കോഴിക്കോട്: ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ‘ഹൃദയപൂര്‍വ്വം’ പരിപാടിയുടെ ഭാഗമായി വിതരണം ചെയ്ത ഭക്ഷണപ്പൊതിയിലെ കുറിപ്പ് വൈറലാകുന്നു.
‘ഈ തുക കൊണ്ട് നിങ്ങള്‍ക്ക് ഒരു നേരത്തെ മരുന്ന് വാങ്ങാന്‍ കഴിയുമെങ്കില്‍ നന്നായിരുന്നു. ഇന്നെന്റെ മകളുടെ പിറന്നാളാണ്,’ എന്നെഴുതിയ
കുറിപ്പാണ് പൊതിച്ചോറില്‍ നിന്ന് ലഭിച്ചത്.
ഡി.വൈ.എഫ്.ഐ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും നല്‍കുന്ന ഉച്ചഭക്ഷണം ലഭിച്ച യുവാവ് പൊതിച്ചോറിനൊപ്പം കത്തും തുകയും ലഭിച്ച വിവരം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തരെ അറിയിക്കുകയായിരുന്നു.
‘അറിയപ്പെടാത്ത സഹോദരാ/ സഹോദരീ. ഒരു നേരത്തെ ഭക്ഷണം നല്‍കാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്. നിങ്ങളുടെയോ ബന്ധുവിന്റെയോ അസുഖം പെട്ടന്ന് ഭേദമാകാന്‍ ഞങ്ങള്‍ പ്രാര്‍ഥിക്കാം. നിങ്ങളുടെ പ്രാഥനയില്‍ ഞങ്ങളെയും ഉള്‍പ്പെടുത്തണേ..
ഈ തുക കൊണ്ട് നിങ്ങള്‍ക്ക് ഒരു നേരത്തെ മരുന്ന് വാങ്ങാന്‍ കഴിയുമെങ്കില്‍ നന്നായിരുന്നു. ഇന്നെന്റെ മകളുടെ പിറന്നാളാണ്,’ എന്നാണ് കത്തില്‍ പറയുന്നത്.
എന്നാല്‍ ആരാണ് ഇത് എഴുതിയതെന്ന് കണ്ടെത്താനായിട്ടില്ല. നിരവധി പേരാണ് നവമാധ്യമങ്ങളില്‍ ഈ ചിത്രം പങ്കുവെക്കുന്നത്. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജും ഇത് ഷെയര്‍ ചെയ്തിട്ടുണ്ട്.
‘കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉച്ചഭക്ഷണം
വിതരണം ചെയ്യുന്ന, ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ‘ഹൃദയപൂര്‍വ്വം’ പരിപാടിയുടെ ഭാഗമായി ഇന്ന് ഓര്‍ക്കാട്ടേരി മേഖലാ കമ്മിറ്റി പൊതിച്ചോര്‍ വിതരണം ചെയ്തത്.
തിരിച്ചു വരാന്‍ നേരം…ഞങ്ങളുടെ അടുത്ത് നിന്നും പൊതിച്ചോര്‍ വാങ്ങിയ ഒരു യുവാവ് അദ്ദേഹത്തിന് കിട്ടിയ പൊതിച്ചോറിനോടൊപ്പം ലഭിച്ച കത്തും പൈസയും ഞങ്ങള്‍ക്ക് കാണിച്ചു തന്നു…..
ആരെയും അറിയിക്കാതെ മറ്റുള്ളവരെ സഹായിക്കാന്‍ മനസുള്ള പേര് അറിയാത്ത ആ മനുഷ്യനെ ഹൃദയത്തോട് ചേര്‍ത്ത് അഭിവാദ്യം ചെയ്യുന്നു… അദ്ദേഹത്തിന്റെ പ്രിയ മകള്‍ക്ക് ഒരായിരം പിറന്നാള്‍ ആശംസകള്‍,’ വി.കെ. സനോജ് പറഞ്ഞു.