ആരും കാണാതെ ഒരു ക്ലാസ്മുറിക്കുപിന്നിലെ മതിലിന്റെ ഓരം പറ്റി ആ കത്തു തുറന്നു അതില്‍ ആ മഹത്തായ , ഭംഗിയേറിയ കയ്യൊപ്പ് 'ടെണ്ടുല്‍ക്കര്‍'; സച്ചിന്റെ ജന്മദിനത്തില്‍ കുട്ടിക്കാല ഓര്‍മ്മകള്‍ പങ്കു വച്ച് നിപിന്റെ പിറന്നാള്‍ ആശംസ
Daily News
ആരും കാണാതെ ഒരു ക്ലാസ്മുറിക്കുപിന്നിലെ മതിലിന്റെ ഓരം പറ്റി ആ കത്തു തുറന്നു അതില്‍ ആ മഹത്തായ , ഭംഗിയേറിയ കയ്യൊപ്പ് 'ടെണ്ടുല്‍ക്കര്‍'; സച്ചിന്റെ ജന്മദിനത്തില്‍ കുട്ടിക്കാല ഓര്‍മ്മകള്‍ പങ്കു വച്ച് നിപിന്റെ പിറന്നാള്‍ ആശംസ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 24th April 2017, 8:40 pm

കോഴിക്കോട്: ഏപ്രില്‍ 24, ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ക്ക് ഇന്ന് ഉത്സവ ദിനമാണ്. തങ്ങളുടെ ദൈവം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ജന്മ ദിനമാണിന്ന്. ലോകമെങ്ങും സച്ചിന് പിറന്നാള്‍ ആശംസകളുമായി രംഗത്തെത്തിയ ഇന്ന് കേരളത്തില്‍ നിന്നുമൊരു രസകരമായ ആശംസയും സച്ചിനെ തേടിയെത്തി. സോഷ്യല്‍ മീഡിയ ക്യാമ്പയിനുകളിലൂടെ ശ്രദ്ധേയനായ നിപിന്‍ നാരായണന്‍ എന്ന നീനയുടെ പിറന്നാള്‍ സന്ദേശം.

തന്റെ കുട്ടിക്കാലത്ത് സച്ചിന്‍ തനിക്ക് അയച്ചു തന്ന ഓട്ടോഗ്രാഫിന്റെ ഓര്‍മ്മകളാണ് നിപിന്‍ ഫെയ്‌സ്ബുക്കിലൂടെ പങ്കുവയ്ക്കുന്നത്.

” സച്ചിനാരാണ്..അയാള് നിന്റെ വീട്ടിലേക്ക് അരിവാങ്ങിത്തരുന്നുണ്ടോ” എന്നുള്ള സ്ഥിരം ചോദ്യങ്ങളെ “ചെറുപ്പം മുതല്‍ ഹൃദയം നിറച്ചൊരു ആഹ്ലാദം. ഇനിയിപ്പോ ഒരു ലാഭവുമില്ലെങ്കിലും അതവിടെ കിടന്നോട്ടെ. കുട്ടിക്കാലമുണ്ടായിരുന്നു എന്നതിന്റെ ഒരു ഓര്‍മയടയാളമാണ് ” എന്നൊരു സിംപ്ലന്‍ കവര്‍ ഡ്രൈവു കൊണ്ട് നേരിടട്ടെ. കാലിലെ മുറിവിന്റെ അടയാളമിപ്പൊഴും ബാക്കിയുണ്ട്. ആ എഴുത്ത് ഇപ്പഴും സൂക്ഷിച്ചുവെച്ചിട്ടുണ്ട് , നിധിപോലെ പതിനായിരങ്ങളിലൊരുവന്റെ പിറന്നാളാശംസകള്‍ സച്ചിന്‍ !”.

എന്നു കുറിച്ചു കൊണ്ടാണ് സച്ചിനുള്ള തന്റെ പിറന്നാള്‍ ആശംസ നിപിന്‍ പറയുന്നത്.


Also Read: ‘ഡി.എന്‍.എ ടെസ്റ്റ് പറയുന്നു ഞാന്‍ 16.66 ശതമാനം ഹിന്ദുവാണ്’; വൈറലായി നവാസുദ്ദീന്‍ സിദ്ദീഖിയുടെ വീഡിയോ


നിപിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പതിമൂന്ന് വര്‍ഷം മുന്‍പ് 2004ലാണ്.
കക്കറ ഗവണ്മെന്റ് യു.പി സ്‌കൂളില്‍ ഉച്ചക്കഞ്ഞിക്കുശേഷമുള്ളൊരുച്ചനേരത്ത് ഒരു കത്ത് കയ്യില്‍ കിട്ടി. ഏട്ടന്റെ വിലാസത്തിലാണു കത്ത്. ഇംഗ്ലീഷിലാണു വിലാസം എഴുതിയിരിക്കുന്നത്. ഏട്ടന്‍ “ആബ്‌സന്റ് ടീച്ചര്‍” ആയതുകൊണ്ടുതന്നെ സംഭവം എന്റെ കയ്യിലെത്തിച്ചേര്‍ന്നു. ഇതാരാണപ്പാ ഏട്ടനൊരു ഇംഗ്ലീഷ് കത്തയക്കാനെന്ന എന്നിലെ അസൂയക്കാരന്‍ അനിയന്‍ ഉണര്‍ന്നു . ട്രാന്‍സ്പരന്റായ പ്ലാസ്റ്റിക് ഭാഗം മെല്ലെ വിടര്‍ത്തി അകത്തെന്താണെന്നു നോക്കാന്‍ നടത്തിയ ശ്രമം കത്ത് ഇത്തിരിയൊന്നു ചുളിഞ്ഞെങ്കിലും വിജയിച്ചു. സംഭവം ഞാന്‍ ഞെട്ടി !
അകത്ത് ” SACHIN TENDULAKAR ” എന്നെഴുതിയിട്ടുണ്ട്. ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ചേറ്റവും വലിയ സച്ചിന്‍ പ്രാന്തനാണ് ഏട്ടന്‍. ഒരു വലിയ നോട്ടുപുസ്തകം നിറയെ സച്ചിന്റെ പരമാവധി ചിത്രങ്ങള്‍ വെട്ടിയൊട്ടിച്ച് ഒരു ജീവചരിത്രവും എഴുതിത്തയ്യാറാക്കി വെച്ചിട്ടുണ്ട് മൂപ്പര്‍. ആ ഏട്ടന്‍ ഇങ്ങനൊരു പണി പറ്റിക്കുന്നതില്‍ അതിശയമില്ല. ശെടാ ഏട്ടാ
പിന്നെ ഇരിപ്പും നില്‍പ്പും നടപ്പും ഉറച്ചില്ല !
വൈകുന്നേരം ബസിറങ്ങി വീട്ടിലേക്കൊരോട്ടം. ഒന്നും അറിയാത്ത പോലെ കത്ത് കൈമാറി. എന്താണാവോ എന്നൊരു ഇന്നസെന്റ് നോട്ടം നോക്കി മാറിനിന്നു. കത്ത് ഏട്ടന്‍ പൊട്ടിച്ചുവായിച്ചത് സ്വകാര്യമായിട്ടാണ്. പിന്നെ ലോകം കീഴടക്കിയൊരാളെപ്പോലെ എന്റെ അന്വേഷണത്തിനു മുന്നില്‍ കത്ത് നിവര്‍ത്തി. അതെ ! സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്നെ !
അമ്പട ഏട്ടാ !
മിസ്റ്റര്‍.നിതീഷ് നാരായണന്‍ എന്നു തുടങ്ങുന്നൊരു എഴുത്ത്. പിന്നെ എന്നിലെ യു.പി സ്‌കൂളുകാരനു മനസിലാവാത്ത ചറപറാ ഇംഗ്ലീഷ്. സംഭവം ഒരു സംഭവമാണെന്നു മാത്രമല്ല കൂടെ ഒരു ഓട്ടോഗ്രാഫോടു കൂടിയ കളര്‍ ഫോട്ടോയും.
പിന്നൊന്നും നോക്കിയില്ല , അന്നത്തെ ദിവസത്തെ ക്രിക്കറ്റ് ഡേ ഓഫ് ദി ഇയറാക്കി പ്രഖ്യാപിച്ച് മടലുബാറ്റും പത്രക്കടലാസിനു പ്ലാസ്റ്റിക് കുപ്പായം തുന്നിയ കുടിലുല്‍പ്പന്ന ബോളുമായി ചരലുവിരിച്ച പാറയിലേക്ക് കളിക്കാനിറങ്ങി. ആവേശത്തിന്റെ കൊടുമുടി എന്നൊക്കെ പറയില്ലേ അതു തന്നെ. തീര്‍ച്ചയായും ഏട്ടന്‍ തന്നെ ബാറ്റ്‌സ്മാന്‍. വെറും ഏട്ടനല്ല, സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ എഴുത്ത് മറുപടി വന്ന നിതീഷ് നാരായണനെന്ന എന്റെ ഏട്ടന്‍.ആ ഏട്ടനുവേണ്ടി എത്ര വിയര്‍ക്കേണ്ടി വന്നാലും എത്ര സിക്‌സര്‍ പാഞ്ഞാലും ഇന്നു ബോളെറിഞ്ഞ് മരിക്കും. എന്റെ പന്തുകളെ പതിവിലുമധികം സച്ചിനിസം ചേര്‍ത്ത് ഏട്ടന്‍ നേരിട്ടു. പന്ത് അതിര്‍ത്തികടന്ന് കുറ്റിക്കാട്ടില്‍ കയ്യറി. ആവേശപ്പുറത്ത് ഞാന്‍ കുറ്റിക്കാട്ടിലേക്ക് എടുത്തുചാടി.!
കാലിലൊരു മുള്ളുകൊണ്ടവേദന. പന്തെടുത്ത് കുനിഞ്ഞുനോക്കുമ്പോള്‍ വലതുകാലിലെ ചെരിപ്പിനു ചുവപ്പ് നിറം. കാലിനും ചെരിപ്പിനും ഇടയില്‍ വഴുക്കല്‍.
“ചോര “
വള്ളിച്ചെരിപ്പിന്റെ നേര്‍ത്ത തൊലിയെ നിര്‍ദാക്ഷിണ്യം തുളച്ചോട്ടയാക്കി കുപ്പിച്ചില്ല് തറച്ചുകയറിയതാണ് ! വേദന അറിഞ്ഞില്ല.
കളി ജയിച്ച ശേഷം ഗാലറിയെ അഭിവാദ്യം ചെയ്ത് ഫോട്ടോഗ്രാഫര്‍മാരുടെ ഇടയിലൂടെന്നപോലെ സ്‌റ്റൈലായിട്ടാണ് വിളിച്ചപ്പോള്‍ ഏട്ടന്റെ വരവ്.
“അമ്മേ ചോര”
ഞാനാണോ ഏട്ടനാണോ അലറിയതെന്നറിയില്ല.
ഉടുത്തിരുന്ന കൈലിമുണ്ടോടെ ചില്ലറയൊന്നും വെയ്റ്റ് അല്ലാത്ത എന്നെ പൊക്കിയെടുത്ത് ബസ്റ്റോപ്പിലേക്ക് ഓടുമ്പോള്‍ ഞാന്‍ അമ്മയോട് ചോദിച്ചു .
“”ഞാന്‍ മരിച്ചു പോവുമോ” ?
ചോര പോയി മരിച്ച ആള്‍ക്കാരെക്കുറിച്ച് ഞാന്‍ കേട്ടിട്ടുണ്ടായിരുന്നു.
“മരിച്ചെങ്കിലങ്ങ് മരിക്കട്ടെയെന്ന്”
അമ്മ ദേഷ്യവും സങ്കടവും കലര്‍ത്തി പറഞ്ഞത് ഓട്ടം നിര്‍ത്താതെ ഇത്തിരി കിതച്ചുകൊണ്ടാണ്. വരുന്ന ബസ്സിനെ കൈകാട്ടിനിര്‍ത്തി ചോരക്കുഞ്ഞായ എന്നെ അതിലേക്ക് കയറ്റിയിരുത്തി. പിന്നെ തിരിച്ചുവന്നത് തുന്നിക്കെട്ടലുകളുമായാണ്.!
ആ വേദന മാറും മുന്നേ ഏട്ടനോട് കത്തയച്ചതിന്റെ വഴികള്‍ ചോദിച്ചു മനസിലാക്കിയിരുന്നു . തന്നോടു കാണിച്ച ആത്മാര്‍ഥതക്കൂടുതലിനു സ്വന്തം കാലു പണയപ്പെടുത്തിയ ഒരനിയനോട് ഏട്ടനെങ്ങനെ ആ രഹസ്യം പങ്കുവെക്കാതിരിക്കാനാവും. മുറിവുണങ്ങും മുന്നേ ഞാനും അയച്ചു ആ ബോംബേ അഡ്രസില്‍ എന്റെ മുറി ഇംഗ്ലീഷിലൊരു ആരാധനക്കത്ത്.
“സച്ചിന്‍..ക്രിക്കറ്റ്..ഗോഡ്..ഫാന്‍..സൂപ്പര്‍..ഫോട്ടോ..ഓട്ടോഗ്രാഫ്..!”
മാസമൊന്ന് കഴിഞ്ഞ് പ്രതീക്ഷകളിങ്ങനെ അസ്തമിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നൊരു ഉച്ചക്കഞ്ഞിക്കുശേഷമുള്ള ഉച്ച്‌നേരത്ത് പോസ്റ്റ്മാന്‍ വന്നു.
“”നിപിന്‍ നാരായണന്‍””
“”അതെ , ഞാന്‍ തന്നെ””
സംഗതി രഹസ്യമായിരുന്നു. കൈപ്പറ്റി , ആരും കാണാതെ ഒരു ക്ലാസ്മുറിക്കുപിന്നിലെ മതിലിന്റെ ഓരം പറ്റി. പൊട്ടിച്ചുവായിച്ച വരികള്‍ മുഴുവന്‍ ഏട്ടനു വന്ന കത്തിലേതു തന്നെ. പക്ഷേ വിലാസം, അതെന്റെ
പിന്നെ ഒരു ഫോട്ടോ, അതില്‍ ആ മഹത്തായ , ഭംഗിയേറിയ കയ്യൊപ്പ്
“ടെണ്ടുല്‍ക്കര്‍”
അതെ , ഏട്ടന്‍ മാത്രമല്ലാ ഞാനും സച്ചിനിസ്റ്റാണ് !
സച്ചിന്‍ വിരമിച്ചപ്പോള്‍ നെഞ്ചുവിങ്ങാനും , വിരമിക്കുന്നില്ലെന്നു പ്രഖ്യാപിച്ച് ഒരുനിമിഷം തിരിച്ചുവരുമെന്ന് ആശിക്കാനും, അതിനുശേഷം ഒരു കളി പോലും കാണാതിരിക്കാനും വേറെ ഒരു കാരണം വേണോ.!
ഓര്‍മകള്‍ പഴയതാണ്. ആവേശമിപ്പഴും അതു തന്നെ ! സ്‌നേഹവും !
“സച്ചിനാരാണ്..അയാള് നിന്റെ വീട്ടിലേക്ക് അരിവാങ്ങിത്തരുന്നുണ്ടോ” എന്നുള്ള സ്ഥിരം ചോദ്യങ്ങളെ “ചെറുപ്പം മുതല്‍ ഹൃദയം നിറച്ചൊരു ആഹ്ലാദം. ഇനിയിപ്പോ ഒരു ലാഭവുമില്ലെങ്കിലും അതവിടെ കിടന്നോട്ടെ. കുട്ടിക്കാലമുണ്ടായിരുന്നു എന്നതിന്റെ ഒരു ഓര്‍മയടയാളമാണ് ” എന്നൊരു സിംപ്ലന്‍ കവര്‍ ഡ്രൈവു കൊണ്ട് നേരിടട്ടെ.
കാലിലെ മുറിവിന്റെ അടയാളമിപ്പൊഴും ബാക്കിയുണ്ട്.
ആ എഴുത്ത് ഇപ്പഴും സൂക്ഷിച്ചുവെച്ചിട്ടുണ്ട് , നിധിപോലെ
പതിനായിരങ്ങളിലൊരുവന്റെ പിറന്നാളാശംസകള്‍ സച്ചിന്‍ !