നീരവ് മോദിക്കെതിരെ സഹോദരി പ്രോസിക്യൂഷന്‍ സാക്ഷിയായി എത്തുന്നു
national news
നീരവ് മോദിക്കെതിരെ സഹോദരി പ്രോസിക്യൂഷന്‍ സാക്ഷിയായി എത്തുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 6th January 2021, 9:04 am

ന്യൂദല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയായ വിവാദ വ്യവസായി നീരവ് മോദിക്കെതിരെ സാക്ഷി പറയാന്‍ സഹോദരി എത്തുന്നു.

പ്രോസിക്യൂഷന്‍ സാക്ഷിയായാണ് നീരവിന്റെ സഹോദരി പൂര്‍വ്വി മെഹ്ത്ത എത്തുക. ബെല്‍ജിയന്‍ പൗരയാണ് പൂര്‍വ്വി മെഹ്ത്ത.

പൂര്‍വ്വിക്കെതിരെയും കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തിരുന്നു.
സ്‌പെഷ്യല്‍ പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിങ്ങ് ആക്ട് പ്രകാരം മെഹ്ത്ത നവംബറില്‍ തന്റെ അഭിഭാഷകര്‍ മുഖേന കോടതിയെ സമീപിച്ചിരുന്നു. മാപ്പു നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് അവര്‍ കോടതിയെ സമീപിച്ചത്.

മെഹ്ത്തയുടെ അപക്ഷേ സ്വീകരിച്ച പ്രത്യേക ജഡ്ജ് വി.സി ബാര്‍ഡേ അവര്‍ക്ക് ഇന്ത്യയിലേക്ക് എത്താനുള്ള സൗകര്യങ്ങള്‍ ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

നീരവ് മോദി തട്ടിപ്പിലൂടെ സമ്പാദിച്ച തുക പൂര്‍വ്വി ഡയറക്ടറായ ഹോം കോങ് ആസ്ഥാനമായ കമ്പനിയിലൂടെയാണ് കൈമാറ്റം ചെയ്തത്. എന്നാല്‍ തനിക്ക് ഈ ഇടപാടുകളെകുറിച്ച് അറിവില്ലെന്നാണ് പൂര്‍വ്വി പറയുന്നത്.

നീരവ് മോദിയുടെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍വ്വിയുടെ കുടുംബത്തെയും ബാധിച്ചുവെന്നും ഇക്കാരണത്താല്‍ ഇരുവരും അകന്നാണ് നില്‍ക്കുന്നതെന്നും അവരുടെ അഭിഭാഷകന്‍ അമിത് ദേശായ് പറഞ്ഞു.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 23,780 കോടി രൂപയുടെ തുക തട്ടിയെടുത്തുവെന്നതാണ് നീരവ് മോദിക്കെതിരായ കേസ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Nirav Modi’s Sister Turns Prosecution Witness In Bank Scam Case