ഇന്ന് നമ്മളനുഭവിക്കുന്ന എറ്റവും വലിയ പ്രതിസന്ധിയാണ് കാര്‍ഷിക മേഖലയുടെത്. വ്യാസായികവല്‍ക്കരണത്തിന്റെ അതിപ്രസരം മറ്റെല്ലാ മേഖലയെയും പോലെ തന്നെ കൃഷിയെയും തകിടം മറിച്ചുവെന്നു പറയാം. ഇന്ന് വികസനത്തിന്റെ പര്യായമായി ദ്വിതീയ-ത്രിദീയ മേഖലകള്‍ക്ക് അമിത പ്രാധാന്യം ലഭിച്ചിരിക്കുന്നു. ഭക്ഷ്യക്ഷാമം എന്നത് ഇന്ന് ഒരു ചോദ്യചിഹ്നമായി അവശേഷിക്കുമ്പോള്‍ കേരള ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, കേരള കര്‍ഷകന്‍ മാസിക എന്നിവയുടെ സഹകരണത്തോടുകൂടി ഇന്റര്‍നെറ്റ് വായനക്കാര്‍ക്കായി ഡൂള്‍ന്യൂസ്.കോം അതിന്റെ ചരിത്രപരമായ ഇടപെടല്‍ നടത്തുന്നു…
ഗ്രാമസ്മൃതികള്‍ / ഷാനവാസ് പോങ്ങനാട്
കാടുപിടിച്ചുകിടക്കുന്ന ആള്‍പാര്‍പ്പില്ലാത്ത തറവാട്ടിന്റെ മുറ്റം കടന്ന് പടിക്കെട്ടുകള്‍ ഇറങ്ങുമ്പോള്‍ അറിയാതെ കുട്ടിക്കാലത്തെ ഓര്‍ത്തുപോയി. പച്ചയും സ്വര്‍ണ്ണവര്‍ണവും നിറഞ്ഞുകിടന്ന വയലിലേക്കാണ് പടികള്‍ ചെന്നിറങ്ങുക. നെല്‍ച്ചെടികള്‍ വേരുപിടിക്കുമ്പോള്‍ പച്ചപ്പായും നെല്‍ക്കതിരുമായി നില്‍ക്കുമ്പോള്‍ കാഞ്ചനശോഭയാലും വയലുകള്‍ സുന്ദരമായിരിക്കും.[]
കാലം എത്രയോ കടന്നിരിക്കുന്നു. പടികള്‍ പലതും ഇടിഞ്ഞുപൊളിഞ്ഞുപോയിരിക്കുന്നു. ആള്‍വാസമില്ലാത്തതിനാല്‍ കരിയിലകള്‍ പടിക്കെട്ടിനെ മൂടിയിട്ടുമുണ്ട്.
ഇവിടെ ഒരു വയലുണ്ടായിരുന്നെന്ന് നെടുവീര്‍പ്പോടെ ഓര്‍ത്തുപോയി.
ചെളിക്കണ്ടങ്ങളില്‍ നടവുകാലത്ത് ഞാറുകെട്ടുകള്‍ വാരിയെറിഞ്ഞ ഓര്‍മ്മ…മരമടിക്കുമ്പോള്‍ പിന്നാലെ നടന്ന് ചെളിയില്‍ കുളിച്ചുകയറിയ കുട്ടിക്കാലം. കാളപൂട്ടിന്റെ “ഏയ്…ഇടത്തുകാളെ””വലത്തുകാളെ” തുടങ്ങിയ ആ വായ്ത്താരികള്‍ കാതില്‍വന്നലയ്ക്കുന്നതുപോലെ.
ചെളിക്കണ്ടങ്ങളില്‍ നടവുകാലത്ത് ഞാറുകെട്ടുകള്‍ വാരിയെറിഞ്ഞ ഓര്‍മ്മ… മരമടിക്കുമ്പോള്‍ പിന്നാലെ നടന്ന് ചെളിയില്‍ കുളിച്ചുകയറിയ കുട്ടിക്കാലം. കാളപൂട്ടിന്റെ “ഏയ്…ഇടത്തു കാളെ””വലത്തു കാളെ” തുടങ്ങിയ ആ വായ്ത്താരികള്‍ കാതില്‍ വന്നലയ്ക്കുന്നതുപോലെ.
വയല്‍ ഇന്നൊരു ഓര്‍മ്മമാത്രം. തെങ്ങും വട്ടമരങ്ങളും വയലിനെ വിഴുങ്ങിയിരിക്കുന്നു. വാഴയും മരച്ചീനിയും കൃഷിചെയ്ത് വയലിനെ കരഭൂമിയാക്കി മാറ്റി. ഒരു നെടുവീര്‍പ്പോടെ വരമ്പുണ്ടായിരുന്ന വശത്തുകൂടി വെറുതേ നടന്നു. ചെറുതോട് ഒഴുകിയിരുന്നതിന്റെ അടയാളമായി ഒരു ചാല്‍ മാത്രം. വെള്ളമില്ലാത്ത വെറുമൊരു ചാല്‍. മുമ്പ് മീന്‍പിടിച്ചുകളിച്ച അരുതോടിന്റെ ശോഷിച്ച അടയാളം!
അറിയാതെ കുട്ടിക്കാലത്തിന്റെ സുവര്‍ണ്ണ കാലത്തിലേക്ക് മടങ്ങിപ്പോയി. തോട്ടില്‍ വെള്ളവും തോടിന്റെ തലയ്ക്കലെ വാഴവറച്ചിറയും പൂട്ടും നടവുമെല്ലാമുള്ള ആ പഴയ കാലത്തിലേക്ക്.
അന്നൊക്കെ വാഴവറച്ചിറയില്‍ നിറയെ ആമ്പല്‍പൂക്കളായിരുന്നു. വെളുത്ത ആമ്പലുകള്‍ക്കിടയില്‍ താമരയും വിരിഞ്ഞുനിന്നു. പള്ളിക്കൂടത്തിലേക്ക് പോകുന്നത് കുളത്തിലെ ആമ്പലും താമരയുമൊക്കെ നോക്കിയാണ്. ആമ്പല്‍ പറിച്ചുതരുന്ന അപ്പുവും ആനന്ദനും കുട്ടിക്കാല ഓര്‍മ്മകളില്‍ ഇന്നും നിറംപിടിച്ചു നില്‍ക്കുന്നു.
പിന്നീട് വാഴവറച്ചിറയില്‍ ആഫ്രിക്കന്‍പായല്‍ നിറഞ്ഞു. കൗതുകത്തിന് ആഫ്രിക്കന്‍പായല്‍ ആരോ കുളത്തില്‍ ഇട്ടതായിരുന്നു. മാസങ്ങള്‍ കൊണ്ട് കുളം പായല്‍ കൊണ്ട് നിറഞ്ഞു. പിന്നീട് പായല്‍ മാറ്റാന്‍ പലതവണ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും വീണ്ടും അവ വന്നുകൂടുകയായിരുന്നു.
ഉറ്റാല്‍ ഇട്ടും വലവീശിയും കുളത്തില്‍നിന്ന് നിറയെ മീന്‍പിടിക്കുന്നത് ഇന്നും ഓര്‍മ്മയിലുണ്ട്. വലിയ ഉടതലയും കാരിയും ബ്രാലുമെല്ലാം കുളത്തില്‍ നിന്ന് പിടിച്ച് കൊണ്ടുവരുമായിരുന്നു.
പായല്‍ നിറഞ്ഞതോടെ മീന്‍പിടിത്തക്കാര്‍ക്ക് കുളത്തില്‍ ഉറ്റാല്‍ കുത്താന്‍ കഴിയാതെയായി. മീന്‍പിടിക്കാന്‍തന്നെ കുളത്തിലേക്ക് ഇറങ്ങാതായതോടെ പായല്‍മൂടി കുളമെന്ന് പോലും പറയാനാവാത്ത സ്ഥിതിയായി.
കുളത്തിന്റെ നല്ലകാലത്തും ഇവിടെ ആരും കുളിക്കുന്നത് കണ്ടിട്ടില്ല. കന്നുകാലിയെ കുളിപ്പിക്കാന്‍പോലും കടവ് ഇല്ലായിരുന്നു. സത്യത്തില്‍ വാഴവറച്ചിറ കുളിക്കാനുള്ള കുളമായിരുന്നില്ല. ഇടച്ചാണി തോടുവരെ നീണ്ടുകിടന്ന കള്ളിക്കാട് ഏലായിലേക്ക് വെള്ളം എത്തിക്കുന്നതിന് മാത്രമാണ് ഈ കുളം ഉപയോഗിച്ചിരുന്നത്.
ഇത് ഒരു കുളത്തിന്റെ ജീവചരിത്രമാണ്. നാട്ടിന്‍പുറങ്ങളിലെ എത്രയോ കുളങ്ങള്‍ക്ക് സമാനമായ കഥപറയാനുണ്ടാവും.
“ഈസൂള്ള”യുടെ ചായക്കടയില്‍ കാലിച്ചായ മോന്തിയിരിക്കുന്നവര്‍ക്ക് തെളിഞ്ഞുകിടന്ന വാഴവറചിറ കാണാമായിരുന്നു. ഇതൊരു പഴയകാലചിത്രമാണ്. ആഫ്രിക്കന്‍പായല്‍ വരുന്നതിനുമുമ്പുള്ള കാലം. ഇളംപച്ചനിറത്തില്‍ നിറയെ വെള്ളമുള്ള വിസ്തൃതമായ കുളം. ഇടയ്ക്കിടെ മീനുകള്‍ ജലനിരപ്പില്‍ പൊന്തിവരികയും മുങ്ങാംകുഴിയിടുകയും ചെയ്യും. കുളത്തിന്റെ ആ സുവര്‍ണ്ണകാലം മങ്ങിയ ഓര്‍മ്മയായി ഇന്നുമുണ്ട്.
അടുത്ത പേജില്‍ തുടരുന്നു
കുളത്തിന്റെ നല്ലകാലത്തും ഇവിടെ ആരും കുളിക്കുന്നത് കണ്ടിട്ടില്ല. കന്നുകാലിയെ കുളിപ്പിക്കാന്‍പോലും കടവ് ഇല്ലായിരുന്നു. സത്യത്തില്‍ വാഴവറച്ചിറ കുളിക്കാനുള്ള കുളമായിരുന്നില്ല. ഇടച്ചാണി തോടുവരെ നീണ്ടുകിടന്ന കള്ളിക്കാട് ഏലായിലേക്ക് വെള്ളം എത്തിക്കുന്നതിന് മാത്രമാണ് ഈ കുളം ഉപയോഗിച്ചിരുന്നത്.
ഇത് ഒരു കുളത്തിന്റെ ജീവചരിത്രമാണ്. നാട്ടിന്‍പുറങ്ങളിലെ എത്രയോ കുളങ്ങള്‍ക്ക് സമാനമായ കഥപറയാനുണ്ടാവും.
പായല്‍മൂടിക്കിടക്കുമ്പോഴും ഇടച്ചാണിതോടുവരെ നീളുന്ന അരുകുതോടിലൂടെ വെള്ളം ഒഴുകികൊണ്ടിരുന്നു. വയലിന്റെ അരുകിലൂടെയാണ് തോട് ചെറിയ ശബ്ദത്തോടെ ഒഴുകിക്കൊണ്ടിരുന്നത്. ഈ ജലസംഗീതം എത്രയോതവണ കേട്ടിരിക്കുന്നു.
തൊട്ടാവാടിയും കാര്‍ത്തികപ്പൂക്കളും തെറ്റിപ്പൂക്കളും വിടര്‍ന്ന് നില്‍ക്കുന്ന തോട്ടരികിലൂടെയാണ് സ്‌കൂളിലേക്ക് പോകുക. മരച്ചില്ലകള്‍ക്കിടിയിലൂടെ ഊര്‍ന്നുവീഴുന്ന വെയില്‍ തട്ടുമ്പോള്‍ പരല്‍മീനുകളുടെ പള്ളകള്‍ കിടന്ന് തിളങ്ങാന്‍ തുടങ്ങും. വെള്ളിവെളിച്ചം പോലെ അത് കണ്ണിന് എന്ത് കൗതുകമെന്നോ. മാനത്തുകണ്ണികള്‍ ഒഴുക്കിനെതിരെ ചിറകടിച്ച് നില്‍ക്കുമായിരുന്നു.[]
ധനു, മകരമാസങ്ങളില്‍ വയല്‍ സ്വര്‍ണ്ണവര്‍ണമണിയുമ്പോള്‍ നീലപൊന്‍മാനുകള്‍ ചെറുതോട്ടില്‍ നിന്ന് പരല്‍മീനെ റാഞ്ചാനെത്തും. വയലില്‍ നാട്ടിയ കാര്‍ത്തിക വിളക്കിന്റെ കാലുകളിലാണ് പൊന്മാനുകളുടെ ഇരിപ്പ്.
വീടിന്റെ പടിയിറങ്ങിയാല്‍ അരുകുതോടായി. സ്‌കൂളില്‍പോകുമ്പോള്‍ തോട്ടിലെ പരല്‍മീനുകളെ നോക്കി നില്‍ക്കും. വാഴവറ കുളത്തില്‍നിന്നുള്ള വെള്ളമാണ് തോട്ടില്‍കൂടി ഒഴുകുന്നതെന്ന് അന്ന് അറിയില്ലായിരുന്നു.
മഴക്കാലത്ത് സ്‌കൂളിലേക്ക് പോകുമ്പോള്‍ കുളത്തിലെ വിശാലമായ ജലപ്പരപ്പില്‍ മഴ പെയ്യുന്നത് കാണാന്‍ നല്ല രസകരമായി തോന്നിയിരുന്നു. വാഴയിലയും ചൂടി പോകുന്ന നാട്ടുകാരും കുളം നിറഞ്ഞല്ലോ എന്ന് പറയും.
മഴ തുടരുമ്പോള്‍ വീടിന് മുന്നിലെ അരുകുതോട്ടിലൂടെ വെള്ളം കുത്തിപ്പായാന്‍ തുടങ്ങും. കുളം നിറഞ്ഞാല്‍ വെള്ളം ഒഴുകുന്നത് ഈ ചെറുതോട്ടിലൂടെയാണ്. വെള്ളം കുത്തിമറിഞ്ഞുവരുമ്പോള്‍ തോട്ടരുക് മുറിഞ്ഞ് വയലിലേക്ക് ചാടും.
കണ്ടങ്ങളില്‍ വെള്ളം നിറയുന്നതോടെ മടവ പൊട്ടാന്‍ തുടങ്ങും. മടവ വീഴാതിരിക്കാന്‍ മഴക്കാലമാകുമ്പോള്‍ കര്‍ഷകര്‍ കുടയും ചൂടി വയല്‍ വരമ്പിലൂടെ റോന്തുചുറ്റും. തൂമ്പുവീണിട്ടുണ്ടോ എന്നറിയാനാണത്്.
ചെറിയ ഒരു ദ്വാരത്തിലൂടെ വരമ്പിനടിയിലൂടെ വെള്ളം ഒഴുകുന്നത് കണ്ടെത്തി അടച്ചില്ലെങ്കില്‍ അവിടെ മടവ വീഴുമെന്ന് ഉറപ്പാണ്. മടവ വീണാല്‍ നെല്ല് നശിക്കും. പിന്നെ കമ്പുകളും മുടഞ്ഞ ഓലയും കൊണ്ടുവന്ന് അത് അടയ്ക്കണം.
മഴക്കാലമാകുമ്പോള്‍ വലിയ മീനുകളും തോട്ടിലൂടെ വരുമായിരുന്നു. അപ്പുവിനും സംഘത്തിനും മഴക്കാലമായാല്‍ സന്തോഷമാണ്. മഴ നനഞ്ഞുകൊണ്ട് മീന്‍പിടിത്തം നടത്താം. ചുവന്ന പൊക്കാളി ഞണ്ടിനെ പിടിച്ച് ചുട്ടുതിന്നുന്നവനാണ് അപ്പു. സ്‌കൂളില്‍ പോകേണ്ടതില്ല. ഇതൊക്കെ തന്നെയായിരുന്നു അപ്പുവിന്റെ പണി.
മഴക്കാറ് മായുകയും മാനം തെളിയുകയും ചെയ്യുന്നതോടെ തെളിഞ്ഞ വെള്ളം അരുകുതോട്ടിലൂടെ ഒഴുകിക്കൊണ്ടിരിക്കും. വേനല്‍ക്കാലമാകുമ്പോള്‍ ചെറുതോട്ടിലൂടെയുള്ള വെള്ളത്തിന്റെ ഒഴുക്ക് കുറയും. മീനുകളെല്ലാം വെള്ളം കെട്ടിനില്‍ക്കുന്നിടത്ത് അഭയം തേടും.
കൊടിയ വേനലില്‍ നെല്‍ച്ചെടികള്‍ വെള്ളംകിട്ടാതെ വാടിത്തുടങ്ങും. ചില വയലുകള്‍ വെള്ളമില്ലാത്തതിനാല്‍ വിണ്ടുകീറാനും തുടങ്ങും. വെള്ളത്തിന് ക്ഷാമം കണ്ടുതുടങ്ങുന്നതോടെ തോട്ടിലൂടെ വരുന്ന വെള്ളം ആരെങ്കിലും ആദ്യമേ ചെറുത്ത് അവരുടെ വയലുകളില്‍ കയറ്റും. അപ്പോള്‍ താഴേക്ക് വെള്ളമേ വരില്ലായിരുന്നു. ഇതോടെ കര്‍ഷകര്‍ തമ്മില്‍ മുറുമുറുക്കാന്‍ തുടങ്ങും.
അടുത്ത പേജില്‍ തുടരുന്നു
വെള്ളം നില്‍ക്കുന്ന വയലില്‍ നിന്ന് തൂമ്പുകുത്തി വെള്ളം ചോര്‍ത്തല്‍ പരിപാടിയും അന്നുണ്ടായിരുന്നു. അതിനാല്‍ വെള്ളം കെട്ടിനില്‍ക്കുന്ന വയലിന്റെ ഉടമ കണ്ണിലെണ്ണയൊഴിച്ച് കാവല്‍നില്‍ക്കും.
വേനല്‍ കനക്കുന്നതോടെ വയലുകളെല്ലാം വിണ്ടുകീറാന്‍ തുടങ്ങുമ്പോള്‍ എല്ലാവരും സംഘടിക്കാന്‍ തുടങ്ങും. അന്ന് കുളത്തില്‍നിന്ന് വെള്ളം തോട്ടിലെത്തിക്കാന്‍ പമ്പ് സെറ്റൊന്നുമുണ്ടായിരുന്നില്ല. അതാണ് എല്ലാവരെയും വലച്ചിരുന്നത്.[]
ചെറുതോട് തുടങ്ങുന്നിടത്തെ ബണ്ട് മുറിച്ച് താഴ്ത്തിയാല്‍ കുറച്ച് വെള്ളം തോട്ടിലൂടെ വരാന്‍ തുടങ്ങും. കാടുപിടിച്ചുകിടക്കുന്ന ഈ പ്രദേശത്തേക്ക് ആളുകള്‍ അപൂര്‍വ്വമായേ പോകാറുള്ളു. എങ്കിലും വെള്ളം തേവാന്‍വേണ്ടി വെളുക്കുവോളം പെട്രോമാക്‌സ് ലൈറ്റുമായി കര്‍ഷകര്‍ അവിടെ ക്യാമ്പ് ചെയ്യും.
കോണി വെച്ചായിരുന്നു വെള്ളം തേവല്‍. മരക്കഷണത്തില്‍ ഒരുവശം പൊള്ളയാക്കിയശേഷം ഒരറ്റത്ത് കൈപ്പിടിയുണ്ടാക്കിയതാണ് കോണി. മുക്കാലിയില്‍ കെട്ടിയകോണിവെച്ച് വെള്ളം തോട്ടിലേക്ക് തേവും. മാറിമാറി ആളുകള്‍ വെള്ളം തേവിക്കൊണ്ടിരിക്കും.
ഒരു ഗ്രാമത്തിന്റെ കാര്‍ഷിക സമൃദ്ധിയെ തച്ചുടച്ചിട്ടുവേണോ സ്റ്റേഡിയം നിര്‍മിക്കേണ്ടതെന്ന ചെറുശബ്ദങ്ങള്‍ ഉയര്‍ന്നത്രെ. എന്നാല്‍ അധികാരത്തിന്റെ ബലത്തില്‍ കള്ളിക്കാട് ഏലായുടെ നെല്‍കൃഷി അവര്‍ നശിപ്പിച്ചു.
വെള്ളംതേവല്‍ നടക്കുന്ന ദിവസങ്ങളില്‍ വയലില്‍ വെളുക്കുവോളം ആളുകള്‍ ഉണ്ടാവും. പെട്രോമാക്‌സ് ലൈറ്റുമായി അവര്‍ സ്വന്തം കണ്ടങ്ങളില്‍ വെള്ളം ഇറക്കാനുള്ള തിടുക്കത്തിലായിരിക്കും. ഓരോ കണ്ടങ്ങളിലായി വെള്ളം എത്തിച്ചുകൊണ്ടിരിക്കും.
എത്ര തേവിയാലും വറ്റാത്തത്ര വെള്ളം വാഴവറ ചിറയിലുണ്ടായിരുന്നു. വെള്ളം വയലുകളിലെല്ലാം എത്തുമ്പോള്‍ നെല്‍ച്ചെടികള്‍ വീണ്ടും പച്ചപിടിക്കും. വെള്ളം കിട്ടാത്തതിന്റെ ആലസ്യം അതോടെ മായുകയും ചെയ്യും. ഒരു ഏലായെ മുഴുവന്‍ കൃഷിക്ക് സഹായിച്ചിരുന്നതായിരുന്നു വാഴവറച്ചിറ.
കാലം പിന്നെയും കടന്നുപോയി. പഞ്ചായത്തുകള്‍ പ്രാദേശിക സര്‍ക്കാരുകളായി രൂപപ്പെട്ടു തുടങ്ങി. വികസനം ഗ്രാമങ്ങളിലേക്ക് വരാന്‍വേണ്ടി സംസ്ഥാന സര്‍ക്കാരും കിണഞ്ഞു ശ്രമിച്ചുകൊണ്ടിരുന്നു. അതിന്റെ ഭാഗമായിരുന്നു ഓരോ പഞ്ചായത്തിലും സ്റ്റേഡിയവും സാംസ്‌കാരിക നിലയവുമെന്നത്.
സ്റ്റേഡിയം നിര്‍മ്മാണത്തിന് പഞ്ചായത്ത് ഒരു സ്ഥലം കണ്ടെത്തി. അത് വാഴവറച്ചിറ ആയിരുന്നു. തീരുമാനം പഞ്ചായത്ത് നടപ്പാക്കി. ലോറിക്ക് മണ്ണടിച്ച് കുളം നികത്തി.
പിന്നീട് അവിടെ സാംസ്‌കാരിക നിലയം പണിതുയര്‍ത്തി.
ഒരു ഗ്രാമത്തിന്റെ കാര്‍ഷിക സമൃദ്ധിയെ തച്ചുടച്ചിട്ടുവേണോ സ്റ്റേഡിയം നിര്‍മിക്കേണ്ടതെന്ന ചെറുശബ്ദങ്ങള്‍ ഉയര്‍ന്നത്രെ. എന്നാല്‍ അധികാരത്തിന്റെ ബലത്തില്‍ കള്ളിക്കാട് ഏലായുടെ നെല്‍കൃഷി അവര്‍ നശിപ്പിച്ചു.
കാര്‍ഷിക സംസ്‌കൃതിയുടെ ശവകുടീരത്തിന് മുകളില്‍ അങ്ങനെ സാസ്‌കാരിക നിലയം ഉയര്‍ന്നു നില്‍ക്കുന്നു. ഇപ്പോഴിതാ ആ ഏലായുടെ അടയാളങ്ങളും മാഞ്ഞുപോയിരിക്കുന്നു. ചെളിക്കണ്ടവും വരമ്പൊരുക്കലും ഞാറ്റടിയും ഞാറുപറിക്കലും നടവും കൊയ്ത്തുമെല്ലാം ഓര്‍മ്മയിലേക്ക് പോയിരിക്കുന്നു.
അന്നൊക്കെ വയലില്‍ ഇറങ്ങിയാല്‍ വിശാലമായ നീലാകാശം കാണാമായിരുന്നു. ഇന്ന് വയലുമില്ല ആകാശവുമില്ല. മരച്ചില്ലകള്‍ വയലിനെ വിഴുങ്ങിയിരിക്കുന്നു.
തിരിച്ചുവരാത്ത ആ കാര്‍ഷിക സ്മൃതികളെ മനസ്സിലിട്ട് താലോലിക്കാനേ ഇനി കഴിയൂ. വാഴവറച്ചിറ നികത്തിയ ശേഷം അതിലേക്ക് പോകാന്‍ മനസ്സ് വന്നിട്ടില്ല. പലപ്പോഴും നാട്ടിലേക്ക് പോകുമെങ്കിലും അങ്ങോട്ട് പോകാന്‍ ആഗ്രഹം തോന്നാറില്ല.
ആമ്പലും താമരയും വിരിഞ്ഞുനിന്ന പഴയ കുളം മനസ്സിലങ്ങനെ കിടന്നോട്ടെ..വീട്ടിലേക്കുള്ള പടികള്‍ കയറുമ്പോള്‍ മുറ്റമൊരുക്കി കറ്റകള്‍ കൂട്ടിവെച്ച സ്ഥലങ്ങളിലേക്ക് അറിയാതെ നോക്കിനിന്നുപോയി. കൊയ്ത്തുകഴിഞ്ഞ് നെല്ല് കൂടിക്കിടക്കുന്ന മുറ്റം. ഇനി ഒരിക്കലും തിരിച്ചുവരാത്ത അനുഭവമാണത്….
ഫ്രീലാന്‍സ് ജേണലിസ്റ്റാണ് ലേഖകന്‍