FB Notification
പ്രേമചന്ദ്രന്‍ യുവതികളെ തടയട്ടെ; പ്രേമചന്ദ്രനെ സുപ്രീംകോടതി തടഞ്ഞോളും
കൊല്ലം എം പി പ്രേമചന്ദ്രന്‍ നയിച്ചുണ്ടാക്കുന്ന ആര്‍ എസ് പി എന്ന കക്ഷിക്ക് എന്താണ് കുറവ്, വിപ്ലവമുണ്ടോ ഉണ്ട്, സോഷ്യലിസ്റ്റ് ആണോ ആണ്, Revolutionary Socialist Party -യാണ്. പക്ഷെ യുവതികള്‍ ശബരിമല കയറുന്ന കാര്യത്തില്‍ ദൈവത്തിനൊപ്പമാണ്. ആചാരത്തിനൊപ്പമാണ്, ആര്‍ത്തവകാലത്ത് പെണ്ണുങ്ങളുടെ കാലിന്നിടയില്‍ കാന്തികമണ്ഡലമുണ്ട്, മണ്ഡലപൂജയും മകരവിളക്കുമുണ്ട് എന്ന ആര്‍ഷ ഭാരത സനാതന ശാസ്ത്രത്തോടൊപ്പമാണ്.
ഇക്കാര്യത്തില്‍ വിപ്ലവപക്ഷത്തുനിന്നും കേരളത്തില്‍ നിന്നുള്ള ഒരേയൊരു വെല്ലുവിളി ശബരിമലക്കാര്യം വിശ്വാസികള്‍ തീരുമാനിക്കട്ടെ, സര്‍ക്കാരിനെന്തു കാര്യം എന്ന് ചോദിച്ച വിപ്ലവത്തിന്റെ മറ്റൊരു മുന്നണിപ്പോരാളി ആര്‍.എം.പിയാണ്. അവരും Revolutionary ആണ്. അതും പോരാഞ്ഞു Marxist കളും. പ്രേമചന്ദ്രന്‍ ലോക്‌സഭാ സമ്മേളനത്തിന്റെ ആദ്യനാളുകളില്‍ത്തന്നെ, ശബരിമലയിലെ 10-നും 50-നും പ്രായമുള്ള സ്ത്രീകളുടെ പ്രവേശനനിരോധനം എടുത്തുകളഞ്ഞ സുപ്രീം കോടതി വിധി മറികടക്കാന്‍ സ്വകാര്യബില്‍ കൊണ്ടുവന്നത് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ബി.ജെ.പിയെ മറികടന്നുള്ള ഹിന്ദുത്വ പ്രീണനത്തിനാണ്.
ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തില്‍ സ്ത്രീകളുടെ അവകാശ രാഷ്ട്രീയത്തിനായുള്ള എല്ലാ ചരിത്രപോരാട്ടങ്ങളെയും വഞ്ചിച്ചുകൊണ്ട് ഇത്തരത്തിലൊരു നിലപാടെടുക്കുന്ന പ്രേമചന്ദ്രനൊപ്പം അയാളുടെ സ്വകാര്യബില്ലിനെ അനുകൂലിക്കാന്‍ കോണ്‍ഗ്രസ് സര്‍വാത്മനാ സന്നദ്ധരാണ്.
ഹിന്ദുത്വ, സവര്‍ണ ബ്രാഹ്മണ്യ രാഷ്ട്രീയത്തിന്റെ മുദ്രാവാക്യങ്ങള്‍ കേരളത്തില്‍ നിന്നുള്ള ഒരു ആര്‍.എസ്.പി എം.പി അവതരിപ്പിക്കുന്നതിനേക്കാള്‍ അശ്ലീലമായി മറ്റെന്തുണ്ട്, അത് പ്രേമചന്ദ്രനാണെങ്കില്‍ പോലും. തീര്‍ച്ചയായും ഇക്കാര്യത്തില്‍ യു.ഡി.എഫ് വഞ്ചന കാണിച്ചു എന്ന് പറയാനാകില്ല. ഈ രാഷ്ട്രീയം തന്നെ പറഞ്ഞാണ് അവര്‍ വോട്ടു ചോദിച്ചത്. എന്നാല്‍ ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവും സ്ത്രീവിരുദ്ധവുമായ ഈ നീക്കത്തെ സുഗമമായി മുന്നോട്ടുകൊണ്ടുപോകാന്‍ ജനാധിപത്യ മതേതര രാഷ്ട്രീയ സമൂഹം അനുവദിക്കരുത്.
ഭരണഘടന ഉറപ്പു നല്‍കുന്ന ഇന്ത്യയുടെ മതേതര സ്വഭാവത്തെ ക്രമമായി, ഘടനാപരമായി കശാപ്പുചെയ്യാനുള്ള സംഘപരിവാര്‍ നീക്കത്തിനുള്ള ഏറ്റവും വലിയ സംഭാവനയാണ് പ്രേമചന്ദ്രന്റെ സ്വകാര്യ ബില്‍. പാര്‍ലമെന്റിലെ ഭൂരിപക്ഷം ഉപയോഗിച്ചുകൊണ്ട് ഇന്ത്യയുടെ മതേതര ഭരണഘടന സ്വഭാവത്തെ തിരുത്താമെന്നതിന് സംഘപരിവാറും മോദി സര്‍ക്കാരും ചൂണ്ടിക്കാണിക്കാന്‍ പോകുന്നത്, ഹിന്ദു ആചാരസംരക്ഷണത്തിനായി, സുപ്രീം കോടതി വിധിയെ മറികടക്കാന്‍ വിപ്ലവ സോഷ്യലിസ്റ്റ് കക്ഷി അംഗം കൊണ്ടുവന്ന ഈ സ്വകാര്യ ബില്ലാകും.
ഈ വഴിക്കു എന്തും വരാം. അത് ഗോഹത്യക്ക് ജീവപര്യന്തവും, രാമജന്മഭൂമിയിലെ ക്ഷേത്രവും ഒക്കെയാകാം. ഹിന്ദുത്വ വോട്ടുകള്‍ നേടാന്‍ ബി.ജെ.പിയെ മറികടക്കുന്നതിന് രാമജന്മ ഭൂമി ശിലാന്യാസം അനുവദിച്ച കോണ്‍ഗ്രസിന്റെ മഹാകുതന്ത്രം ഈ രാജ്യത്തെ എത്തിച്ച ഭയാനകമായ വിപത്തുകള്‍ ഇന്നിപ്പോള്‍ ഇന്ത്യയുടെ സ്വാഭാവികതയാവുകയാണ്.
ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങള്‍ക്കും പൗരന്റെ മൗലികാവകാശങ്ങള്‍ക്കും എതിരാണ് ശബരിമലയില്‍ 10-നും 50-നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കേര്‍പ്പെടുത്തിയ വിലക്ക് എന്നതുകൊണ്ടാണ് സുപ്രീം കോടതി അത് നീക്കം ചെയ്തത്. മതവിശ്വാസത്തിന്റെ മൂല്യബോധമല്ല മറിച്ച് ജനാധിപത്യ മതേതര ഭരണഘടനയുടെ മൂല്യബോധമാണ് പൗരാവകാശങ്ങളുടെ മാനദണ്ഡമെന്നാണ് കോടതി പറഞ്ഞത്. യാഥാസ്ഥിതിക മതമൂല്യബോധങ്ങളുടെ അടിസ്ഥാനത്തിലല്ല ഒരു ആധുനിക ജനാധിപത്യ രാഷ്ട്രം മുന്നോട്ടുപോകേണ്ടത്.
ഇനി ഇത്തരത്തിലൊരു സ്ത്രീവിരുദ്ധ നിയമം കൊണ്ടുവന്നാലും ഭരണഘടനയുടെ basic structureനെ പാര്‍ലമെന്റിനു നിയമനിര്‍മ്മാണത്തിലൂടെ മറികടക്കാനാകില്ല എന്ന doctrine വെച്ചുകൊണ്ട് സുപ്രീം കോടതി അസാധുവാക്കും എന്നുതന്നെയാണ് കരുതേണ്ടത്.
പുനഃപരിശോധനാ ഹര്‍ജികളില്‍ വാദം കേട്ട് വിധി പറയാനായി കോടതി മാറ്റിവെച്ച ശബരിമല കേസില്‍ പാര്‍ലമെന്റ് നിയമനിര്‍മ്മാണം നടത്തുന്നത് ഭരണഘടന അനുസരിച്ചുള്ള അധികാരപരിധികളുടെയും check and balance സംവിധാനത്തിന്റെയും നഗ്‌നമായ ലംഘനം കൂടിയാകും. ഭരണഘടനയേയും കോടതിയെയുമെല്ലാം നോക്കുകുത്തിയാക്കുന്ന മോദി സര്‍ക്കാരിന് ഇത്തരത്തിലൊരു കീഴ്വഴക്കം ഉണ്ടാക്കുക വഴി നല്‍കാന്‍ പോകുന്ന രാഷ്ട്രീയനേട്ടത്തെക്കുറിച്ച് അജ്ഞനാകില്ല വിപ്ലവ പ്രേമചന്ദ്രനും അയാളെ മുന്നില്‍ നിര്‍ത്തി ഈ നാടകം കളിക്കുന്ന കോണ്‍ഗ്രസും.
എന്നാല്‍ കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടു, അതുവരെ ഈ മതവര്‍ഗീയ വിഷം സമൂഹത്തിലേക്ക് പരമാവധി കുത്തിയിറക്കാനുള്ള നികൃഷ്ടമായ ശ്രമമാണ് അവരിപ്പോള്‍ നടത്തുന്നത്. ഇതാണുപോലും മഹത്തായ പാര്‍ലമെന്ററി പ്രവര്‍ത്തനം. പ്രേമചന്ദ്രന്റെ പാര്‍ലമെന്റ്ററി പ്രവര്‍ത്തനത്തിന്റെ ചാരുതയും ശില്പഭംഗിയും പാടാന്‍ സംഘപരിവാര്‍ പ്രേമികള്‍ മുതല്‍ ഇസ്ലാമിക രാഷ്ട്രീയക്കാര്‍ വരെ ഒന്നായി അണിനിരക്കുന്നതിന്റെ രഹസ്യങ്ങളിലൊന്ന് അവസരവാദ നേട്ടങ്ങള്‍ക്കായി ഏതറ്റം വരെപോകാനും എന്ത് നെറികേട് കാണിക്കാനും മടിയില്ലാത്ത ഒരു രാഷ്ട്രീയക്കാരനാണ് അയാള്‍ എന്ന ആഹ്‌ളാദകരമായ അവരുടെ തിരിച്ചറിവിലാണ്.
ഇന്ത്യയുടെ മതേതര സ്വഭാവത്തെ ഇല്ലാതാക്കി, ഹിന്ദുത്വ രാഷ്ട്രീയത്തെ ഒരു സമഗ്രാധിപത്യ സാമൂഹ്യ സംവിധാനമാക്കി മാറ്റുന്നതിലേക്കു സംഘപരിവാര്‍ ഭീമാകാരമായ രൂപത്തില്‍ മുന്നേറുകയും, മതേതര രാഷ്ട്രീയം അതിന്റെ ഏറ്റവും ദുര്‍ബലമായ ചരിത്രപ്രതിസന്ധികള്‍ നേരിടുകയും ചെയ്യുമ്പോള്‍, തങ്ങളുടെ വര്‍ഗീയ രാഷ്ട്രീയത്തിന് നേരെ അല്പമമെങ്കിലും ചെറുത്തുനില്‍പ്പ് ബാക്കിയാക്കിയ കേരളമെന്ന ഒരു പ്രദേശത്തിന്റെ ജനാധിപത്യ, മതേതര രാഷ്ട്രീയബോധത്തെ തകര്‍ക്കാന്‍ സംഘപരിവാര്‍ അസ്സൂത്രിതമായി നടത്തിയ ഒരു കലാപത്തിന്റെ മുദ്രാവാക്യത്തെ ഈ പാര്‍ലമെന്റിന്റെ ആദ്യസമ്മേളനത്തിലെ ആദ്യദിവസങ്ങളില്‍ ഏറ്റവും നിര്‍ണായക പ്രശ്‌നമായി അവതരിപ്പിച്ചുകൊണ്ട് ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന് വിടുപണി ചെയ്ത പ്രേമചന്ദ്രനും കോണ്‍ഗ്രസ് നേതൃത്വവും ചരിത്രത്തില്‍ തങ്ങളുടെ വഞ്ചകസ്ഥാനം ഉറപ്പിച്ചിരിക്കുന്നു.
ബി.ജെ.പിയുടെ പിന്തുണയോടെ അംഗീകരിച്ചെടുപ്പിക്കാനായി അവതരിപ്പിച്ച ഈ ബില്ലിലൂടെ കേരളത്തിന് നേര്‍ക്കുള്ള കേന്ദ്രത്തിന്റെ ആക്രമണങ്ങള്‍ക്ക് പുതിയ യുദ്ധമുഖം തുറക്കുകയാണ്. ശബരിമല ദക്ഷിണേന്ത്യയുടെ രാമജന്മഭൂമിയാണ് എന്ന സംഘപരിവാര്‍ മുദ്രാവാക്യത്തിനാണ് ഇതോടെ സാധുത നല്‍കുന്നത്. ഒരു സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ക്ക് മേല്‍ കേന്ദ്ര സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തുന്നത് സംസ്ഥാനങ്ങളെ ദുര്‍ബലമാക്കിക്കൊണ്ട് കേന്ദ്രത്തിന്റെ സര്‍വാധിപത്യം നടപ്പാക്കാനുള്ള മോദി സര്‍ക്കാരിന്റെ അജണ്ടയെ തെല്ലൊന്നുമല്ല സഹായിക്കുക.
ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വിഷം മാത്രം തുപ്പിയ ഒരു തെരഞ്ഞെടുപ്പ് പ്രചാരണത്തിലൂടെ, പ്രഗ്യാസിങ് താക്കൂറിനെ പോലുള്ള ഹിന്ദുത്വ ഭീകരവാദികളെ ഇന്ത്യന്‍ പാര്‌ലമെന്റിലെത്തിച്ച, ബി.ജെ.പിയോട് പ്രേമചന്ദ്രനും അയാളെ മുന്നില്‍ നിര്‍ത്തിയ കോണ്‍ഗ്രസിനും ഈ പാര്‍ലമെന്റിന്റെ ആദ്യസമ്മേളനത്തില്‍ പറയാനുള്ളത് നമുക്കും നിങ്ങള്‍ക്കും അഭിപ്രായവ്യത്യാസമില്ലാതെ ഒന്നിച്ചുനില്‍ക്കാം എന്നാണ്. ആദ്യം ഹിന്ദുമതാചാരങ്ങള്‍ സംരക്ഷിക്കാം എന്നിട്ടാകാം ബാക്കി കാര്യങ്ങള്‍ എന്നാണ്. ഈ അധമന്മാരാണ് മതേതര സര്‍ക്കാരുണ്ടാക്കാന്‍ ഡല്‍ഹിക്ക് വോട്ടു ചോദിച്ചു പോയതെന്നോര്‍ക്കുമ്പോള്‍ ഉണ്ടാകേണ്ട പുളകം ചെറുതല്ല.
ബിഹാറില്‍ 113 കുട്ടികളാണ് മസ്തിഷ്‌കജ്വരം പിടിപെട്ട് ഈയടുത്ത ദിവസങ്ങളിലായി മരിച്ചത്. മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച കണക്കുകളെല്ലാം തിരിമറി നടത്തിയാണ് അവതരിപ്പിച്ചത് എന്ന് വെളിപ്പെട്ടിരിക്കുന്നു, മതേതര രാഷ്ട്രീയം ഹിന്ദുത്വ രാഷ്ട്രീയത്തെ ചെറുക്കാന്‍ പുതിയ രാഷ്ട്രീയതന്ത്രങ്ങളും പോരാട്ടങ്ങളും ആവിഷ്‌ക്കേണ്ടിയിരിക്കുന്നു. പക്ഷെ അതൊന്നുമല്ല പ്രശ്‌നം, പ്രേമചന്ദ്രന്‍ യുവതികളെ തടയട്ടെ, ആചാരം കാക്കട്ടെ. അയാള്‍ക്കാകട്ടെ ഇന്ത്യന്‍ ജനാധിപത്യത്തിലെ ഏറ്റവും മികച്ച പാര്‍ലമെന്ററി പ്രവര്‍ത്തനത്തിനുള്ള പുരസ്‌കാരം.