ഒന്നും അറിയാതെ സംസാരിക്കാന്‍ എളുപ്പമാണ്, മെസി അങ്ങനെ തന്നെ തുടരും; ഇതിഹാസത്തിന് പിന്തുണയുമായി സൂപ്പര്‍താരം
Football
ഒന്നും അറിയാതെ സംസാരിക്കാന്‍ എളുപ്പമാണ്, മെസി അങ്ങനെ തന്നെ തുടരും; ഇതിഹാസത്തിന് പിന്തുണയുമായി സൂപ്പര്‍താരം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 1st August 2022, 1:22 pm

ഫുട്‌ബോള്‍ ലോകം കണ്ട എക്കാലത്തേയും മികച്ച കളിക്കാരില്‍ ഒരാളാണ് അര്‍ജന്റീനയുടെ ഇതിഹാസ താരമായ ലയണല്‍ മെസി. കഴിഞ്ഞ സീസണില്‍ തന്റെ മുന്‍ ക്ലബ്ബായ ബാഴ്‌സലോണയില്‍ നിന്നും ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയില്‍ എത്തിയിരുന്നു. അതിന് ശേഷം ബാഴ്‌സയിലെ പോലെ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല.

പി.എസ്.ജിയുടെ കളി രീതിയുമായി ഒത്തുപോകാന്‍ അദ്ദേഹത്തിന് സാധിച്ചില്ലായിരുന്നു. എന്നാല്‍ ഇത്തവണ അദ്ദേഹം അത് മറികടന്ന് മുന്നേറുമെന്നാണ് ആരാധരും പി.എസ്.ജിയും വിശ്വസിക്കുന്നത്. ഇപ്പോഴിതാ താരം തിരിച്ചുവരുമെന്ന് ഉറപ്പിച്ച് പറയുകയാണ് പി.എസ്.ജിയില്‍ മെസിയുടെ ടീം മേറ്റും ഏറ്റവും വലിയ സുഹൃത്തുക്കളിലൊരാളുമായ ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മര്‍ ജൂനിയര്‍.

മെസി തന്റെ കളിശൈലിയില്‍ ഒരു മാറ്റവും കൊണ്ടുവരേണ്ട ആവശ്യമില്ലെന്നാണ് നെയ്മര്‍ വിശ്വസിക്കുന്നത്. നാന്റസിനെതിരെ ട്രോഫി ഡെസ് ചാമ്പ്യന്‍സ് ഫൈനലിന് ശേഷം കാനല്‍ സപ്പോര്‍ട്ടേഴ്‌സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.എസ്.ജിക്ക് പുതിയ മെസിയെ ആവശ്യമുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു നെയ്മര്‍.

‘ഇല്ല, എനിക്ക് അങ്ങനെ തോന്നുന്നില്ല. ക്ലബ്ബിനുള്ളില്‍ എന്താണ് നടക്കുന്നതെന്ന് അറിയാതെ ആളുകള്‍ ഒരുപാട് സംസാരിക്കുന്നു. ഞങ്ങള്‍ ഇത് എല്ലാ ദിവസവും കാണുന്നു; ലയണല്‍ മെസി എങ്ങനെയായിരുന്നോ അങ്ങനെ തന്നെ തുടരുന്നു. അവന്‍ മാറില്ല, എല്ലായ്‌പ്പോഴും ടീമിന് ഒരു മാറ്റം കൊണ്ടുവരുന്ന താരമായി അവന്‍ കാണും. ഈ സീസണില്‍ ഞങ്ങള്‍ തുടരുമെന്നും മെസിക്കും എംബാപെക്കും എനിക്കും എല്ലാം നന്നായി നടക്കുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു. ഞങ്ങള്‍ മൂന്നു പേരും മികച്ചുനിന്നാല്‍ പി.എസ്.ജിയും മികച്ചു നില്‍ക്കും.

പുതിയ കോച്ചുമായി ചാമ്പ്യന്‍സ് ലീഗെന്ന സ്വപ്‌നം സാക്ഷാത്കരിക്കാനുള്ള പുറപ്പാടിലാണ് പി.എസ്.ജി. സൂപ്പര്‍താരങ്ങള്‍ക്ക് അവരുടെ റോള്‍ മനസിലാക്കാന്‍ സഹായിക്കുമെന്ന് പുതിയ കോച്ച് ഗാള്‍ട്ടിയര്‍ നേരത്തെ അറിയിച്ചിരുന്നു.

അതേസമയം ലീഗ് വണ്‍ ജേതാക്കളായ പി.എസ്.ജിയും കോപ്പ ഡി ഫ്രാന്‍സ് കിരീടം നേടിയ നാന്റസും ഏറ്റുമുട്ടിയ ട്രോഫി ഡെസ് ചാമ്പ്യന്‍സ് ഫൈനല്‍ മത്സരത്തില്‍ പി.എസ്.ജി മികച്ച വിജയം സ്വന്തമാക്കിയിരുന്നു.

നാല് ഗോളിനാണ് പി.എസ്.ജി. വിജയിച്ചത്. സൂപ്പര്‍ സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപെ ഇല്ലാതിരുന്ന മത്സരത്തില്‍ സൂപ്പര്‍താരങ്ങളായ മെസിയും നെയ്മറുമാണ് മുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ചത്. മെസി ഒരു ഗോള്‍ നേടിയപ്പോള്‍ നെയ്മര്‍ രണ്ട് ഗോള്‍ സ്വന്തമാക്കി. മുന്‍ റയല്‍ നായകനായിരുന്ന സ്പാനിഷ് ഡിഫന്‍ഡര്‍ സെര്‍ജിയോ റാമോസാണ് നാലാം ഗോള്‍ സ്വന്തമാക്കിയത്.

Content Highlights: Neymar says Messi will stay te same and doesnt needs to change