്ന് കൊവിഡ് രോഗികളില്‍ രാം ദേവിന്റെ മരുന്ന് പരീക്ഷണം; ജയ്പൂര്‍ നിംസിന് നോട്ടീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Jun 27, 02:56 am
Saturday, 27th June 2020, 8:26 am

ജയ്പൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശം മറികടന്ന് പതഞ്‌ലി സ്ഥാപകന്‍ രാം ദേവിന്റെ കൊറോണില്‍ സ്വാസാരി കൊവിഡ് രോഗികളില്‍ പരീക്ഷിച്ച ജയ്പൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിനോട് വിശദീകരണം ആവശ്യപ്പെട്ട് രാജസ്ഥാനിലെ ആരോഗ്യവകുപ്പ്.

” മൂന്ന് ദിവസത്തിനകം വിശദീകരണം ആവശ്യപ്പെട്ട്‌കൊണ്ട് നിംസിന് നോട്ടീസ് അയച്ചിട്ടുണ്ട്. മരുന്ന് പരീക്ഷിക്കുന്നതായി സംസ്ഥാന സര്‍ക്കാരിനെ അറിയിക്കുകയോ അനുവാദം ചോദിക്കുകയോ ചെയ്തിട്ടില്ല,” ജയ്പൂരിലെ ചീഫ് മെഡിക്കല്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ. നരോത്തം ശര്‍മ പറഞ്ഞു.

നിംസിന് എന്താണ് പറയാനുള്ളതെന്ന് അറിയാന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് ഭേദമാക്കുമെന്ന പേരില്‍ ആരെങ്കിലും ഏതെങ്കിലും മരുന്ന് വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കടുത്ത ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന രാജസ്ഥാന്‍ ആരോഗ്യമന്ത്രി രഘു ശര്‍മ്മയുടെ അറിയിപ്പ് നിലനില്‍ക്കവേയാണ് നിംസിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ച ഉണ്ടായിരിക്കുന്നത്.

കൊവിഡിന് ആയുര്‍വേദ മരുന്ന് കണ്ടുപിടിച്ചെന്നും ഏഴു ദിവസം കൊണ്ട് കൊവിഡ് ഭേദമാക്കും എന്നുമാണ് രാംദേവിന്റെ പതഞ്ജലി കമ്പനിയുടെ അവകാശവാദം. കൊറോണില്‍ സ്വാസാരി എന്നാണ് മരുന്നിന്റെ പേര്. പരീക്ഷണത്തില്‍ നൂറുശതമാനം മരുന്ന് വിജയമാണെന്നും രാംദേവ് അവകാശപ്പെട്ടിരുന്നു.

പതഞ്ജലി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സും നടത്തിയ ഗവേഷണത്തിന്റെ അടിസ്ഥാനത്തിലാണ് മരുന്ന് വികസിപ്പിച്ചതെന്നും കമ്പനി അവകാശപ്പെട്ടിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ