Kerala News
മദ്യശാലകള്‍ തുറക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Apr 30, 05:08 am
Thursday, 30th April 2020, 10:38 am

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യശാലകള്‍ തുറക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. ഉത്തരവില്‍ ഉള്ളത് തുറക്കേണ്ടി വന്നാല്‍ സ്വീകരിക്കേണ്ട നടപടികളാണെന്നും മന്ത്രി വ്യക്തമാക്കി.

മെയ് 4 മുതല്‍ സംസ്ഥാനത്തെ മദ്യശാലകള്‍ തുറക്കാന്‍ കേരളം കേന്ദ്രാനുമതി തേടി എന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ശക്തമായ ക്രമീകരണങ്ങളോടെയും നിയന്ത്രണങ്ങളോടെയും സംസ്ഥാനത്തെ ഹോട്ട് സ്‌പോട്ട് അല്ലാത്ത ജില്ലകളില്‍ മെയ് 4 മുതല്‍ മദ്യശാലകള്‍ തുറക്കാന്‍ കേരളം അനുമതി തേടിയെന്നായിരുന്നു റിപ്പോര്‍ട്ട്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന സര്‍ക്കാരിന് ബെവ്‌കോ ഔട്ട്‌ലറ്റുകള്‍ തുറക്കുന്നത് ആശ്വാസമാകുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു.

കേന്ദ്രാനുമതി ലഭിച്ചാല്‍ മാത്രമേ സംസ്ഥാനത്തെ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ തുറക്കാന്‍ സാധിക്കൂ. ഇത്തരത്തില്‍ അനുമതി ലഭിക്കുകയാണെങ്കില്‍ ഔട്ട്‌ലെറ്റുകള്‍ തുറക്കാന്‍ എല്ലാ സജ്ജീകരണങ്ങളും നടത്താന്‍ ബെവ്‌കോ എം.ഡി ഷാര്‍ജില്‍ കുമാര്‍ ഉത്തരവ് പുറത്തിറക്കിയിരുന്നു.

കര്‍ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ മദ്യശാലകള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. മഹാരാഷ്ട്രയിലെ മദ്യശാലകളും ബാറുകളും ഉടനെ തന്നെ തുറക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് എം.എന്‍.എസും ആവശ്യപ്പെട്ടിരുന്നു.

ധനനഷ്ടത്തെ മറികടക്കുന്നതിന് വേണ്ടി ധാര്‍മ്മിക പ്രശ്നങ്ങളെ മാറ്റിവെക്കണമെന്നായിരുന്നു എം.എന്‍.എസ് അദ്ധ്യക്ഷന്‍ രാജ് താക്കറേ ആവശ്യപ്പെട്ടത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

WATCH THIS VIDEO: