13 വര്‍ഷങ്ങള്‍ക്ക് ശേഷം ആ സിനിമയില്‍ വെച്ചാണ് ഞാന്‍ ആസിഫ് അലിയെ കാണുന്നത്; എന്നിട്ടും ഗ്യാപ് ഫീല്‍ ചെയ്തില്ല: നിഷാന്‍
Entertainment
13 വര്‍ഷങ്ങള്‍ക്ക് ശേഷം ആ സിനിമയില്‍ വെച്ചാണ് ഞാന്‍ ആസിഫ് അലിയെ കാണുന്നത്; എന്നിട്ടും ഗ്യാപ് ഫീല്‍ ചെയ്തില്ല: നിഷാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 8th October 2024, 1:48 pm

ഋതു, അപൂര്‍വരാഗം, ഈ അടുത്ത കാലത്ത് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായി മാറിയ അഭിനേതാവാണ് നിഷാന്‍. സിനിമയില്‍ നിന്നും കുറച്ചു കാലമായി ഇടവേളയെടുത്ത താരം ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത് ആസിഫ് അലി നായകനായ കിഷ്‌കിന്ധാ കാണ്ഡം എന്ന ചിത്രത്തിലൂടെ വീണ്ടും സിനിമയില്‍ സജീവമാകുകയാണ്.

ആസിഫ് അലിയുമായുള്ള ബന്ധത്തെ കുറിച്ച് സംസാരിക്കുകയായണ് നിഷാന്‍. അപൂര്‍വ്വരാഗം എന്ന സിനിമക്ക് ശേഷം പതിമൂന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞ് ഇരുവരും കണ്ടുമുട്ടുന്നത് കിഷ്‌കിന്ധാ കാണ്ഡം എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണെന്ന് പറയുകയാണ് നിഷാന്‍. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തമ്മില്‍ കാണുന്നതെങ്കിലും ആ ഒരു ഗ്യാപ് ഫീല്‍ ചെയ്തില്ലെന്നും ഇന്നലെ കണ്ടു പിരിഞ്ഞ പോലൊരു ബോണ്ടിങ് ഇരുവര്‍ക്കിടയിലും ഉണ്ടെന്നും നിഷാന്‍ കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് നിഷാന്‍.

‘അപൂര്‍വ്വരാഗം എന്ന സിനിമ കഴിഞ്ഞ് പതിമൂന്ന് വര്‍ഷത്തിന് ശേഷമാണ് ഞാന്‍ ആസിഫുമായി ഒരു സിനിമയില്‍ ഒന്നിച്ച് അഭിനയിക്കുന്നത്. രസകരമായ കാര്യം എന്തെന്നാല്‍ ഞാന്‍ ആസിഫിനെ കണ്ടിട്ടും പതിമൂന്ന് കൊല്ലത്തോളമായി.

കിഷ്‌കിന്ധാ കാണ്ഡം സിനിമയുടെ സെറ്റില്‍ വെച്ചാണ് ഞാന്‍ ആസിഫിനെ ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കാണുന്നത്. ഞങ്ങള്‍ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കാണുന്നതെങ്കിലും ആ ഒരു ?ഗ്യാപ് ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും അനുഭവപെട്ടതേയില്ല. ഇന്നലെ കണ്ടു പിരിഞ്ഞ ഒരു ബോണ്ടിങ് ഞങ്ങള്‍ക്ക് ഇടയില്‍ ഉണ്ടായിരുന്നു. ആ സ്‌നേഹം ഇന്നും അങ്ങനെ തന്നെയുണ്ട്,’ നിഷാന്‍ പറയുന്നു.

മലയാള സിനിമയില്‍ നിന്നും എന്തുകൊണ്ടാണ് ഇത്രയും ഇടവേള വന്നതെന്ന ചോദ്യത്തിനും നിഷാന്‍ മറുപടി നല്‍കുന്നുണ്ട്. താന്‍ സിനിമയില്‍ നിന്ന് ഗ്യാപ് എടുത്തതല്ലായെന്നും നല്ല സിനിമകള്‍ വരാത്തതുകൊണ്ടാണ് താന്‍ സിനിമകള്‍ ചെയ്യാത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നല്ല സിനിമകള്‍ വന്നിരുന്നെങ്കില്‍ താന്‍ മലയാള സിനിമയില്‍ തന്നെ ഉണ്ടാകുമായിരുന്നെന്നും എന്തുകൊണ്ട് താന്‍ സിനിമയില്‍ നിന്ന് മാറിനിന്നെന്ന ചോദ്യം ചോദിക്കേണ്ടത് ഫിലിം മേക്കേഴ്സിനോടാണെന്നും അദ്ദേഹം പറയുന്നു.

‘കിഷ്‌കിന്ധാ കാണ്ഡം പുറത്തിറങ്ങിയതിന് ശേഷം എല്ലാവരും എന്നോട് മലയാളത്തിലേക്ക് തിരിച്ചുവന്നല്ലോ എന്നാണ് ചോദിക്കുന്നത്. തിരിച്ചുവരാനായി ഞാന്‍ ഒരിടത്തും പോയിട്ടില്ല. നല്ല സിനിമകളും കഥകളും എന്നെത്തേടി വരാത്തതുകൊണ്ടാണ് ഞാന്‍ മലയാളത്തില്‍ നിന്ന് മാറി നിന്നത്. നല്ല റോളുകള്‍ കിട്ടിയിരുന്നെങ്കില്‍ ഞാനിവിടെ തന്നെ ഉണ്ടാകുമായിരുന്നു. എന്തുകൊണ്ടാണ് ഞാന്‍ മലയാളത്തില്‍ നിന്ന് മാറി നിന്നതെന്ന ചോദ്യം ചോദിക്കേണ്ടത് ഫിലിം മേക്കേഴ്‌സിനോടാണ്,’ നിഷാന്‍ പറയുന്നു.

Content Highlight: Nishan Talks About Asif Ali