സൗത്ത് ആഫ്രിക്കയെ അടിച്ചപ്പോൾ ഗെയ്‌ലും വീണു; കരീബിയൻ കൊടുങ്കാറ്റിൽ ചരിത്രം തിരുത്തിക്കുറിച്ചു
Cricket
സൗത്ത് ആഫ്രിക്കയെ അടിച്ചപ്പോൾ ഗെയ്‌ലും വീണു; കരീബിയൻ കൊടുങ്കാറ്റിൽ ചരിത്രം തിരുത്തിക്കുറിച്ചു
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 24th August 2024, 2:44 pm

വെസ്റ്റ് ഇന്‍ഡീസ്-സൗത്ത് ആഫ്രിക്ക മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിന്‍ഡീസിന് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ബ്രെയിന്‍ ലാറ ക്രിക്കറ്റ് അക്കാദമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നേടിയ വെസ്റ്റ് ഇന്‍ഡീസ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത സൗത്ത് ആഫ്രിക്ക നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ വിന്‍ഡീസ് 13 പന്തുകളും ഏഴ് വിക്കറ്റുകളും ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.

മത്സരത്തില്‍ വിന്‍ഡീസിന് വേണ്ടി നിക്കോളാസ് പൂരന്‍ 26 പന്തില്‍ പുറത്താവാതെ 65 റണ്‍സ് നേടി തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. ഏഴ് കൂറ്റന്‍ സിക്‌സുകളും രണ്ട് ഫോറുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. 250.00 സ്‌ട്രൈക്ക് റേറ്റിലായിരുന്നു പൂരന്റെ ഇന്നിങ്‌സ്.

ഈ തകര്‍പ്പന്‍ പ്രകടനത്തിനന് പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് പൂരന്‍ സ്വന്തമാക്കിയത്. ഒരു കലണ്ടര്‍ ഇയറില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന രണ്ടാമത്തെ താരമായി മാറാനാണ് പൂരന് സാധിച്ചത്. ഇതിനോടകം തന്നെ 2024 കലണ്ടര്‍ 125 സിക്‌സുകളാണ് താരം അടിച്ചെടുത്തത്.

2012 കലണ്ടര്‍ വിന്‍ഡീസ് വെടിക്കെട്ട് ബാറ്റര്‍ ക്രിസ് ഗെയ്ല്‍ നേടിയ 121 സിക്‌സുകള്‍ മറികടന്നു കൊണ്ടാണ് പൂരന്‍ ഈ നേട്ടം സ്വന്തമാക്കിയത്. ഈ നേട്ടത്തില്‍ ഒന്നാമതുള്ളതും ഗെയ്ല്‍ തന്നെയാണ്. 2015ല്‍ 135 സിക്‌സുകളാണ് ഗെയ്ല്‍ നേടിയത്. വരാനിരിക്കുന്ന മത്സരങ്ങളില്‍ 10 സിക്‌സുകള്‍ കൂടി നേടാന്‍ പൂരന് സാധിച്ചാല്‍ ഈ ലിസ്റ്റില്‍ ഗെയ്ലിനെ മറികടക്കാന്‍ സാധിക്കും.

പൂരന് പുറമേ ഷായ് ഹോപ്പ് 36 പന്തില്‍ 51 റണ്‍സും അലിക്ക് അത്‌നാസെ 30 പന്തില്‍ 40 റണ്‍സ് നേടി വിന്‍ഡീസിന്റെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു.

ആദ്യം ബാറ്റ് ചെയ്ത സൗത്ത് ആഫ്രിക്കയ്ക്കായി ട്രിസ്റ്റണ്‍ 42 പന്തില്‍ 76 റണ്‍സ് നേടി മികച്ച പ്രകടനമാണ് നടത്തിയത്. എട്ട് ഫോറുകളും മൂന്ന് സിക്‌സുമാണ് താരം നേടിയയ്. പാട്രിക് ക്രൂഗര്‍ 32 പന്തില്‍ 44 റണ്‍സും നേടി നിര്‍ണായകമായി.

വിന്‍ഡീസ് ബൗളിങ്ങില്‍ മാത്യു ഫോര്‍ഡ് മൂന്ന് വിക്കറ്റും ഷമര്‍ ജോസഫ് രണ്ട് വിക്കറ്റും അകേല്‍ ഹുസൈന്‍, റൊമാരിയോ ഷെപ്പേര്‍ഡ് എന്നിവര്‍ ഓരോ വിക്കറ്റും നേടി നിര്‍ണായകമായി.

ഈ തകര്‍പ്പന്‍ വിജയത്തോടെ പരമ്പരയില്‍ 1-0ത്തിന് മുന്നിലെത്താനും വിന്‍ഡീസിന് സാധിച്ചു. ഓഗസ്റ്റ് 26നാണ് പരമ്പരയിലെ രണ്ടാം മത്സരം നടക്കുന്നത്. ബ്രയാന്‍ ലാറാ ക്രിക്കറ്റ് അക്കാദമിയിലാണ് മത്സരം നടക്കുക.

 

Content Highlight: Nicholas Pooran Create A new Record