ന്യൂദല്‍ഹി: പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്ന് രത്‌നവ്യാപാരി നീരവ് മോദി 13000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയത് ബാങ്കിന്റെ കാര്യമാണെന്നും സര്‍ക്കാര്‍ സഹായം ആവശ്യമില്ലെന്നും ബാങ്ക് ഡയറക്ടര്‍ സുനില്‍ മേത്ത. ഇത്തരം വെല്ലുവിളികള്‍ നേരിടാന്‍ ആവശ്യമായ വിഭവങ്ങളും കഴിവും ബാങ്കിനുണ്ടെന്നും അദ്ദേഹം പി.ടി.ഐയോട് പറഞ്ഞു.
“ഇത് ബാങ്കിന്റെ പ്രശ്‌നമാണ്, ഇത് ഞങ്ങള്‍ തന്നെ തീര്‍ത്തോളാം. സര്‍ക്കാര്‍ അവരുടെ സാധാരണ നടപടി എടുത്ത് കഴിഞ്ഞു. ഞങ്ങള്‍ക്ക് സര്‍ക്കാരിന്റെ സഹായം ആവശ്യമില്ല. പ്രശ്‌നപരിഹാരത്തിന് ആവശ്യമായ വിഭവങ്ങള്‍ ബാങ്കിന്റെ കയ്യിലുണ്ട് ” സുനില്‍ മേത്ത പറഞ്ഞു.
തട്ടിപ്പ് ബാങ്കിന്റെ വിശ്വാസ്യത നശിപ്പിക്കില്ലെന്നും ബാങ്കിന് ബൃഹത്തായ പാരമ്പര്യമുണ്ടെന്നും മേത്ത അവകാശപ്പെട്ടു. ” 123 വര്‍ഷത്തെ പാരമ്പര്യമുള്ള സ്ഥാപനമാണിത്. ലാല ലജ്പത് റായിയുടെ സ്വദേശി പ്രസ്ഥാനത്തിന്റെ കാലത്ത് തുടങ്ങിയതാണ്. 7,000 ബ്രാഞ്ചുകളിലായി രാജ്യത്തിന്റെ തലങ്ങും വിലങ്ങും വ്യാപിച്ച് കിടക്കുന്ന സ്ഥാപനത്തിന് പത്ത് ലക്ഷം കോടിയുടെ അഭ്യന്തര കച്ചവടമുണ്ട്. ഈ തട്ടിപ്പിന് ബാങ്കിലുള്ള വിശ്വാസം തകര്‍ക്കാനാവില്ല”- അദ്ദേഹം പറഞ്ഞു.
ബയേഴ്സ് ക്രെഡിറ്റ് സംവിധാനത്തിലൂടെ നീരവ് മോദിയും ബന്ധു മേഹുല്‍ ചോക്സിയും ചേര്‍ന്ന് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 13,000 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതായി നേരത്തേ കണ്ടെത്തിയിരുന്നു. ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് വിദേശത്തേക്ക് കടന്ന നീരവ് മോദി ഒളിവിലാണ്. രാജ്യം കണ്ടതില്‍ വച്ച് ഏറ്റവും വലിയ ബാങ്കിങ് തട്ടിപ്പാണ് നീരവ് മോദി നടത്തിയത്.
1,590 ധാരണാ പത്രമാണ് നീരവ് മോദിക്കും മെഹുല്‍ചോക്‌സിക്കും പഞ്ചാബ് നാഷനല്‍ ബാങ്ക് നല്‍കിയത്. ഈ പത്രങ്ങള്‍ ഉപയോഗിച്ചാണ് വിദേശ ബാങ്കുളില്‍ നിന്ന് നീരവ് മോദി കോടികള്‍ വായ്പ്പയെടുത്തത്.