Kerala News
പുലമ്പിയിട്ട് കാര്യമില്ല, കിട്ടുന്ന ഫണ്ട് ഉപയോഗിക്കണം; ജോർജ് കുര്യന് പിന്നാലെ കേരളത്തെ പരിഹസിച്ച് സുരേഷ്‌ഗോപി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 02, 07:46 am
Sunday, 2nd February 2025, 1:16 pm

തിരുവനന്തപുരം: ജോർജ് കുര്യന് പിന്നാലെ കേരളത്തെ പരിഹസിച്ച് കേന്ദ്ര സഹ മന്ത്രിയും ബി.ജെ.പി നേതാവുമായ സുരേഷ്‌ഗോപി. കേരളം എന്ത് വേണമെന്ന് പുലമ്പിയിട്ട് കാര്യമില്ലെന്നും കിട്ടുന്ന ഫണ്ട് ഉപയോഗിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ദൽഹി മയൂർ വിഹാറിലെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സാംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

ജോൺ ബ്രിട്ടാസ് എം.പി ജനങ്ങളെ പറ്റിക്കാൻ നോക്കുകയാണെന്നും സുരേഷ് ഗോപി ആരോപിച്ചു. ‘ബജറ്റ് പൂർണമായും തൃപ്തികരമാണ്. പോരായ്മകൾ ഉണ്ടെങ്കിൽ അതിൻ്റെ വലിയ തിരുത്തൽ ബജറ്റിൽ ഉണ്ടായി. താഴേത്തട്ടിനെ മാത്രമല്ല ബജറ്റിൽ പരിഗണിക്കേണ്ടത്. ബജറ്റ് എല്ലാവർക്കും അവകാശപ്പെട്ടതാണ്. മധ്യവർഗ്ഗത്തിന് ഒരു കാലത്തും പരിഗണന ലഭിക്കാറില്ല എന്ന് പറയപ്പെടുന്നു. എന്നാൽ നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് ജനങ്ങൾക്ക് വേണ്ടിയുള്ളതായിരുന്നു. ജോൺ ബ്രിട്ടാസ് രാജ്യസഭയെ തെറ്റിദ്ധരിപ്പിക്കുകയാണ്,’ സുരേഷ് ഗോപി പറഞ്ഞു.

കൂടാതെ ഗോത്രകാര്യ വകുപ്പ് ഉന്നത കുലജാതരാണ് കൈകാര്യം ചെയ്യേണ്ടതെന്നും എങ്കിലേ ആ വിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്ക് പുരോഗതിയുണ്ടാകൂ തുടങ്ങിയ വംശീയ പരാമര്‍ശവും സുരേഷ് ഗോപി നടത്തി. തനിക്ക് ആ വകുപ്പ് കൈകാര്യം ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നെന്നും താന്‍ ഇക്കാര്യം പ്രധാനമന്ത്രിയുമായി സംസാരിച്ചിരുന്നെന്നും സുരേഷ് ഗോപി പറഞ്ഞു.

2016ല്‍ താന്‍ എം.പിയായിരുന്നപ്പോള്‍ മുതല്‍ പ്രധാനമന്ത്രിയോട് ഇക്കാര്യം പറയാറുണ്ടായിരുന്നെന്നും സുരേഷ് ഗോപി പറയുന്നുണ്ട്. സിവില്‍ ഏവിയേഷന്‍ വകുപ്പ് തനിക്ക് വേണ്ടെന്നും തന്നെ ട്രൈബൽ വകുപ്പിന്റെ ചുമതല ഏല്‍പ്പിക്കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം പറഞ്ഞു.

Content Highlight: No need to complain, the funds should be used; After George Kurien, Suresh Gopi ridiculed Kerala