'2024 ഓടു കൂടി ജെ.ഡി.യു ബീഹാറിൽ ഇല്ലാതാകും, നിതീഷ് കുമാറിനെ കൊണ്ട് ബി.ജെ.പിക്ക് നേട്ടമുണ്ടാകില്ല': പ്രശാന്ത് കിഷോർ
national new
'2024 ഓടു കൂടി ജെ.ഡി.യു ബീഹാറിൽ ഇല്ലാതാകും, നിതീഷ് കുമാറിനെ കൊണ്ട് ബി.ജെ.പിക്ക് നേട്ടമുണ്ടാകില്ല': പ്രശാന്ത് കിഷോർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 31st January 2024, 12:26 pm

 

പട്ന: ബീഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാറിനെ എൻ.ഡി.എ മുന്നണിയിലേക്ക് തിരിച്ചെടുത്തത് കൊണ്ട് ബി.ജെ.പിക്ക് പ്രത്യേകിച്ച് നേട്ടമുണ്ടാകില്ലെന്ന് രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ.

എന്നാൽ ഇന്ത്യാ പ്രതിപക്ഷ മുന്നണിയുടെ ശിൽപ്പികളിൽ ഒരാളായിരുന്ന നിതീഷ് കുമാറിന്റെ കൂടുമാറ്റം പ്രതിപക്ഷത്തിന്റെ ആത്മ വിശ്വാസത്തെ ബാധിച്ചെന്നും ബി.ജെ.പിക്ക് മാനസികമായ മുൻതുക്കം നൽകിയെന്നും അദ്ദേഹം പറഞ്ഞു.

‘ 2024 ഓടു കൂടി ജെ.ഡി.യു ബീഹാറിൽ ഇല്ലാതാകും. 2025ലെ നിയമസഭാ തെരഞ്ഞെടുപ്പിനു മുൻപ് ബീഹാറിലെ രാഷ്ട്രീയ സമവാക്യങ്ങൾ തന്നെ മാറും. ജെ.ഡി.യു ഇനി ആരുടെ കൂടെ മത്സരിച്ചാലും അവർ തെരഞ്ഞെടുപ്പിൽ 20 ൽ കൂടുതൽ സീറ്റുകൾ നേടാൻ പോകുന്നില്ല.

പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമെന്ന നിലയിൽ വലിയ സംഭാവനകൾ ഒന്നും അദ്ദേഹം നൽകിയിട്ടില്ല. എന്നാൽ പ്രതിപക്ഷ മുന്നണിയിലും ഇന്ത്യാ സഖ്യത്തിലും വിശ്വസിച്ചിരുന്നവർ അദ്ദേഹത്തെ പ്രധാന സഖ്യനേതാവായി കണ്ടിരുന്നു. അദ്ദേഹത്തെ തിരിച്ചെടുത്തതിലൂടെ വലിയ യുദ്ധത്തിൽ ജയിക്കാൻ വേണ്ടി ഒരു ചെറിയ യുദ്ധത്തിൽ തോറ്റുകൊടുക്കുന്ന തന്ത്രമാണ് ബി.ജെ.പി സ്വീകരിച്ചിരിക്കുന്നത്,’ഇന്ത്യ ടുഡേക്ക് നൽകിയ അഭിമുഖത്തിൽ പ്രശാന്ത് കിഷോർ പറഞ്ഞു.

‘ജെ.ഡി.യുമായി സഹകരിക്കുന്നതിലൂടെ തങ്ങൾക്ക് തിരിച്ചടിയുണ്ടാകുമെന്ന് ബി.ജെ.പിക്ക് നന്നായി അറിയാം. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി അതിനു വലിയ വില നൽകേണ്ടി വരും,’അദ്ദേഹം കൂട്ടിച്ചേർത്തു.

2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ നേരിടുന്നതിനു വേണ്ടിയാണ് പ്രതിപക്ഷ രാഷ്ട്രീയപാർട്ടികൾ ചേർന്ന് ഇന്ത്യാ സഖ്യത്തിന് രൂപം കൊടുത്തത്. സഖ്യത്തെ മുന്നിൽ നിന്ന് നയിച്ച വ്യക്തിയായിരുന്നു നിതീഷ് കുമാർ. പല സന്ദർഭങ്ങളിലും പരസ്പരം ആക്ഷേപിച്ചിട്ടും ജെ.ഡി.യു എൻ.ഡി.എയിൽ ചേരുകയായിരുന്നു. അതേസമയം നിതീഷ് കുമാറിന്റെ പുറത്തുപോകൽ ഇന്ത്യാ സഖ്യത്തെ ബാധിക്കില്ല എന്ന് കോൺഗ്രസ് പറഞ്ഞു.

Content Highlight: No tangible gain for the BJP by taking Nitish Kumar but…: Prashant Kishor