കോളറ; നൈജീരിയയില്‍ 175 പേര്‍ കൊല്ലപ്പെട്ടു, 10,000 പേര്‍ അസുഖബാധിതരെന്ന് റിപ്പോര്‍ട്ട്
World News
കോളറ; നൈജീരിയയില്‍ 175 പേര്‍ കൊല്ലപ്പെട്ടു, 10,000 പേര്‍ അസുഖബാധിതരെന്ന് റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 12th November 2018, 9:01 pm

അബുജ: നൈജീരിയില്‍ പൊട്ടിപ്പുറപ്പെട്ട കോളറാ ബാധയില്‍ ഇതു വരെ 175 പേര്‍ കൊല്ലപ്പെട്ടതായി നോര്‍വീജിയന്‍ റെഫ്യൂജി കൗണ്‍സില്‍. 10,000 പേര്‍ ദുരന്തബാധിതരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വൃത്തിഹീനമായ ക്യാമ്പുകളും മതിയായ ശുചീകരണ സൗകര്യങ്ങള്‍ ഇല്ലാത്തതുമാണ് രോഗം പടരുന്നതിന് കാരണമായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ക്യാമ്പുകളിലെ ഇടുങ്ങിയ പരിസ്ഥിതി മതിയായ അളവില്‍ വെള്ളം ലഭിക്കുന്നതിന് തടയസ്സമുണ്ടാക്കുന്നു, ഇത് വൃത്തിഹീനമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. രോഗം പടരാനുള്ള ഏറ്റവും ഗുരുതരമായ ഒരു കാരണം ഇതാണ്”- സംഘടനയുടെ പ്രോഗ്രാം മാനേജര്‍ ജാനെറ്റ് ചെറോണോ പറഞ്ഞു.

പ്രദേശത്തെ മഴയും രോഗം പടരാന്‍ അനുകൂലമായ സാഹചര്യം സൃഷ്ടിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2019 നൈജീരിയയില്‍ ഇനിയും കോളറ പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും ചെറോണോ നല്‍കി. അന്താരാഷ്ട്ര സമൂഹം നൈജീരയെ അടിയന്തരമായി സഹായിക്കണമെന്നും ചെറോണോ അഭ്യര്‍ത്ഥിച്ചു.

കോളറാ ബാധിത പ്രദേശത്ത് കൂടതല്‍ സന്നദ്ധസേവകരെ നിയോഗിക്കാനും കൂടുതല്‍ മെച്ചപ്പെട്ട പരിസ്ഥിതി സൃഷ്ടിക്കാനും ബോര്‍ണോ, അദാമാവ, യോബ് എന്നീ പ്രദേശങ്ങളിലെ അധികൃതരോട് ആവശ്യപ്പെടുന്നുണ്ട് റിപ്പോര്‍ട്ടില്‍.

ബൊക്കോ ഹറാമിന്റെ ആക്രമണം മൂലം 1.8 മില്ല്യണ്‍ ആളുകളാണ് ഇതുവരെ നൈജീരിയയില്‍ നിന്നും പാലായനം ചെയ്തത്.