എന്‍.സി.പിയിലും കോണ്‍ഗ്രസിലും മാത്രമല്ല, ശിവസേനയിലും ഉള്‍പ്പോര് തുടങ്ങി; വിഷയം മന്ത്രിപദവി; അതൃപ്തി രേഖപ്പെടുത്തിയത് ഈ നേതാക്കള്‍
national news
എന്‍.സി.പിയിലും കോണ്‍ഗ്രസിലും മാത്രമല്ല, ശിവസേനയിലും ഉള്‍പ്പോര് തുടങ്ങി; വിഷയം മന്ത്രിപദവി; അതൃപ്തി രേഖപ്പെടുത്തിയത് ഈ നേതാക്കള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 1st January 2020, 8:12 am

മുംബൈ: മഹാരാഷ്ട്രാ സര്‍ക്കാര്‍ വിപുലീകരണത്തില്‍ കോണ്‍ഗ്രസിനും എന്‍.സി.പിക്കും പിറകെ ശിവസേനയിലും അതൃപ്തി പുകയുന്നു. പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് സേനാ എം.പി ഭാവന ഗവാലിയാണു രംഗത്തെത്തിയത്. സഞ്ജയ് റാത്തോഡിനു മന്ത്രിസ്ഥാനം നല്‍കിയതിലുള്ള രോഷം പ്രകടിപ്പിച്ചായിരുന്നു അവര്‍ ഇന്നലെ മാധ്യമങ്ങളെ കണ്ടത്.

ദിഗ്രസ് എം.എല്‍.എയായ റാത്തോഡിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുകയും അതേസമയം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദര്‍ഭ മേഖലയില്‍ നിന്ന് ഒരു മന്ത്രി പോലും ഉണ്ടാകാതിരിക്കുകയും ചെയ്തതിനെയാണ് ഭാവന ചോദ്യം ചെയ്തത്.

വിദര്‍ഭയില്‍ നിന്ന് സഞ്ജയ് റായ്മുല്‍ക്കറെയും സന്ദീപ് ബജോരിയയെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്നാണ് യവത്മാല്‍-വാഷിം എം.പിയായ ഭാവന ആവശ്യപ്പെട്ടത്. ഇക്കാര്യം ആവശ്യപ്പെട്ട് ശിവസേനാ അധ്യക്ഷനും മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെയ്ക്ക് അവര്‍ കത്തെഴുതിയിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം മൂന്ന് സ്വതന്ത്രരെ-ബച്ചു കഡു, ശങ്കര്‍ റാവു ഗഡക്, രാജേന്ദ്ര യാദ്രവ്കര്‍ എന്നിവരെ ഉള്‍പ്പെടുത്തിയതിലും പാര്‍ട്ടിക്കുള്ളില്‍ പ്രശ്‌നം തുടങ്ങിക്കഴിഞ്ഞു. മൂന്നു സ്വതന്ത്രര്‍ക്ക് സീറ്റ് നല്‍കുകയും മുതിര്‍ന്ന നേതാക്കളായ സഞ്ജയ് റാവത്തിനെപ്പോലുള്ളവരെ ഒഴിവാക്കുകയും ചെയ്തതിനെ ചിലര്‍ ചോദ്യം ചെയ്തുതുടങ്ങിയിട്ടുണ്ട്.

രാംദാസ് കദം, ദിവാകര്‍ റാവത്ത്, രവീന്ദ്ര വൈകര്‍, ദീപക് കേസര്‍കര്‍, താനാജി സാവന്ത് എന്നിവര്‍ മന്ത്രിസഭയിലെത്തുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും ഉണ്ടായില്ല. ഇവരും അതൃപ്തി അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തേ കോണ്‍ഗ്രസ് നേതാക്കളും അതൃപ്തി പ്രകടിപ്പിച്ചതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ പൃഥ്വിരാജ് ചവാനടക്കം മന്ത്രിസ്ഥാനം കിട്ടുമെന്നു പ്രതീക്ഷിച്ചിരുന്നവരെ ഒഴിവാക്കിയതില്‍ പാര്‍ട്ടിയിലും മുന്നണിയിലും ഉള്‍പ്പോര് തുടങ്ങിയതായാണു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇന്നലെ നടന്ന മന്ത്രിസഭാ വിപുലീകരണത്തില്‍ ആദ്യമായി എം.എല്‍.എയായ ശിവസേനാ നേതാവ് ആദിത്യ താക്കറെയും ബി.ജെ.പിക്കൊപ്പം പോവുകയും പിന്നീട് തിരിച്ചുവരികയും ചെയ്ത അജിത് പവാറും അടക്കമുള്ളവരെ മന്ത്രിമാരാക്കിയതിലാണ് അതൃപ്തി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പാര്‍ട്ടിയുടെ വിശ്വസ്തരായ പൃഥ്വിരാജ് ചവാന്‍, നസീം ഖാന്‍, പ്രണീതി ഷിന്‍ഡെ, സംഗ്രം തോപ്തെ, അമിന്‍ പട്ടേല്‍, രോഹിദാസ് പാട്ടീല്‍ എന്നിവര്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ നേരില്‍ക്കണ്ട് അതൃപ്തി അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

മന്ത്രിസഭാ വിപുലീകരണത്തിനു തൊട്ടുപിറകെ എന്‍.സി.പി എം.എല്‍.എ പ്രകാശ് സോളങ്കെ പാര്‍ട്ടിയില്‍ നിന്നു രാജിവെച്ചതു വിവാദമായിരുന്നു. തന്റെ രാജിക്കു മന്ത്രിസ്ഥാനവുമായി ബന്ധമില്ലെന്ന് അദ്ദേഹം പറഞ്ഞെങ്കിലും അതുതന്നെയാണു കാരണമെന്നാണു രാഷ്ട്രീയവൃത്തങ്ങള്‍ പറയുന്നത്.