പട്‌ന: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ മുന്‍മുഖ്യമന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ റബ്രി ദേവി രംഗത്ത്.
നിതീഷ് കുമാറിന്റെ തീരുമാനങ്ങള്‍ ഇനി സ്വന്തം സര്‍ക്കാറിനകത്ത് പോലും നടപ്പാകില്ലെന്ന് റബ്രി ദേവി പറഞ്ഞു. മുഖ്യമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് നിതീഷ് കുമാര്‍ ശ്രദ്ധിക്കണമായിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്‍.ഡി.എ സഖ്യത്തില്‍ നിതീഷ് കുമാര്‍ ഒറ്റപ്പെടുമെന്നും റബ്രി പറഞ്ഞു.
നിതീഷ് കുമാറിനോട് വിശ്വസ്തത പുലര്‍ത്തുന്നവരെല്ലാം വരും ദിവസങ്ങളില്‍ മാറ്റിനിര്‍ത്തപ്പെടാന്‍ സാധ്യതയുണ്ടെന്നും റബ്രി പറഞ്ഞു.
ബീഹാര്‍ മുഖ്യമന്ത്രി ആകാന്‍ തനിക്ക് ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ലെന്ന് നിതീഷ് കുമാര്‍ വെളിപ്പെടുത്തിയിരുന്നു. സമ്മര്‍ദ്ദത്തിന്റെ പുറത്താണ് മുഖ്യമന്ത്രി പദവി ഏറ്റെടുത്തതെന്നും നിതീഷ് പറഞ്ഞിരുന്നു.
” എനിക്ക് മുഖ്യമന്ത്രി ആകണമെന്ന് ആഗ്രഹമുണ്ടായിരുന്നില്ല. ഞാന്‍ സമ്മര്‍ദ്ദത്തിലായി, ഇപ്പോള്‍ ഞാന്‍ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തു. ആര്‍ക്കും മുഖ്യമന്ത്രിയാകാം, ആരെയും മുഖ്യമന്ത്രിയാക്കാം, എനിക്ക് കുഴപ്പമില്ല, ” എന്നായിരുന്നു നിതീഷ് കുമാറിന്റെ പ്രതികരണം.
നിതീഷ് കുമാറിന് നേരയുള്ള വിമര്‍ശനത്തിന് പുറമെ തന്റെ മകനും ആര്‍.ജെ.ഡി നേതാവുമായ തേജസ്വി യാദവിനെക്കുറിച്ച് ജെഡിയു-ബി.ജെ.പി ഉയര്‍ത്തുന്ന ആരോപണത്തെക്കുറിച്ചും റബ്രി പ്രതികരിച്ചു.
തേജസ്വി യാദവ് ബീഹാറില്‍ നിന്ന് ഒളിച്ചോടാന്‍ ശ്രമിക്കുകയാണെന്നായിരുന്നു ബി.ജെ.പിയും ജെ.ഡി.യുവും ആരോപിച്ചത്. ഇതിന് മറുപടിയായി ബി.ജെ.പിയുടെയും ജെ.ഡി.യുവിന്റെയും നേതാക്കള്‍ എവിടെയും പോകാതെ അകത്ത് പൂട്ടിയിരിക്കുകയാണോ എന്നാണ് റാബ്രി ചോദിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക