ലെഗോസ്: നൈജീരിയയിലെ നാല്പതോളം സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ ബാഗിനും പാഠപുസ്തകങ്ങള്‍ക്കുമൊപ്പം മറ്റൊരു സഞ്ചിയില്‍ ആക്രി സാധനങ്ങളും കരുതും. പുനഃരുപയോഗിക്കാന്‍ സാധിക്കുന്ന ആക്രികള്‍ വിറ്റുകിട്ടുന്ന പണം വിദ്യാര്‍ത്ഥികളുടെ പഠനാവശ്യത്തിന് ഉപയോഗിക്കാം.
ട്യൂഷന്‍ ഫീസ് കൊടുക്കാന്‍ വകയില്ലാത്ത കുട്ടികള്‍ക്കായാണ് ആഫ്രിക്കന്‍ ക്ലീനപ്പ് ഇനീഷ്യേറ്റീവ് എന്ന സംഘടന സ്‌കൂളുകളില്‍ ഇത്തരത്തിലൊരു സംവിധാനം ഒരുക്കിയത്.
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സഹായം നല്‍കുന്നതിനോടൊപ്പം നാടിനെ മാലിന്യ മുക്തമാക്കുക കൂടിയാണ് സംഘടനയുടെ ലക്ഷ്യമെന്ന് ആഫ്രിക്കന്‍ ക്ലീനപ്പ് ഇനീഷ്യേറ്റീവിന്റെ സ്ഥാപകന്‍ അലക്‌സാണ്ടര്‍ അഖിഗ്‌ബെ പറഞ്ഞു. ആക്രികള്‍ വിറ്റുകിട്ടുന്ന പണം അധ്യപകര്‍ക്ക് വേതനം നല്‍കുന്നതിനും വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോമും മറ്റ് സ്‌റ്റേഷനറി സാധനങ്ങള്‍ക്കും ഉപയോഗിക്കാന്‍ സാധിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശരാശരി 10,000 രൂപയാണ് സ്‌കൂളുകളിലെ വാര്‍ഷിക ഫീസ്. വിദ്യാര്‍ത്ഥികള്‍ എത്തിക്കുന്ന ആക്രി സാധനങ്ങളില്‍ നിന്ന് മതിയായ തുക കണ്ടെത്താന്‍ സാധിക്കുന്നുണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതല്‍ കുട്ടികള്‍ ഇപ്പോള്‍ സ്‌കൂളില്‍ വരുന്നുണ്ടെന്നും വിദ്യാര്‍ഥികളുടെ എണ്ണം കൂടിയതോടെ മറ്റൊരു കെട്ടിടത്തിലേക്ക് കൂടി ക്ലാസുകള്‍ മാറ്റിയെന്നും മൈ ഡ്രീം സ്‌റ്റെഡിലെ പ്രധാനാധ്യാപകന്‍ പറഞ്ഞു.
വീടുകളില്‍ നിന്ന് മാല്യന്യം ലഭിക്കാതെ വരുമ്പോള്‍ കുട്ടികള്‍ തെരുവുകളില്‍ നിന്ന് ആക്രികള്‍ ശേഖരിക്കാന്‍ തുടങ്ങിയെന്നും ഒട്ടുമിക്ക പ്രദേശങ്ങളും ഇപ്പോള്‍ മാലിന്യ മുക്തമായെന്നും ആഫ്രിക്കന്‍ ക്ലീനപ്പ് ഇനീഷ്യേറ്റീവ് സ്ഥാപകന്‍ കൂട്ടിച്ചേര്‍ത്തു.