Advertisement
national news
ജനതാദള്‍ യൂത്ത് വിങ് പ്രസിഡന്റ് സ്ഥാനം രാജിവെച്ച് നിഖില്‍ കുമാരസ്വാമി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 May 25, 09:40 am
Thursday, 25th May 2023, 3:10 pm

ബെംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ എച്ച്.ഡി കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമി ജനതാദള്‍ യുവജനവിഭാഗം പ്രസിഡന്റ് സ്ഥാനത്ത് നിന്നും രാജിവെച്ചു. തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടാണ് രാജി. താന്‍ പാര്‍ട്ടിക്കൊപ്പം ഉണ്ടാകുമെന്നും പുതിയ നേതൃത്വത്തിന് അവസരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


‘തോല്‍വി എന്നത് അവസാനമല്ല. തെരഞ്ഞടുപ്പിലെ തോല്‍വിയില്‍ പാര്‍ട്ടിയെ ശക്തമായി കെട്ടിപ്പടുക്കാനുള്ള ത്യാഗ മനോഭാവത്തോട് കൂടി നാമെല്ലാവരും നമ്മുടെ കടമ നിര്‍വഹിക്കണം. പുതിയ നേതൃത്വം വരാന്‍ അനുവദിക്കണം. ജനതാദള്‍ യൂത്ത് വിങ്ങിന്റെ പ്രസിഡന്റ് സ്ഥാനം ഞാന്‍ രാജിവെക്കുന്നു. നിങ്ങളോട് ഇത് അംഗീകരിക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു,’ രാജിക്കത്തില്‍ നിഖില്‍ പറയുന്നു.

മെയ് 10നായിരുന്നു കര്‍ണാടക തെരഞ്ഞെടുപ്പ് നടന്നത്. 13ന് ഫലം പുറത്ത് വന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇഖ്ബാല്‍ ഹുസൈനോടായിരുന്നു നിഖില്‍ തോറ്റത്.

അതേസമയം, സംസ്ഥാന പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് നിന്ന് ഇബ്രാഹിമും രാജിവെച്ചു. തെരഞ്ഞെടുപ്പ് സമയത്തെ പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്. പാര്‍ട്ടിയുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കര്‍ണാടക തെരഞ്ഞെടുപ്പില്‍ 19 സീറ്റുകളാണ് ജെ.ഡി.എസിന് നേടാനായത്. 1999ന് ശേഷമുള്ള ജെ.ഡി.എസിന്റെ ഏറ്റവും മോശം പ്രകടനമായിരുന്നു ഇത്. 2018ലെ തെരഞ്ഞെടുപ്പില്‍ 37 സീറ്റുകള്‍ പാര്‍ട്ടി നേടിയിരുന്നു.

അതിനിടെ മുന്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയെ ജെ.ഡി.എസ് നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പ് പരാജയത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഉടന്‍ തന്നെ യോഗം ചേരുമെന്നും എല്ലാ നേതാക്കള്‍ക്കും അഭിപ്രായം പറയാനുള്ള അവസരമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനായി കൂടുതല്‍ യുവനേതാക്കളെ ഉത്തരവാദിത്തമേല്‍പ്പിക്കുമെന്ന സൂചനയും അദ്ദേഹം നല്‍കി.

Contenthighlight: Nikhil kumara swami resign as jds youth wing president