നിപ; മരിച്ച 12 വയസുകാരന്റെ ആഗസ്റ്റ് 27 മുതലുള്ള റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു
Nipah virus
നിപ; മരിച്ച 12 വയസുകാരന്റെ ആഗസ്റ്റ് 27 മുതലുള്ള റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 5th September 2021, 7:07 pm

കോഴിക്കോട്: നിപ വൈറസ് ബാധിച്ച് മരിച്ച പന്ത്രണ്ട് വയസുകാരന്റെ റൂട്ട് മാപ്പ് കോഴിക്കോട് ജില്ലാ കളക്ടര്‍ പ്രസിദ്ധീകരിച്ചു. ആഗസ്റ്റ് 27 മുതല്‍ കുട്ടിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയായ മിംസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത് വരെയുള്ള റൂട്ട് മാപ്പാണ് ജില്ലാ ഭരണകൂടം പ്രസിദീകരിച്ചത്.

ആഗസ്റ്റ് 27 ന് വൈകീട്ട് 5 മണി മുതല്‍ 5.30 വരെ അയല്‍വക്കത്തെ കുട്ടികളുമായി കളിച്ചിരുന്നു. ആഗസ്റ്റ് 28 ശനിയാഴ്ച വീട്ടില്‍ തന്നെയായിരുന്നു കുട്ടിയുണ്ടായിരുന്നത്.

ആഗസ്റ്റ് 29 രാവിലെ 8.30 നും 8.45 നും ഇടയ്ക്ക് കുട്ടിയുമായി രക്ഷിതാക്കള്‍ എരഞ്ഞിമാവ് ഡോക്ടര്‍ മുഹമ്മദ്‌സ് സെന്‍ട്രല്‍ ക്ലിനിക്കില്‍ ഓട്ടോയില്‍ എത്തുകയും ഡോക്ടറെ കാണിക്കുകയും ചെയ്തു.

രാവിലെ 9 മണിക്ക് തിരികെ വീട്ടിലേക്ക് ഓട്ടോയില്‍ എത്തി. ആഗസ്റ്റ് 30 കുട്ടി വീട്ടില്‍ തന്നെയായിരുന്നു. ആഗസ്റ്റ് 31 ചൊവ്വാഴ്ച്ച രാവിലെ 9.58 നും 10.30 നും ഇടയ്ക്ക് മുക്കം ഇ.എം.എസ് ആശുപത്രിയില്‍ അമ്മാവന്റെ ഓട്ടോയില്‍ കുട്ടിയെ എത്തിച്ചു.

അന്ന് തന്നെ ഓമശ്ശേരി ശാന്തി ഹോസ്പിറ്റലില്‍ കുട്ടിയെ കൊണ്ടുവന്നിരുന്നു. രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയായിരുന്നു ഇത്. അമ്മാവന്റെ ഓട്ടോയില്‍ തന്നെയായിരുന്നു ഹോസ്പിറ്റലില്‍ എത്തിയത്.

അവിടെ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കുട്ടിയെ ഉച്ചയ്ക്ക് 1 മണിയോടെ ആംബുലന്‍സില്‍ എത്തിച്ചു. സെപ്റ്റംബര്‍ 1 ബുധനാഴ്ച രാവിലെ 11 മണിക്ക് കുട്ടിയെ കോഴിക്കോട് മിംസ് ആശുപത്രിയില്‍ എത്തിച്ചു. ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു.

നിലവില്‍ കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള രണ്ട് പേര്‍ക്കാണ് രോഗ ലക്ഷണം കാണിച്ചിരിക്കുന്നത്. രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ രണ്ട് പേരും ആരോഗ്യപ്രവര്‍ത്തകരാണ്.

നിപ ബാധിച്ച് മരിച്ച പന്ത്രണ്ടുകാരന്റെ സമ്പര്‍ക്കപ്പട്ടികയില്‍ 188 പേരാണുള്ളത്. 188 പേരില്‍ 100 പേര്‍ മെഡിക്കല്‍ കോളേജ് ജീവനക്കാരും 36 പേര്‍ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍കത്തകരുമാണ്.

സ്വകാര്യ ആശുപത്രിയിലെയും മെഡിക്കല്‍ കോളേജിലെയും ഓരോ ജീവനക്കാര്‍ക്കാണ് നിലവില്‍ ലക്ഷണങ്ങളുള്ളത്. ഇവര്‍ രണ്ട് പേരടക്കം സമ്പര്‍ക്കപ്പട്ടികയിലെ ഹൈ റിസ്‌ക് കാറ്റഗറിയില്‍ വരുന്ന 20 പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിപാ ചികിത്സക്കായി ഒരുക്കിയിട്ടുള്ള പ്രത്യേക സജ്ജീകരണത്തിലേക്ക് മാറ്റുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു.

പ്രതിരോധം, ചികിത്സ എന്നിവക്കായി 16 കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. ജില്ലയില്‍ 0495 238500, 238200 എന്നീ നമ്പറുകളില്‍ നിപ കോള്‍ സെന്ററുകള്‍ തുറന്നിട്ടുണ്ട്.

അതേസമയം കേന്ദ്രസംഘം ഇന്ന് കുട്ടിയുടെ വീട് സന്ദര്‍ശിച്ചിരുന്നു. കുട്ടിക്ക് നിപ വൈറസ് ബാധിക്കാന്‍ സാധ്യതയുള്ള കാര്യങ്ങള്‍ ബന്ധുക്കളില്‍ നിന്നും അയല്‍വാസികളില്‍ നിന്നും ചോദിച്ചറിഞ്ഞിട്ടുണ്ട്.

വീടിന് സമീപത്തെ റമ്പൂട്ടാന്‍ കുട്ടി കഴിച്ചിരുന്നെന്ന് കുടുംബം വിദഗ്ധസംഘത്തെ അറിയിച്ചിട്ടുണ്ട്. ഇത് വവ്വാലുകള്‍ എത്തുന്ന ഇടമാണോയെന്ന് സംഘം പരിശോധിക്കും. ചാത്തമംഗലം പഞ്ചായത്തിലെ 9ാം വാര്‍ഡിലാണ് കുട്ടിയുടെ വീട്. ഇതിന് മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടെ കണ്ടെയ്ന്‍മെന്റ് സോണാക്കി പ്രഖ്യാപിച്ചു.

ഞായറാഴ്ച രാവിലെയോടെയാണ് നിപ ബാധ സംശയിച്ച് ചികിത്സയിലായിരുന്ന പന്ത്രണ്ടുകാരന്‍ മരിക്കുന്നത്. കുട്ടി കഴിഞ്ഞ രണ്ട് ദിവസമായി വെന്റിലേറ്ററിലായിരുന്നു. കുട്ടി മരിച്ചതില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിന് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന കാര്യം പരിശോധിക്കുമെന്നും ആരോഗ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു.

മരിച്ച കുട്ടിക്ക് ഒരു ഘട്ടത്തിലും കൊവിഡ് സ്ഥിരീകരിച്ചിരുന്നില്ലെന്നും കുട്ടിയെ പനിയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചപ്പോള്‍ സ്രവ പരിശോധന നടത്താതിരുന്നത് എന്തുകൊണ്ടെന്ന് പരിശോധിക്കുമെന്നാണ് വീണ ജോര്‍ജ് അറിയിച്ചിട്ടുള്ളത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Nipha Virus; The route map of the 12-year-old who died has been published