അവസരം തന്നാല്‍ മുതലാക്കിക്കൊള്ളണം, അല്ലെങ്കില്‍ അവന്‍ കേറി പണിയും; ആര്‍.സി.ബിയുടെ വിധി നിശ്ചയിക്കാന്‍ പോന്ന പിഴവുകള്‍
IPL
അവസരം തന്നാല്‍ മുതലാക്കിക്കൊള്ളണം, അല്ലെങ്കില്‍ അവന്‍ കേറി പണിയും; ആര്‍.സി.ബിയുടെ വിധി നിശ്ചയിക്കാന്‍ പോന്ന പിഴവുകള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 26th April 2023, 10:12 pm

ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു സ്വന്തം തട്ടകത്തില്‍ വെച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടുകയാണ്. ഈ സീസണിലെ ആദ്യ റിവെഞ്ച് മാച്ചില്‍ ഈഡന്‍ ഗാര്‍ഡന്‍സിലെ തോല്‍വിക്ക് മറുപടി നല്‍കാനാണ് ആര്‍.സി.ബി ഒരുങ്ങുന്നത്.

മത്സരത്തില്‍ ടോസ് നഷ്ടമായ കെ.കെ.ആര്‍ ബാറ്റിങ്ങിനിറങ്ങുകയായിരുന്നു. നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സാണ് നൈറ്റ് റൈഡേഴ്‌സ് നേടിയത്.

ഓപ്പണര്‍മാരായ ജേസണ്‍ റോയ്‌യും നാരായണ്‍ ജഗദീശനും മികച്ച തുടക്കമാണ് കൊല്‍ക്കത്തക്ക് നല്‍കിയത്. 81 റണ്‍സാണ് ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.

29 പന്തില്‍ നിന്നും 27 റണ്‍സ് നേടിയ നാരായണ്‍ ജഗദീശന്റെ വിക്കറ്റ് നേടി വൈശാഖ് വിജയ് കുമാറാണ് കൂട്ടുകെട്ട് പൊളിച്ചത്. അതേ ഓവറില്‍ തന്നെ അര്‍ധ സെഞ്ച്വറി തികച്ച റോയ്‌യെയും വൈശാഖ് മടക്കിയിരുന്നു. ടീം സ്‌കോര്‍ 88ല്‍ നില്‍ക്കവെ വൈശാഖ് വിജയ് കുമാറിന്റെ പന്തില്‍ താരം ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു. 29 പന്തില്‍ നിന്നും അഞ്ച് സിക്‌സറും നാല് ബൗണ്ടറിയുമടക്കം 56 റണ്‍സാണ് താരം സ്വന്തമാക്കിയത്.

മൂന്നാമനായി കളത്തിലിറങ്ങിയ വെങ്കടേഷ് അയ്യരും നാലാമനായെത്തിയ ക്യാപ്റ്റന്‍ നിതീഷ് റാണയും ചേര്‍ന്ന് മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി.

വെങ്കടേഷ് അയ്യര്‍ 26 പന്തില്‍ നിന്നും 31 റണ്‍സ് നേടിയപ്പോള്‍ 21 പന്തില്‍ നിന്നും 48 റണ്‍സാണ് റാണ നേടിയത്. നാല് സിക്‌സറും മൂന്ന് ബൗണ്ടറിയുമാണ് താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്. 228.57 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം റണ്‍സ് നേടിയത്.

എന്നാല്‍ മത്സരത്തില്‍ നിതീഷ് റാണയെ പുറത്താക്കാന്‍ ബെംഗളൂരുവിന് രണ്ട് തവണ അവസരം ലഭിച്ചിരുന്നു. എന്നാല്‍ രണ്ട് തവണയും ലൈഫ് ലഭിച്ച റാണ വീണുകിട്ടിയ ജീവന്‍ കൃത്യമായി തന്നെ മുതലാക്കുകയായിരുന്നു.

വ്യക്തിഗത സ്‌കോര്‍ അഞ്ചില്‍ നില്‍ക്കവെയാണ് താരത്തിന് ആദ്യം ജീവന്‍ ലഭിച്ചത്. മുഹമ്മദ് സിറാജാണ് ക്യാച്ച് നഷ്ടപ്പെടുത്തിയത്. സമാനമായി താരം 15ല്‍ നില്‍ക്കവെ ഹര്‍ഷല്‍ പട്ടേലും നിതീഷ് റാണയെ താഴെയിട്ടു.

ഇതിന് പിന്നാലെ ഇന്നിങ്‌സിലെ ഏറ്റവും മികച്ച രണ്ടാം സ്‌കോര്‍ നേടിയാണ് താരം മടങ്ങിയത്.

അതേസമയം, 201 റണ്‍സ് ടാര്‍ഗെറ്റുമായി കളത്തിലിറങ്ങിയ ആര്‍.സി.ബിക്ക് മൂന്നാം വിക്കറ്റും നഷ്ടമായിരിക്കുകയാണ്. അഞ്ച് റണ്‍സ് നേടിയ ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ വിക്കറ്റാണ് ബെംഗളൂരുവിന് അവസാനമായി നഷ്ടമായത്.

ആദ്യ രണ്ട് ഓവറില്‍ 30 റണ്‍സ് നേടിയ ആര്‍.സി.ബി എന്റര്‍ടെയ്ന്‍മെന്റിന് തുടക്കമിട്ടിരുന്നു. എന്നാല്‍ മൂന്നാം ഓവറില്‍ യുവതാരം സുയാഷ് ശര്‍മ മത്സരം കൊല്‍ക്കത്തക്ക് അനുകൂലമായി തിരിക്കുകയായിരുന്നു.

ഓവറിലെ രണ്ടാം പന്തില്‍ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസിന്റെ വിക്കറ്റാണ് ടീമിന് ആദ്യം നഷ്ടമായിത്. ഏഴ് പന്തില്‍ നിന്നും 17 റണ്‍സ് നേടി നില്‍ക്കവെ റിങ്കു സിങ്ങിന് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്.

വണ്‍ ഡൗണായിറങ്ങിയ ഷഹബാസ് അഹമ്മദിന്റെ വിക്കറ്റും ടീമിന് വളരെ പെട്ടെന്ന് നഷ്ടമായിരുന്നു. സുയാഷിന്റെ പന്തില്‍ വിക്കറ്റിന് മുമ്പില്‍ കുടങ്ങിയാണ് താരം മടങ്ങിയത്.

ടീം സ്‌കോര്‍ 58ല്‍ നില്‍ക്കവെയാണ് വരുണ്‍ ചക്രവര്‍ത്തിയുടെ പന്തില്‍ ഡേവിഡ് വീസെക്ക് ക്യാച്ച് നല്‍കിയാണ് മാക്‌സി മടങ്ങിയത്.

നിലവില്‍ ഏഴ് ഓവര്‍ പിന്നിടുമ്പോള്‍ 64 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലാണ് ആര്‍.സി.ബി. 23 പന്തില്‍ നിന്നും 38 റണ്‍സ് നേടിയ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും മൂന്ന് പന്തില്‍ ഒരു റണ്‍സുമായി മഹിപാല്‍ ലാംറോറുമാണ് ക്രീസില്‍.

 

Content highlight: Nitish Rana dropped twice by RCB fielders \