ഭീകരരെ നേരിടാന്‍ ശ്രീലങ്കയ്ക്ക് ഇന്ത്യയുടെ കമാന്‍ഡോകളെ വേണ്ട; ശ്രീലങ്കന്‍ സൈന്യം പ്രാപ്തിയുള്ളവരെന്ന് മുന്‍ പ്രസിഡന്റ് മഹീന്ദ രാജപക്‌സെ
കൊളംബോ: ഭീകരവാദികളെ നേരിടാന്‍ ശ്രീലങ്കയ്ക്ക് ഇന്ത്യയുടെ എന്‍.എസ്.ജി കമാന്‍ഡോകള്‍ വേണ്ടെന്നും അവരെ ശ്രീലങ്ക തന്നെ നേരിടുമെന്നും ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് മഹീന്ദ രാജപക്‌സെ. വാഗ്ദാനത്തിന് ഇന്ത്യയോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘വിദേശ പട്ടാളക്കാരുടെ സേവനം ഞങ്ങള്‍ക്ക് ആവശ്യമില്ല. ഞങ്ങളുടെ സൈന്യം പ്രാപ്തിയുള്ളവരാണ്. ഞങ്ങള്‍ അവര്‍ക്ക് അധികാരവും സ്വാതന്ത്ര്യവും കൊടുത്താല്‍ മാത്രം മതി.’- അദ്ദേഹം ന്യൂസ് 18-ന് കൊടുത്ത അഭിമുഖത്തില്‍ പറഞ്ഞു.
ശ്രീലങ്ക ആവശ്യപ്പെട്ടാല്‍ എന്‍.എസ്.ജി കമാന്‍ഡോകളെ അയക്കാന്‍ ഇന്ത്യ തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ നേരത്തേ വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് രാജപക്‌സെയുടെ പ്രതികരണം.
ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണത്തിന് പ്രസിഡന്റ് മൈത്രിപാല സിരിസേനയും പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുമാണ് ഉത്തരവാദികളെന്ന് അദ്ദേഹം ആരോപിച്ചു. ഇരുവരും രാഷ്ട്രീയം കളിക്കുന്നതിന്റെ തിരക്കിലായപ്പോള്‍ വില കൊടുക്കേണ്ടിവന്നത് രാജ്യസുരക്ഷയാണ്. രാജ്യത്ത് ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. പക്ഷേ ചിലര്‍ക്ക് ആശങ്ക വോട്ടിലും വോട്ട് ബാങ്കുകളിലും മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ മൂന്ന് കത്തോലിക്കാ പള്ളികളിലും മൂന്ന് ആഡംബര ഹോട്ടലുകളിലുമായി നടന്ന സ്‌ഫോടനപരമ്പരയില്‍ 253 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഭീകരസംഘടനയായ ഐ.എസ് ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. എന്നാല്‍ നാഷണല്‍ തൗഹീദ് ജമാഅത്ത് (എന്‍.ടി.ജെ) എന്ന സംഘടനയാണ് ഇതിനുത്തരവാദികള്‍ എന്ന നിലപാടാണ് ശ്രീലങ്കന്‍ അധികൃതര്‍ സ്വീകരിച്ചിരിക്കുന്നത്.