നിരന്‍ സരയു
പേര് മറന്നൊരു തമിഴ് സിനിമയില്‍ നായകനോട് തന്റെ ആശാന്‍ കൊടുക്കുന്ന ഒരു ഉപദേശമുണ്ട്.. “”നീ ഒരു കള്ളം പറയുമ്പോള്‍ അത് 10 സത്യങ്ങള്‍ക്കൊപ്പം പറയുക. കള്ളത്തെ സത്യമാക്കാന്‍ ഏറ്റവും എളുപ്പമുള്ള വഴി അതിനെ ഒരുകൂട്ടം സത്യങ്ങള്‍ക്കൊപ്പം ഒളിച്ചുകടത്തലാണ്””.. ഒരുപക്ഷേ മുരളി ഗോപി എന്ന തിരക്കഥാകൃത്ത് തന്റെ “ഈ അടുത്ത കാലത്ത്” തൊട്ട് “ലൂസിഫര്‍” വരെ എത്തി നിക്കുന്ന സിനിമകളിലെ ആര്‍.എസ്.എസ് രാഷ്ട്രീയം Smuggle ചെയ്ത് പ്രേക്ഷകരിലേക്ക് ഇന്‍ജക്ട് ചെയ്തത് ഇങ്ങനെ തന്നെയാണ്. സിനിമയുടെ നന്മകള്‍ക്കിടയിലൂടെ ഉള്ള തിന്മയുടെ കള്ളക്കടത്ത്.
ഈ അടുത്ത കാലത്തില്‍ ഏറ്റവും വ്യത്യസ്തമായ ഒരു കഥാതന്തു ധൈര്യപൂര്‍വ്വം അവതരിപ്പിക്കുകയുണ്ടായി മുരളി. ജീവിക്കാന്‍ കഷ്ടപ്പെടുന്ന അധികാരവര്‍ഗം മൈന്റ് ചെയ്യാത്ത ഇന്ദ്രന്‍ ചെയ്ത വിഷ്ണു എന്ന കഥാപാത്രത്തെയും രണ്ട് കുഞ്ഞുങ്ങളേയും രാത്രിയും ഭാരതാംബക്കായി ശാഖയില്‍ കസര്‍ത്ത് നടത്തിക്കൊണ്ടിരുന്ന സംഘപുത്രന്മാര്‍ കടക്കാരില്‍ നിന്നും രക്ഷിക്കുന്ന സീനിലാണ് തുടക്കം. അത് ഏറ്റവും ചെറിയ തുടക്കമായിരുന്നു.
Read Also : ഭൂമിയുള്ളടത്തോളം കാലം നിങ്ങളുടെ സ്ഫടികം നമ്മോടൊപ്പം ജീവിക്കും:സംവിധായകന്‍ ഭദ്രന്‍
പിന്നീട് വന്ന ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് അക്രമരാഷ്ട്രീയവും എപ്പോഴും വിറ്റുപോകുന്ന കമ്മ്യൂണിസ്റ്റ് വിരുദ്ധതയും പ്രമേയമാക്കി മികച്ച രീതിയില്‍ തന്നെ അവതരിപ്പിച്ചപ്പോഴും ഗ്ലോറിഫൈ ചെയ്യപ്പെട്ടത് ആര്‍.എസ്.എസ് തന്നെയായിരുന്നു. കൊന്നത് സംഘിയാണെന്ന പ്രചരണത്തിന്റെ മുനയൊടിച്ച് ഉള്‍പ്പാര്‍ട്ടി പോരെന്ന് ക്ലൈമാക്‌സ് പറഞ്ഞപ്പോള്‍ ആര്‍.എസ്.എസ് നന്മമരമാവുകയും കമ്മ്യൂണിസ്റ്റ് ചേരിയിലേക്ക് അക്രമരാഷ്ട്രീയത്തിന്റെ മുഴുവന്‍ ഭാരവും നമ്മളറിയാതെ ചാര്‍ത്തുകയും ചെയ്യുന്നു. സിനിമയുടെ പ്രകടമായ ശബ്ദം അക്രമരാഷ്ട്രീയത്തിനോടുള്ള എതിര്‍പ്പും കള്ളക്കടത്ത് പാപിയല്ലാത്ത സംഘപരിവാറുമാകുന്നു.
ടിയാന്‍ ആള്‍ദൈവ ഭീകരതക്കെതിരെ ആഞ്ഞടിക്കുന്നുവെന്ന തോന്നലുണ്ടാക്കിയ സിനിമയാണ്. കുറച്ച് ആധുനികവല്‍ക്കരിക്കപ്പെട്ട സമൂഹം ചര്‍ച്ചചെയ്യാന്‍ ഇഷ്ടപ്പെടുന്ന ഒരു മാറ്റര്‍ എന്ന നിലയില്‍ സിനിമ പ്രേക്ഷക സ്വീകാര്യതയും നേടി. ഒരു ദേശത്തിലെ മുഴുവന്‍ ദാഹവും ശമിപ്പിക്കുന്ന കിണര്‍ (ഒരുപക്ഷേ ജ്ഞാനക്കിണര്‍) വളപ്പിലുള്ള, ദളിത് ബാലനും കൈകൂപ്പുന്ന, യഥാര്‍ത്ഥ ദൈവത്തിന്റെ ഭൂമിയിലെ വാതിലാകുന്ന പട്ടാഭിരാമന്‍ എന്ന ബ്രാഹ്മിണ്‍ നായകനും, ഹിന്ദു ഭാര്യയുള്ള, നെറ്റിയില്‍ ചന്ദനം തൊടുന്ന, ആര്‍ഷഭാരത സംസ്‌കാരത്തിലെ നിഗൂഢ പര്‍വ്വതമായ ഹിമാലയത്തില്‍ വച്ച് അമാനുഷികത കൈവരിച്ച അസ്‌ലം എന്ന “ഇന്ത്യന്‍ മുസ്‌ലീമുമാണ്” ടിയാനിലെ മുരളി മാജിക്..
സിനിമയില്‍ ചൂടപ്പം പോലെ പോകുന്ന ഹിന്ദു മുസ്‌ലിം ഐക്യവും ആള്‍ദൈവ ചൂഷണവും നന്മയായി കണ്ണിനുമുന്നിലിട്ടുതന്നപ്പോള്‍ ഒളിച്ചുകടത്ത് സംഘപരിവാറിന്റെ അടിസ്ഥാനമായ ബ്രാഹ്മണിക്കല്‍ ഗ്ലോറിഫിക്കേഷനും അവരുടെ ലക്ഷ്യമായ ഹിന്ദുമതത്തില്‍ മുങ്ങി ശുദ്ധിയാക്കപ്പെട്ട ഇന്ത്യന്‍ മുസ്‌ലീമുമായിരുന്നു. അഗ്‌നി സൃഷ്ടിക്കുന്ന പത്മപ്രിയ ആള്‍ദൈവങ്ങള്‍ക്ക് ഒരുഷോട്ടില്‍ സാധുത വരുത്തുന്നുണ്ട് താനും..
ടിയാനില്‍ നിന്ന് കമ്മാരനിലെത്തിയപ്പോള്‍ വിഷയം ചരിത്രനിര്‍മാണമായി. ഏറ്റെടുക്കേണ്ടുന്ന വിഷയമാണെങ്കില്‍ പോലും അതിന്റെ പൊതുവാക്കിയുള്ള അവതരണം പല പൊടിമറകള്‍ സൃഷ്ടിച്ചു. അതിലൂടെയായിരുന്നു കമ്മാരനിലെ കള്ളക്കടത്ത്. ചിത്രം ഇടത് വലത് ചിന്തകളുടെ സ്വാതന്ത്ര്യ സമര കാലത്തെയടക്കം ഉഗ്രമായ ചരിത്രം പലതും വെറും നിര്‍മിതമാണെന്ന് വാദിച്ചു.. ചരിത്രത്തില്‍ പ്രസിദ്ധമായ മാപ്പെഴുതലും ചെരിപ്പ് നക്കലും മാത്രമായുള്ള, ഇന്ത്യാ ചരിത്രം ഭൂരിപക്ഷവും കള്ളമാണെന്ന് പ്രചരിപ്പിക്കുന്ന, സംഘപരിവാര്‍ സംഘടനകള്‍ക്ക് കമ്മാരനും ഒരു സഹായമായിരുന്നു.. ഇവിടെ നന്മ ചരിത്രനിര്‍മിതിയും, കള്ളക്കടത്ത് ചരിത്രം നുണയെന്ന് പ്രചരിപ്പിക്കുന്ന സംഘി അജണ്ടയുമാണ്…
ഇനി ലൂസിഫറിലേക്ക് കടക്കാം.. മോഹന്‍ലാല്‍ എന്ന താരബിംബത്തിനെ നടുവില്‍ പ്രതിഷ്ഠിച്ചുള്ള പ്രിഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭം ഒരു കൊമേര്‍ഷ്യല്‍ മാസ് എന്റര്‍ടൈനര്‍ ആയാണ് പ്രേക്ഷകരിലെത്തിയത്.. സമീപകാല പൊളിറ്റിക്കല്‍ സംഭവവികാസങ്ങള്‍, മക്കള്‍ രാഷ്ട്രീയം, അക്രമ രാഷ്ട്രീയം, എല്ലാത്തിനുമുപരി പാര്‍ട്ടി സംവിധാനങ്ങളിലെ കോര്‍പറേറ്റ് വല്‍ക്കരണം എന്നിവയാണ് മുരളി ഗോപി, ലാലേട്ടന്‍ ഷോ യ്ക്ക് പുറമേ സിനിമയില്‍ പ്രകടമായി പറഞ്ഞുപോകുന്നത്..
ഇതാവട്ടെ കൃത്യമായി കോണ്‍ഗ്രസ് ഇടത് രാഷ്ട്രീയ കക്ഷികളെ കേന്ദ്രീകരിച്ച് മാത്രം പറഞ്ഞു പോയപ്പോള്‍ ഇതേ മോശം രാഷ്ട്രീയവും ഒപ്പം വര്‍ഗീയതയുടെ ആവരണവും പേറുന്ന ബി.ജെ.പി രാഷ്ട്രീയത്തെ ഒന്ന് പരിഗണിക്കാന്‍ പോലും മറന്ന് പോകയാണ് തിരക്കഥാകൃത്ത്.
മീഡിയയുടെയും അരാഷ്ട്രീയവാദികളുടെയും ശ്രമഫലമായി ജനങ്ങല്‍ക്ക് പ്രത്യേകിച്ച് പുതുതലമുറക്ക് പൊതുവേ ഉണ്ടായിരിക്കുന്ന രാഷ്ട്രീയത്തോടുള്ള അകല്‍ച്ച, “ഇവിടെ രണ്ടു പാര്‍ട്ടികളും കണക്കാണ്” എന്ന കേവലമായ സന്ദേശം നല്‍കി ഒന്നുകൂടി ഊട്ടിയുറപ്പിക്കുകയാണ് തിരക്കഥ.
പ്രേക്ഷകരിലെ മിച്ചമുള്ള രാഷ്ട്രീയ പ്രത്യയശാസ്ത്ര വിചാരങ്ങളേയും തല്ലിയുടച്ച് അവിടെ അരാഷ്ട്രീയവാദവും ഒരു ഇല്ല്യൂമിനേറ്റി രക്ഷകന്റെ ബിംബവല്‍ക്കരണവും നടത്താന്‍ സിനിമ ശ്രമിക്കുന്നു. കേരളത്തിലെ രണ്ട് പ്രമുഖ കക്ഷി നേതാക്കള്‍ തമ്മിലുള്ള സംഭാഷണങ്ങളും മറ്റും അങ്ങേയറ്റം പ്രഹസനവും തെറ്റിധാരണ ഉണ്ടാക്കുന്നതുമാണ്. പ്രിഥ്വിഎന്ന രാഷ്ടീയം പറയാത്ത അരാഷ്ട്രീയവാദിയുടെ ആശയങ്ങള്‍ക്കും മുകളില്‍ രണ്ട് രാഷ്ട്രീയ വിഭാഗങ്ങളെ കണക്കറ്റ് വിമര്‍ശിച്ച് മൂന്നാമതൊരു കക്ഷിക്ക് ഉണ്ടാക്കിക്കൊടുക്കുന്ന നന്മ പരിവേഷം മുരളി ഗോപി എന്ന സംഘപരിവാര്‍ രാഷ്ടീയവക്താവിന്റെ കുതന്ത്രം തന്നെയാണ്. ലൂസിഫറിലെ നന്മ രാഷ്ടീയത്തിലെ അധികമാരും പറയാത്ത പ്രശ്‌നങ്ങളുടെ അഭിമുഖീകരിക്കലും കള്ളക്കടത്ത് സെലക്ടിവ് ആയ വിമര്‍ശനത്തിലൂടെ മഹത്വവല്‍ക്കരിക്കപ്പെടുന്ന ആര്‍.എസ്.എസ് രാഷ്ട്രീയവുമാണ്.
ഇതെല്ലാം കേവലം ചില ബുദ്ധിജീവി സിനിമാ നിരീക്ഷകരുടെ നിഗമനങ്ങള്‍ എന്ന് പറഞ്ഞ് തള്ളിക്കളയുന്ന ഭൂരിപക്ഷത്തോട്, ഈ രാഷ്ട്രീയം നമ്മള്‍ അറിയാതെയാണ് നമ്മെ ബാധിക്കുന്നത്. നന്മയുടെ ഒരു വലിയ ആവരണത്തിനുള്ളിലുള്ള നമുക്കുള്ളിലെത്തുന്ന ചെറിയ ഡോസ് വിഷം.. വെളുത്ത നിറമാണ് സൗന്ദര്യം എന്ന രീതിയില്‍ ടിവി യിലൂടെ പരസ്യക്കമ്പനികള്‍ കാണിച്ചുതന്ന വെളുത്ത മോഡലുകള്‍ കാലക്രമേണ നമ്മളറിയാതെ തന്നെ സൗന്ദര്യ പ്രതീകങ്ങളായപോലെ ഇടത് വലത് രാഷ്ട്രീയ കക്ഷികളുടെ മാന്യമല്ലാത്ത, അന്ധമായ വിമര്‍ശനം ജനങ്ങളിലുണ്ടാക്കുന്ന “ഇവിടുത്തെ രാഷ്ട്രീയമെല്ലാം കണക്കാ” മനോഭാവവും, രാഷ്ട്രീയ നേതാക്കളുടെ കൃത്യമായ അപരന്മാരെ കഥാപാത്രങ്ങളാക്കിയുള്ള നാടകീയ അസത്യപ്രചാരണങ്ങളും കാലക്രമേണ ജനങ്ങളില്‍ നിലവിലെ രാഷ്ട്രീയക്കാരോട് വെറുപ്പും പുതിയ രാഷ്ട്രീയം വരാനുള്ള ആഗ്രഹവും ഉണ്ടാക്കുന്നു.
ഇത് മൂന്നാം ശക്തിയായി കേരളത്തിലേക്ക് വരുന്ന സംഘി രാഷ്ട്രീയത്തിന് ശക്തി പകരുന്നു. വെട്ട് വിഷ്ണു, വട്ട് ജയന്‍ , ലൂസിഫര്‍, കൈതേരി സഹദേവന്‍, കമ്മാരന്‍ എന്നിങ്ങനെ ആളുകളില്‍ തറച്ചുകയറുന്ന കഥാപാത്രങ്ങളുടെ രൂപീകരണം ഉദ്ദേശം കൂടുതല്‍ എളുപ്പമാക്കുകയും ചെയ്യുന്നു. ലൂസിഫറില്‍ ലാലേട്ടന്റെയും ടിയാനില്‍ പൃഥ്വിയുടെയും അധോലോക രൂപത്തിന് ഉപയോഗിക്കപ്പെട്ട പ്രത്യേക മതവിഭാഗത്തെ കുറിക്കുന്ന പേരുകള്‍ സംഘ രാഷ്ട്രീയത്തിന്റെ മറ്റൊരു മുഖം..
വാല്‍: പരീക്ഷണ ചിത്രങ്ങളില്‍ കേന്ദ്രീകരിക്കുന്ന, മലയാള സിനിമക്ക്
പുതിയൊരു മുഖം വേണമെന്ന് പലപ്പോഴായി പറഞ്ഞ, സ്തീയുടെ ചരക്കുവല്‍ക്കരണത്തിനെതിരെ ശബ്ദിച്ച പ്രിഥ്വിയില്‍ നിന്ന് ഈ ഒരു തരം സിനിമകളല്ല പ്രതീക്ഷിക്കുന്നത് എന്ന് പറയാതെ വയ്യ.. ഇല്ല്യുമിനിറ്റി തള്ള് പറയില്ല എന്ന പ്രതീക്ഷ.