നിപ, ഇതുവരെ; ആരോഗ്യമന്ത്രി നിയമസഭയില്‍ നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം
കോഴിക്കോട്: നിപ സമ്പര്‍ക്ക പട്ടികയില്‍ ഇതുവരെയുള്ളത് 706 പേരാണെന്ന് ആരോഗ്യമന്ത്രി നിയമസഭയില്‍. എണ്ണം ഇനിയും വര്‍ദ്ധിക്കാനുള്ള സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു. ഇതുവരെയുള്ള സമ്പര്‍ക്കപട്ടികയില്‍ 157 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണെന്നും മന്ത്രി അറിയിച്ചു. 35 സാമ്പിളുകള്‍ ഇതുവരെ പരിശോധനക്ക് അയച്ചെന്നും ഇതില്‍ 22 പേരുടെ പരിശോധനാഫലമാണ് ലഭിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. ഫലം വന്ന 22 പേരില്‍ 4 എണ്ണമാണ് പോസിറ്റീവായിട്ടുള്ളതെന്നും കോഴിക്കോടും തോന്നക്കലിലും പരിശോധനാ സംവിധാനങ്ങള്‍ ലഭ്യമാണെന്നും ആരോഗ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
ആരോഗ്യമന്ത്രി നിയമസഭയില്‍ നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം
കോഴിക്കോട് ജില്ലയില്‍ വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ ആരോഗ്യ സംവിധാനവും ജാഗ്രതയിലാണ്. കോഴിക്കോട് ജില്ലയില്‍ ആരോഗ്യ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. കണ്ണൂര്‍, വയനാട്, മലപ്പുറം തുടങ്ങിയ സമീപ ജില്ലകളും ജാഗ്രതപുലര്‍ത്തണം. ഈ മാസം 11നാണ് കോഴിക്കോട് ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ അസ്വാഭാവിക പനിക്കേസുകള്‍ ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയില്‍പെടുന്നത്. ആരോഗ്യവകുപ്പ് മന്ത്രിയുടെ നിര്‍ദേശാനുസരണം ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഉടന്‍ തന്നെ സര്‍വൈലന്‍സിനും പനിക്കേസുകളുടെ വിവരശേഖരണത്തിനും കോഴിക്കോട് ജില്ല മെഡിക്കല്‍ ഓഫീസറെ ചുമതലപ്പെടുത്തി.
ഒരു കുടുംബത്തിലെ രണ്ട് കുട്ടികളും അവരുടെ അടുത്ത ബന്ധുവുമാണ് പനി ബാധിച്ച് ചികിത്സയിലുണ്ടായിരുന്നത്. വിവരണശേഖരണത്തില്‍ നിന്ന് ചികിത്സയിലുള്ള കുട്ടികളുടെ പിതാവ് ഓഗസ്റ്റ് 30ന് പനിബാധിച്ച് മരണപ്പെട്ടതായി കണ്ടെത്തി. സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ആ വ്യക്തിയുടെ ചികിത്സ വിവരങ്ങള്‍ ശേഖരിച്ചു. പനി ബാധിച്ച് ചികിത്സയിലുള്ളവരുടെ വിവരങ്ങള്‍ക്കൊപ്പം പ്രാദേശിക വിവര ശേഖരണവും നടത്തി. വിവരശേഖരണത്തിന്റെയും വിശകലനത്തിന്റെയും അടിസ്ഥാനത്തില്‍ നിപ സംശയിക്കുകയും അന്ന് തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജിലുള്ള ലാബില്‍ ചികിത്സയിലുള്ളവരുടെ സാമ്പിളുകള്‍ പരിശോധനക്ക് വിധേയമാക്കുകയും ചെയ്തു.
തിരുവനന്തപുരത്ത് മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ നിശ്ചയിച്ചു. നിപയുടെ സ്ഥിരീകരണ റിപ്പോര്‍ട്ട് വരുന്നതുവരെ ഈ കേസുകളെല്ലാം നിപയായി കരുതി അതിനനുസരിച്ചുള്ള നിയന്ത്രണങ്ങല്‍ സ്വീകരിക്കാന്‍ തീരുമാനിക്കുകയും അത് നടപ്പിലാക്കുകയും ചെയ്തു. അന്ന് സമാന ലക്ഷണങ്ങളുമായി ഒരു സ്വാകാര്യ ആശുപത്രിയില്‍ മരിച്ച വ്യക്തിയുടെ സ്രവങ്ങളും നിപ പരിശോധനക്കായി അയക്കാനും തീരുമാനിച്ചു. ഫലം വരുന്നത് വരെ നിപ പ്രോട്ടോകോള്‍ പ്രകാരം ആ മൃതദേഹം സൂക്ഷിക്കാനും തീരുമാനിച്ചു. അന്ന് രാത്രി മെഡിക്കല്‍ കോളേജിലെ പരിശോധന ഫലം പോസീറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പൂനെയിലേക്ക് അയച്ചു.
11ാം തിയ്യതി തന്നെ മരുതോങ്കര പഞ്ചായത്തില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നുള്ള പ്രവര്‍ത്തകരെത്തി പനി സര്‍വ്വെ നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം ആരോഗ്യമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും 12ാം തിയ്യതി തന്നെ കോഴിക്കോടെത്തി. പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമുണ്ടായിരുന്നു. 12ന് രാവിലെ 10.30ന് ആരോഗ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ഉന്ന ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. പനിബാധിച്ച് മരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കത്തിലുള്ളവരുടെ പട്ടിക ഈ യോഗത്തില്‍ അവതരിപ്പിക്കപ്പെട്ടു. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും നിപ ആക്ഷന്‍ പ്ലാന്‍ പ്രകാരം 19 ടീമുകളുള്ള നിപ കോര്‍കമ്മിറ്റി രൂപീകരിച്ചു.
കോഴിക്കോട് സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചു. കോള്‍സെന്ററും സജ്ജമാക്കി. ആരോഗ്യ വകുപ്പിന്റെ ദിശ സംവിധാനവും ഇതിലേക്ക് ബന്ധിപ്പിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഐസോലേഷന്‍ സംവിധാനവും വെന്റിലേറ്റര്‍, ഐ.സി.യു സൗകര്യങ്ങളും ഉറപ്പുവരുത്തി. പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ കുറ്റ്യാടി, നാദാപുരം എം.എല്‍.എമാരുടെ നേതൃത്വത്തില്‍ 8 പഞ്ചായത്ത് പ്രസിഡന്റുമാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും യോഗം ചേര്‍ന്ന് തയ്യാറെടുപ്പുകള്‍ വിലയിരുത്തി. വൈകീട്ട് മന്ത്രിമാരുടെയും നാദാപരും, കുറ്റ്യാടി എം.എല്‍.എമാരുടെയും ജില്ലാ കളക്ടറുടെയും ജില്ലാ പോലീസ് മേധാവിയുടെയും നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
12ാം തിയ്യതി രാത്രി 9 മണിയോടെ പൂനെയില്‍ നിന്ന് ഔദ്യോഗിക ഫലം വന്നു. മൂന്ന് പേര്‍ക്ക് നിപ സ്ഥിരീകരിച്ചു. 30ാം തിയ്യതി മരിച്ച വ്യക്തിയുടെ മകനും ഭാര്യ സഹോദരനും 11ാം തിയ്യതി മരണപ്പെട്ട വ്യക്തിക്കുമാണ് സ്ഥിരീകരിച്ചത്. 11ാം തിയ്യതി മരണപ്പെട്ട വ്യക്തിക്ക് 30ാം തിയ്യതി മരണപ്പെട്ട വ്യക്തിയുമായി ബന്ധമുണ്ടായിട്ടുട്ട്. 13ാം തിയ്യതി ഒരു പോസിറ്റീവ് കേസ് കൂടി കണ്ടെത്തി. കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകനായിരുന്നു അദ്ദേഹം. ഇന്നലെ വൈകീട്ട് വരെ 706 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. ഇവരില്‍ 76 പേര്‍ ഹൈറിസ്‌ക് വിഭാഗത്തില്‍ പെട്ടവരാണ്. 72 പേരും രോഗികളുടെ ബന്ധുക്കളാണ്. മറ്റു 4 പേര്‍ മരണാനന്തര കര്‍മങ്ങളില്‍ നേരിട്ട് ബന്ധപ്പട്ടവരാണ്. 157 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. രോഗ ലക്ഷണങ്ങളുള്ള 35 പേരുടെ സാമ്പിളുകളാണ് ഇതുവരെ ശേഖരിച്ചത്. 22 പേരുടെ പരിശോധന ഫലമാണ് വന്നിട്ടുള്ളത്. നാല് പേരുടെ റിസല്‍ട്ടാണ് പോസിറ്റീവായിട്ടുള്ളത്.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 14 പേരാണ് ഐസോലേഷനിലുള്ളത്. പ്രതിരോധത്തിനും ചികിത്സക്കും ആവശ്യമായ എല്ലാ സജ്ജീകരണങ്ങലും ജില്ലയില്‍ ഒരുക്കിയിട്ടുണ്ട്. ആംബുലന്‍സുകളും സജ്ജമാക്കിയിട്ടുണ്ട്. മരുന്നുകളുടെയും പ്രതിരോധ സാമഗ്രികളുടെയും ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ട്. 13ന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഐസോലേഷനിലുള്ളവരുടെ സഹായത്തിന് വളണ്ടിയര്‍ സേവനം കൂടുതലായി ലഭ്യമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വാര്‍ഡ് തിരിച്ച് സന്നദ്ധ പ്രവര്‍ത്തകരുടെ ടീമിനെ സജ്ജീകരിക്കും. വളണ്ടിയര്‍മാര്‍ക്ക് ബാഡ്ജുമുണ്ടാകും. പഞ്ചായത്ത് നിശ്ചയിക്കുന്നവരാകും വളണ്ടിയര്‍മാരാകുന്നത്. പൊലീസിന്റെ പ്രത്യേക ശ്രദ്ധയുമുണ്ടാകും.
രോഗ നിര്‍ണയത്തിന് കോഴിക്കോടും തോന്നക്കലിലും തുടര്‍ന്നും പരിശോധനകള്‍ നടത്തും. സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ എണ്ണം വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ടിങ് ടീമും രൂപീകരിച്ചിട്ടുണ്ട്. സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ക്കുണ്ടാകുന്ന ടെന്‍ഷന്‍, ഉത്കണ്ഡ, ഉറക്കക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങള്‍ അവരുടെ ബന്ധുക്കള്‍ക്കുണ്ടാകുന്ന ആശങ്കയും പരിഗണിച്ചാണ് ഈ ടീം രൂപീകരിച്ചത്. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പെട്ട കുഞ്ഞുങ്ങള്‍ പ്രത്യേക മാനസിക പിന്തുണ ഉറപ്പാക്കും. ഇപ്പോള്‍ സംസ്ഥാനത്ത് നിപ രോഗ നിര്‍ണയത്തിന് ലാബുകള്‍ സജ്ജമാണ്. കോഴിക്കോടും തോന്നക്കലിലും സൗകര്യങ്ങളുണ്ട്. ഇത് രണ്ടും സംസ്ഥാന സര്‍ക്കാറിന്റെ നിയന്ത്രണത്തിലും ഉടമസ്ഥതയിലുമുള്ളമാണ്. 2018 സംസ്ഥാനത്ത് നിപ പ്രോട്ടോകോള്‍ പുറത്തിറക്കിയിരുന്നു. 2021ല്‍ ഇത് പരിഷ്‌കരിച്ചു. നിപയുമായി ബന്ധപ്പെട്ട ചികിത്സയും മറ്റു കാര്യങ്ങളും ഈ പ്രോട്ടോകോള്‍ പ്രകാരമാണ് നടക്കുന്നത്.
2022ല്‍ വനം, ആരോഗ്യ വകുപ്പുകളുടെ സംയുക്ത വര്‍ക്‌ഷോപ്പ് നടത്തിയിരുന്നു. ഈ വര്‍ക്‌ഷോപ്പിന്റെ അടിസ്ഥാനത്തില്‍ നിപ നിയന്ത്രിക്കുന്നതിന് വേണ്ടിയുടെ പ്രവര്‍ത്തനങ്ങള്‍ക്കുമായി കലണ്ടര്‍ രൂപീകരിച്ച് അതിന്റെയടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയും ചെയ്യുന്നുണ്ട്. നിപ ഔട്ട്‌ബ്രേക്ക് നിരീക്ഷിക്കാനുള്ള സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ഇതുവരെ വവ്വാലുകളില്‍ നിന്നല്ലാതെ മറ്റു സസ്തനികളില്‍ നിപ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടില്ലാത്തിതിനാല്‍ നന്നായി വേവിച്ച ഇറച്ചി കഴിക്കുന്നതിന് തടസ്സമില്ല.
മാസ്‌ക്, ശാരീരിക അകലം, കൈകളുടെ ശുചിത്വം എന്നിവ ഉറപ്പ് വരുത്തേണ്ടതുണ്ട്. പനി, തൊണ്ടവേദന, ജലദോഷം എന്നിവയുള്ള കുഞ്ഞുങ്ങളെ സ്‌കൂളില്‍ അയക്കരുത്. രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ആരോഗ്യ പ്രവര്‍ത്തകരെ കണ്ട് നിര്‍ദേശാനുസരണമുള്ള ചികിത്സ തേടണം. നിലത്ത് വിണ് കിടക്കുന്നതും, പക്ഷിമൃഗാദികള്‍ കടിച്ചതുമായ പഴങ്ങളോ, അടക്കയോ ഉപയോഗിക്കകരുത്. വവ്വാലുകള്‍ കാണപ്പെടുന്ന പ്രദേശങ്ങളില്‍ നിന്നുള്ള തെങ്ങ്, പന എന്നിവയില്‍ തുറന്ന പാത്രങ്ങളിള്‍ ശേഖരിച്ച കള്ള് ഉപയോഗിക്കരുത്. പഴങ്ങളും പച്ചക്കറികളും കഴുകി മാത്രം ഉപയോഗിക്കുക. കിണറുകള്‍ തുടങ്ങിയ ജലസ്രോതസ്സുകളില്‍ വവ്വാലുകള്‍ വരാതെ സൂക്ഷിക്കണം. ആശങ്ക വേണ്ടതില്ല, നമുക്ക് ജാഗ്രതയോടെ ഒറ്റക്കെട്ടായി ഇതിനെ നേരിടാം
content highlights; nipa; Full version of the speech delivered by the Health Minister in the Assembly