Sports News
സെഞ്ച്വറി, അടിച്ചാല്‍ തിരിച്ചടിക്കും അതിപ്പോള്‍ ഏത് സൗത്ത് ആഫ്രിക്കയായാലും; ചാമ്പ്യന്‍സ് ട്രോഫിയില്‍ പേടിച്ചേ മതിയാകൂ...
സ്പോര്‍ട്സ് ഡെസ്‌ക്
2025 Feb 10, 12:44 pm
Monday, 10th February 2025, 6:14 pm

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പായി നടക്കുന്ന ട്രൈസീരീസില്‍ സൗത്ത് ആഫ്രിക്കയെ തകര്‍ത്ത് ന്യൂസിലാന്‍ഡ്. ലാഹോറില ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിന്റെ വിജയമാണ് ന്യൂസിലാന്‍ഡ് സ്വന്തമാക്കിയത്. സൗത്ത് ആഫ്രിക്ക ഉയര്‍ത്തിയ 305 റണ്‍സിന്റെ വിജയലക്ഷ്യം എട്ട് പന്ത് ബാക്കി നില്‍ക്കവെ കിവികള്‍ മറികടന്നു.

സൂപ്പര്‍ താരം കെയ്ന്‍ വില്യംസണിന്റെ സെഞ്ച്വറിയുടെയും ഡെവോണ്‍ കോണ്‍വേയുടെ സെഞ്ച്വറിയോളം പോന്ന ഇന്നിങ്‌സിന്റെയും ബലത്തിലാണ് ബ്ലാക് ക്യാപ്‌സ് വിജയം സ്വന്തമാക്കിയത്.

വില്യംസണ്‍ 113 പന്തില്‍ പുറത്താകാതെ 133 റണ്‍സ് നേടിയപ്പോള്‍ 107 പന്തില്‍ 97 റണ്‍സാണ് കോണ്‍വേ അടിച്ചെടുത്തത്.

കരിയറിലെ 14ാം അന്താരാഷ്ട്ര ഏകദിന സെഞ്ച്വറിയാണ് കെയ്ന്‍ വില്യംസണ്‍ ലാഹോറില്‍ കുറിച്ചത്. നേരിട്ട 72ാം പന്തിലായിരുന്നു താരത്തിന്റെ സെഞ്ച്വറി നേട്ടം. തന്റെ ഏകദിന കരിയറിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ സെഞ്ച്വറി കൂടിയാണ് താരം ഗദ്ദാഫി സ്റ്റേഡിയത്തില്‍ അടിച്ചെടുത്തത്.

മത്സരത്തില്‍ നേരത്തെ ടോസ് നേടിയ ന്യൂസിലാന്‍ഡ് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. എന്നാല്‍ കിവികളുടെ കണക്കുകൂട്ടലുകള്‍ ഒന്നായി തെറ്റിച്ച് പ്രോട്ടിയാസ് മികച്ച സ്‌കോറിലേക്കുയര്‍ന്നു.

ഓപ്പണര്‍ മാത്യൂ ബ്രീറ്റ്‌സ്‌കെയുടെ പ്രകടനത്തിന്റെ ബലത്തിലാണ് സൗത്ത് ആഫ്രിക്ക സ്‌കോര്‍ ഉയര്‍ത്തിയത്. 148 പന്തില്‍ 150 റണ്‍സ് നേടിയാണ് താരം ആരാധകരെയും എതിരാളികളെയും ഒരുപോലെ ഞെട്ടിച്ചത്.

ഒരു അരങ്ങേറ്റ താരത്തിന്റെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ എന്ന ഇതിഹാസ താരം ഡെസ്മണ്ട് ഹെയ്മന്‍സിന്റെ റെക്കോഡ് തകര്‍ത്താണ് ബ്രീറ്റ്‌സ്‌കെ സ്‌കോര്‍ ചെയ്തത്.

എന്നാല്‍ ബ്രീറ്റ്‌സ്‌കെയുടെ സെഞ്ച്വറിക്ക് വില്യംസണിന്റെയും ഡെവോണ്‍ കോണ്‍വേയുടെയും മികച്ച പ്രകടനങ്ങളിലൂടെ ന്യൂസിലാന്‍ഡ് മറുപടി നല്‍കിയപ്പോള്‍ പരമ്പരയില്‍ കളിച്ച രണ്ട് മത്സരത്തിലും വിജയിച്ച് കിവികള്‍ ഫൈനലിനും യോഗ്യത നേടി.

ആദ്യ മത്സരത്തില്‍ പാകിസ്ഥാനെ 78 റണ്‍സിന് തകര്‍ത്താണ് ന്യൂസിലാന്‍ഡ് രണ്ടാം മത്സരത്തില്‍ പ്രോട്ടിയാസിനെ നേരിട്ടത്.

ഫെബ്രുവരി 12നാണ് ട്രൈസീരീസിലെ മൂന്നാം മത്സരം. കറാച്ചിയില്‍ നടക്കുന്ന മത്സരത്തില്‍ ആതിഥേയരായ പാകിസ്ഥാന്‍ സൗത്ത് ആഫ്രിക്കയെ നേരിടും. ഇതിലെ വിജയികളാകും കിരീടപ്പോരാട്ടത്തില്‍ ന്യൂസിലാന്‍ഡിനെ നേരിടുക.

 

Content Highlight: New Zealand defeated South Africa