നിപ; കേന്ദ്ര സംഘം കോഴിക്കോട്, ജാഗ്രത തുടരുന്നു, ചികിത്സയിലിരിക്കുന്നവരുടെ ആരോഗ്യ വിവരങ്ങള്‍
Kerala News
നിപ; കേന്ദ്ര സംഘം കോഴിക്കോട്, ജാഗ്രത തുടരുന്നു, ചികിത്സയിലിരിക്കുന്നവരുടെ ആരോഗ്യ വിവരങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 14th September 2023, 11:05 am

കോഴിക്കോട്: മൂന്നാം തവണയും നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് അതീവ ജാഗ്രത തുടരുന്നു. കോഴിക്കോട് ജില്ലയിലാകെ കനത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള ഒരുക്കത്തിലാണ് ജില്ലാ ഭരണകൂടം. ജില്ലയിലെ സ്‌കൂളുകള്‍ക്ക് രണ്ട് ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വടകര താലൂക്കിന് കീഴിലുള്ള 9 പഞ്ചായത്തുകളിലായിട്ടാണ് കണ്ടെയ്ന്‍മെന്റ് സോണുകളുള്ളത്.

കേന്ദ്ര സംഘം കോഴിക്കോടെത്തിയിട്ടുണ്ട്. വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള സംഘമാണ് ഇന്ന് രാവിലെയോടെ കോഴിക്കോട് കളക്ട്രേറ്റിലെത്തിയിട്ടുള്ളത്. ഐ.സി.എം.ആര്‍, എന്‍.സി.ഡി.സി, പൂനൈ എന്‍.ഐ.വി എന്നിവിടങ്ങളില്‍ നിന്നുള്ള സംഘങ്ങളാണ് കോഴിക്കോടെത്തിയിട്ടുള്ളത്.

എന്‍.ഐ.വിയില്‍ നിന്നുള്ള സംഘം കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ലാബില്‍ സജ്ജീകരണങ്ങളൊരുക്കും. അത്‌കൊണ്ട് തന്നെ ഇനിയുള്ള പരിശോധനകള്‍ പെട്ടെന്ന് തന്നെ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരിശോധനയും ഫലവും ഇവിടെ നിന്ന് തന്നെ ഉറപ്പാക്കാന്‍ കഴിയുന്ന സംവിധാനമാണ് ഇവര്‍ ഒരുക്കുക. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച വവ്വാലുകളുടെ സര്‍വ്വെ ഇന്ന് നടക്കും. ജാനകിക്കാട് ഉള്‍പ്പെടുന്ന മേഖലകളിലാണ് സര്‍വെ നടക്കുക.

അതേസമയം കോഴിക്കോട് മിംസ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുന്ന 9 വയസുള്ള കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായിത്തന്നെ തുടരുകയാണ്. കാര്യമായ പുരോഗതിയുണ്ടായിട്ടില്ല എന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം. 30ാം തിയ്യതി മരണപ്പെട്ട മരുതോങ്കര സ്വദേശിയുടെ മകനാണ് ഈ കുട്ടി. മരണപ്പെട്ടയാളുടെ രണ്ട് മക്കള്‍ക്കും ലക്ഷണങ്ങളുണ്ടായിരുന്നു എങ്കിലും പെണ്‍കുട്ടിയുടെ പരിശോധഫലം നെഗറ്റീവായിരുന്നു.

രോഗം സ്ഥിരീകരിച്ച മറ്റൊരു വ്യക്തിയായ മരണപ്പെട്ട മരുതോങ്കര സ്വദേശിയുടെ ഭാര്യാ സഹോദരന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടായിട്ടുണ്ടെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിക്കുന്നു. ഇന്നലെ വൈകീട്ട് രോഗം സ്ഥിരീകരിച്ച കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിലെ മെയ്ല്‍ നഴ്‌സിന്റെ ആരോഗ്യ സ്ഥിതിയില്‍ കാര്യമായ ആശങ്ക വേണ്ടെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. അദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റുമെന്ന് അറിയിച്ചിരുന്നെങ്കിലും ഉടനടി മാറ്റേണ്ട ആവശ്യമില്ലെന്നാണ് അധികൃതരുടെ ഭാഗത്ത് നിന്നുള്ള അറിയിപ്പ്. ഇത്തരത്തില്‍ മൂന്ന് ആക്ടീവ് നിപ കേസുകളാണ് നിലവില്‍ കോഴിക്കോടുള്ളത്.

20 പേര്‍ നിപ ലക്ഷണങ്ങളോടെ ഇപ്പോഴും ചികിത്സയിലുണ്ട്. 13 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡിലാണ് ചികിത്സയിലുള്ളത്. അവരുടെ ആരോഗ്യ സ്ഥിതിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യവകുപ്പ് അറിയിക്കുന്നു. ഇതില്‍ 11 പേരുടെ പരിശോധന ഫലം ഇന്ന് വൈകീട്ടോടെ പൂനെ വൈറോളജി ലാബില്‍ നിന്ന് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകരുടേതുള്‍പ്പെടെയുള്ള ഫലങ്ങള്‍ ഇതിലുണ്ടാകും. രോഗത്തിന്റെ വ്യാപനം എത്രത്തോളം ഉണ്ടായിട്ടുണ്ട് എന്നതിന്റെ കൃത്യമായ സൂചന ഇന്ന് വരുന്ന പരിശോധന ഫലങ്ങളില്‍ നിന്ന് ലഭിക്കുമെന്നാണ് ആരോഗ്യ വകുപ്പ് കരുതുന്നത്.

content highlights: Nipah; Central team Kozhikode, vigil continues, health information of those under treatment