ന്യൂദൽഹി: വയനാട്ടിലെ ഉരുൾപൊട്ടൽ ഇരകളുടെ വായ്പ എഴുതിത്തള്ളാത്തത് വഞ്ചനയാണെന്ന് വയനാട് എം.പി പ്രയങ്ക ഗാന്ധി. കഴിഞ്ഞ വർഷം ജൂലൈയിൽ വയനാട്ടിൽ ഉണ്ടായ മണ്ണിടിച്ചിലിൽ ദുരിതമനുഭവിച്ചവരുടെ വായ്പകൾ എഴുതിത്തള്ളാൻ സാധിക്കില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. കേരള ഹൈക്കോടതിയിൽ കേന്ദ്ര സർക്കാർ നൽകിയ സത്യവാങ്മൂലത്തെ പരാമർശിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി.
‘വയനാട് മണ്ണിടിച്ചിലിന് ഇരയായവർക്ക് എല്ലാം നഷ്ടപ്പെട്ടു. വീടുകൾ, ഭൂമി, ഉപജീവനമാർഗ്ഗങ്ങൾ തുടങ്ങി എല്ലാം. എന്നിട്ടും, വായ്പ എഴുതിത്തള്ളാൻ പോലും ചെയ്യാൻ കേന്ദ്ര സർക്കാർ വിസമ്മതിക്കുന്നു. പകരം അവർക്ക് ലോണുകൾ അടക്കാൻ കാലാവധി കൊടുക്കുകയാണ് ചെയ്യുന്നത്. ഇത് വഞ്ചനയാണ്,’ പ്രിയങ്ക ഗാന്ധി ഫേസ്ബുക്കിൽ പറഞ്ഞു.
ഈ നിസംഗതയെ താനും തന്റെ പാർട്ടിയും ശക്തമായി അപലപിക്കുന്നുവെന്നും വയനാട്ടിലെ സഹോദരീ സഹോദരന്മാരോടൊപ്പം തോളോട് തോൾ ചേർന്ന് നിൽക്കുമെന്നും കോൺഗ്രസ് എം.പി പറഞ്ഞു.
‘അവരുടെ വേദന ഞങ്ങൾ അവഗണിക്കില്ല. നീതി ലഭിക്കുന്നതുവരെ എല്ലാ വേദികളിലും ഞങ്ങൾ അവർക്ക് വേണ്ടി ശബ്ദമുയർത്തും,’ പ്രിയങ്ക കൂട്ടിച്ചേർത്തു.
ദുരിതബാധിതരായ വ്യക്തികൾ എടുത്ത വായ്പകൾ എഴുതിത്തള്ളാൻ കഴിയുമോ എന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രം സത്യവാങ്മൂലം സമർപ്പിച്ചത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 19 ന് കേരളത്തിലെ സംസ്ഥാനതല ബാങ്കേഴ്‌സ് കമ്മിറ്റിയുടെ ഒരു പ്രത്യേക യോഗം ചേർന്നതായി കേന്ദ്ര ധനകാര്യ മന്ത്രാലയം സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.
പ്രകൃതി ദുരന്തങ്ങൾക്കുള്ള റിസർവ് ബാങ്കിന്റെ നിർദേശങ്ങൾ അടിസ്ഥാനമാക്കി ദുരിതാശ്വാസ നടപടികൾ നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ കൂടി പങ്കെടുത്ത യോഗത്തിൽ തീരുമാനിച്ചിരുന്നു.
ഈ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ഒരു പ്രകൃതി ദുരന്തം സംഭവിക്കുമ്പോൾ, നിലവിലുള്ള വായ്പകൾ പുനക്രമീകരിച്ചുകൊണ്ട് ബാങ്കുകൾക്ക് സാമ്പത്തിക സഹായം നൽകാൻ കഴിയും. വായ്പകൾ തിരിച്ചടയ്ക്കുന്നതിൽ നിന്ന് ആളുകൾക്ക് ഒരു വർഷത്തെ ഇടവേള നൽകുന്നതും ആവശ്യമെങ്കിൽ പുതിയ വായ്പകൾ നൽകുന്നതും ഇതിൽ ഉൾപ്പെടുന്നു.
Content Highlight: Not waiving loans of Wayanad landslides victims a betrayal: Priyanka Gandhi