പട്‌ന: തനിക്കെതിരെ ചില മാധ്യമങ്ങള്‍ നടത്തുന്ന വേട്ടയാടലില്‍ തളര്‍ന്നുപോകില്ലെന്നും പ്രത്യയശാസ്ത്രപരമായ പോരാട്ടത്തില്‍ ഇതിനൊന്നും തന്നെ സ്പര്‍ശിക്കാനാവില്ലെന്നും രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പുകളില്‍ ഉപയോഗിച്ചുപോരുന്ന ഇലക്ട്രോണിക് വോട്ടിങ് മെഷീനെ കുറിച്ചും രാഹുല്‍ ചില പരാമര്‍ശങ്ങള്‍ നടത്തി.
മോദിയുടെ വോട്ടിങ് മെഷീനിനേയും അദ്ദേഹത്തിന്റെ മാധ്യമങ്ങളേയും എനിക്ക് ഭയമില്ല. സത്യം എന്നും സത്യമായിരിക്കും. നീതി നീതി തന്നെയാണ്. ഞാന്‍ ഈ മനുഷ്യനെതിരെ പ്രത്യയശാസ്ത്രപരമായ യുദ്ധമാണ് നടത്തുന്നത്.
ഞങ്ങള്‍ അവരുടെ ചിന്തകള്‍ക്കെതിരെ പോരാടുന്നു, അവരുടെ ചിന്തകളെ ഞങ്ങള്‍ പരാജയപ്പെടുത്തുക തന്നെ ചെയ്യും, ബിഹാറിലെ അരാരിയയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ രാഹുല്‍ പറഞ്ഞു.
2019ല്‍ മോദിക്കും സംഘത്തിനും മുന്‍പില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കീഴടങ്ങിയതായി രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. അന്ന് ഇ.വി.എം ക്രമക്കേടും രാഹുല്‍ ഉന്നയിച്ചിരുന്നു.
നരേന്ദ്ര മോദി അദ്ദേഹത്തിന്റെ ചില മീറ്റിങ്ങുകളില്‍ എന്നെക്കുറിച്ച് അസുഖകരമായ ചില കാര്യങ്ങള്‍ പറയുന്നുണ്ട്. അവര്‍ വളരെയധികം വിദ്വേഷം പരത്താന്‍ ശ്രമിക്കുമ്പോള്‍ ഞാന്‍ എല്ലായ്‌പ്പോഴും സ്‌നേഹം പ്രചരിപ്പിക്കാനാണ് ശ്രമിക്കുന്നത്. വിദ്വേഷത്തെ വിദ്വേഷം കൊണ്ട് പരാജയപ്പെടുത്താന്‍ കഴിയില്ല, സ്‌നേഹത്തിന് മാത്രമേ അതിന് കഴിയൂ. നരേന്ദ്ര മോദിയെ പരാജയപ്പെടുത്തുന്നതുവരെ ഞാന്‍ ഒരു അടി പോലും പിന്നോട്ട് പോകില്ല.
കൊവിഡ് ലോക്ക്ഡൗണ്‍ സമയത്ത് ബീഹാറിലെ ദുരിതബാധിതരായ ജനങ്ങളെ സഹായിക്കാതിരുന്ന മോദിയും നിതീഷും ഇപ്പോള്‍ അവരുടെ വോട്ട് തേടാനായി എത്തിയിരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.
ഇന്ത്യയുടെ പ്രധാനമന്ത്രിയുടെ മനസില്‍ കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും എന്തെങ്കിലും സ്ഥാനമുണ്ടായിരുന്നുവെങ്കില്‍, ലോക്ക് ഡൗണ്‍ കാലത്ത് അവര്‍ക്ക് വേണ്ടി അദ്ദേഹം മരിക്കാന്‍ വരെ തയ്യാറാകുമായിരുന്നു. എന്നാല്‍ അദ്ദേഹം എന്താണ് അവരോട് കാണിച്ചത്. ബീഹാറിലെ ജനങ്ങള്‍ക്ക് ഇതെല്ലാം മനസിലാകും.
വാഗ്ദാനം ചെയ്ത ജോലികളെക്കുറിച്ച് ഇന്ന് യുവാക്കള്‍ പൊതുയോഗങ്ങളില്‍ നിതീഷ് കുമാറിനോട് ചോദിക്കുമ്പോള്‍ അദ്ദേഹം അവരെ ഭീഷണിപ്പെടുത്തുകയും ഓടിക്കുകയും തല്ലിച്ചതയ്ക്കുകയുമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക