Entertainment
വുമണ്‍ എംപവര്‍മെന്റ് മൂവിയാണെന്ന് കരുതി ആ ഹൊറര്‍ ചിത്രം കണ്ടു; പി.വി.ആറില്‍ നിന്നും കൂവി വിളിച്ച് കരഞ്ഞു: നിഖില വിമല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 24, 07:40 am
Monday, 24th February 2025, 1:10 pm

മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് നിഖില വിമല്‍. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഭാഗ്യദേവതയിലൂടെയാണ് നടി തന്റെ സിനിമാജീവിതം ആരംഭിച്ചത്. മലയാളത്തിന് പുറമെ തമിഴിലും മികച്ച സിനിമകളുടെ ഭാഗമാകാന്‍ നിഖിലക്ക് സാധിച്ചിട്ടുണ്ട്.

ഇപ്പോള്‍ തനിക്ക് വയലന്‍സ് നിറഞ്ഞ സിനിമകള്‍ കാണാന്‍ പേടിയാണെന്ന് പറയുകയാണ് നിഖില വിമല്‍. റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി. സ്റ്റുഡിയോയില്‍ വെച്ച് മാര്‍ക്കോ സിനിമയുടെ മിക്‌സിങ് കണ്ടതിനെ കുറിച്ചും ശ്രദ്ധ കപൂര്‍ നായികയായി ഹൊറര്‍ ചിത്രമായ സ്ത്രീയുടെ ആദ്യ ഭാഗം തിയേറ്ററില്‍ പോയി കണ്ടതിനെ കുറിച്ചും നിഖില പറയുന്നു.

‘എന്റെ എല്ലാ എക്‌സ്പീരിയന്‍സിലും എനിക്ക് ഞെട്ടല്‍ ഉണ്ടാകുന്ന സമയത്ത് ഞാന്‍ കസേരയില്‍ നിന്നും താഴെ വീഴും. എനിക്ക് വലിയ പേടിയാണ്. ആ സമയത്ത് ഞാന്‍ പെട്ടെന്ന് നിലത്തേക്ക് ഇരിക്കും. ആ ഞാന്‍ മാര്‍ക്കോ കാണാന്‍ പോകുന്നതിനെ കുറിച്ച് ചിന്തിച്ച് നോക്കൂ.

മാര്‍ക്കോ സിനിമയുടെ മിക്‌സിങ്ങിന്റെ സമയത്ത് ആ സ്റ്റുഡിയോയില്‍ ഞാന്‍ പോയിരുന്നു. ആ സമയത്ത് എനിക്ക് അവിടെ മറ്റൊരു സിനിമയുടെ ഡബ്ബിങ് ഉണ്ടായിരുന്നു. താഴെ വെച്ചാണ് ഇവരുടെ മിക്‌സിങ് നടത്തുന്നത്.

ഞാന്‍ അപ്പോള്‍ ഹനീഫിനെ (ഹനീഫ് അദേനി) കാണാനായിട്ട് അവിടേക്ക് പോയി. ഞാന്‍ മിക്‌സിങ് നടക്കുന്ന സ്ഥലത്തേക്ക് കയറിയിട്ട് ഹനീഫിനോട് സംസാരിച്ചു. ഇടക്ക് സ്‌ക്രീനിലേക്ക് നോക്കുമ്പോള്‍ ഒരു ഇറച്ചിവെട്ടുകാരന്‍ ഇറച്ചിവെട്ടുന്നു. അപ്പോള്‍ ഞാന്‍ അത് വലിയ കാര്യമാക്കിയില്ല.

എന്തോ സംസാരിച്ചിട്ട് ഞാന്‍ പിന്നെയും സ്‌ക്രീനിലേക്ക് നോക്കുമ്പോള്‍ കാണുന്നത് ഒരു കയ്യും കാലുമൊക്കെയാണ് (ചിരി). അത് കണ്ടതും ഞാന്‍ ഇപ്പോള്‍ വരാം കേട്ടോയെന്നും പറഞ്ഞിട്ട് അവിടുന്ന് ഇറങ്ങി ഓടുകയായിരുന്നു.

എനിക്ക് വയലന്‍സ് അധികം കണ്ടിരിക്കാന്‍ പറ്റില്ല. ഏറ്റവും അവസാനം ഞാന്‍ കണ്ട വയലന്റ് മൂവി സ്ത്രീ വണ്‍ ആയിരുന്നു. അതും സിനിമയുടെ പേരില്‍ ‘സ്ത്രീ’ എന്ന് കണ്ടതും വുമണ്‍ എംപവര്‍മെന്റ് സിനിമ ആണെന്ന് കരുതിയാണ് കാണാന്‍ പോയത്.

ആ ധൈര്യത്തിലായിരുന്നു ഞാന്‍ പോയത്. സാധാരണ ഹൊറര്‍ പടം കാണാന്‍ പോകുമ്പോള്‍ എനിക്ക് ചില സെറ്റപ്പുകള്‍ ഉണ്ടാകും. ഞാന്‍ മണാലിയില്‍ പോകുന്നത് പോലെയാണ് തിയേറ്ററില്‍ പോകുക. സോക്‌സും മഫ്‌ലറും ഷാളും എടുത്തിട്ടാണ് പോകുക. പേടിപെടുത്തുന്ന സീന്‍ വരുമ്പോള്‍ ഞാന്‍ ഷാള്‍ എടുത്ത് മുഖം കവര്‍ ചെയ്യും.

പക്ഷെ സ്ത്രീ കാണാന്‍ പോകുമ്പോള്‍ ഞാന്‍ ഒന്നുമെടുക്കാതെയാണ് പോയത്. ഒരു വുമണ്‍ എംപവര്‍മെന്റ് ചിത്രം കാണാന്‍ പോകുമ്പോള്‍ അതിന്റെ ആവശ്യമില്ലല്ലോ. എന്നിട്ട് പടം കണ്ടിട്ട് ഞാന്‍ പി.വി.ആറില്‍ നിന്നും ഉറക്കെ കരയുകയായിരുന്നു. കൂവി വിളിച്ച് കരഞ്ഞു,’ നിഖില വിമല്‍ പറഞ്ഞു.

Content Highlight: Nikhila Vimal Talks About Stree Movie