ന്യൂദല്‍ഹി: ഇന്ത്യന്‍ ആര്‍മി ജൂനിയര്‍ കമ്മീഷന്റ് ഓഫീസര്‍ സ്ഥാനത്തുനിന്നും വിരമിച്ച മുഹമ്മദ് സനാവുള്ള ദേശീയ പൗരത്വ പട്ടികയുടെ അന്തിമ ലിസ്റ്റില്‍ നിന്നും പുറത്ത്. പൗരത്വ പട്ടികയ്ക്ക് പുറത്താണെന്നു വിധിച്ച ഫോറിനേഴ്‌സ് ട്രൈബ്യൂണലിനെതിരെ ഗുവാഹത്തി ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലിലാണ് ഇനിയുള്ള തന്റെ പ്രതീക്ഷയെന്നാണ് സനാവുള്ള പറയുന്നത്.
അവസാന നിമിഷമെങ്കിലും തന്നെ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നാണ് പ്രതീക്ഷിച്ചത്. പക്ഷേ അത് സംഭവിച്ചില്ലെന്നും സനാവുള്ള പറയുന്നു.
‘ കഴിഞ്ഞയാഴ്ച ചായ്ഗണിലെ എന്‍.ആര്‍.സി സേവ കേന്ദ്രയിലേക്ക് എന്നെ വിളിപ്പിച്ചിരുന്നു. എന്നെ വിദേശിയായി പ്രഖ്യാപിക്കുന്ന ഫോറിനേഴ്‌സ് ട്രൈബ്യൂണല്‍ ഉത്തരവും തടവുകേന്ദ്രത്തില്‍ നിന്നും ജാമ്യം ലഭിച്ചുകൊണ്ടുള്ള ഉത്തരവും കൈമാറാന്‍ ആവശ്യപ്പെട്ടു. അതിനാല്‍ അവസാന നിമിഷം ലിസ്റ്റില്‍ ഉള്‍പ്പെടാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷേ അതു സംഭവിച്ചില്ല. എന്റെ പേരിനൊപ്പം പെണ്‍മക്കളായ ഷഹ്നാസ് അക്തര്‍, ഹില്‍മിന അക്തര്‍, മകന്‍ സയീദ് അക്തര്‍ എന്നിവരുടെ പേരും ലിസ്റ്റിലില്ല.’ സനാവുള്ള പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഇന്ന് രാവിലെയാണ് അസം സര്‍ക്കാര്‍ അന്തിമ ദേശീയ പൗരത്വ പട്ടിക പ്രസിദ്ധീകരിച്ചത്. മൂന്ന് കോടി പതിനൊന്ന് ലക്ഷം പേരാണ് പട്ടികയില്‍ ഇടംതേടിയത്. 19,06,657 പേരാണ് പട്ടികയില്‍ നിന്ന് പുറത്തായത്. ഇതില്‍ 3,68,000 പേര്‍ കഴിഞ്ഞ ജൂലൈയില്‍ പട്ടികയില്‍ ഇടം നേടാതിരുന്നിട്ടും രേഖകള്‍ സമര്‍പ്പിക്കാത്തവരാണ്.
ആസാം സ്വദേശിയായ മുഹമ്മദ് സനാവുള്ള തന്റെ ആര്‍മി റിട്ടേയര്‍മെന്റിന് ശേഷം അസാം ബോര്‍ഡര്‍ പൊലിസില്‍ സബ് ഇന്‍സ്‌പെക്ടറായിരുന്നു. അനധികൃത കുടിയേറ്റക്കാരെ തടയുന്നതിനുള്ള പ്രത്യേക യൂണിറ്റാണിത്. ഈ യൂണിറ്റ് തന്നെയാണ് പിന്നീട് സനാവുള്ളയെ അറസ്റ്റ് ചെയ്തത്. ഡിറ്റെന്‍ഷന്‍ ക്യാമ്പില്‍ കഴിഞ്ഞ ഇദ്ദേഹം പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങുകയായിരുന്നു.
ബോകോയിലെ ഫോറിനേഴ്സ് ട്രൈബ്യൂണല്‍ കഴിഞ്ഞ വര്‍ഷം സനാവുള്ളയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. ട്രൈബ്യൂണലിന്റെ അഞ്ചു വാദം കേള്‍ക്കലിലും സനാവുള്ള ഹാജറാവുകയും ചെയ്തിരുന്നു. സനാവുള്ളയെ കൂടാതെ സൈന്യത്തില്‍ നന്ന് വിരമിച്ച ആറു പേര്‍ക്കും സമാനമായ നോട്ടീസുകള്‍ ലഭിച്ചിട്ടുണ്ട്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഇന്ത്യന്‍ ആര്‍മിയില്‍ നിന്ന് 2017-ല്‍ ആണ് വിരമിച്ച ഇദ്ദേഹം കാര്‍ഗില്‍ യുദ്ധത്തിലും കശ്മീര്‍, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ ഭീകരര്‍ക്കെതിരേയും പോരാടിയ സൈനികന്‍ കൂടിയാണ്. 2014-ല്‍ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറായി ഉയര്‍ത്തിയ സനാവുള്ളയെ, ഓണററി ലെഫറ്ററന്റായും സൈന്യം ബഹുമതി നല്‍കിയിരുന്നു.