ആശാനേ... അവന്‍മാര് ചില്ലറ ടീമല്ല; എണ്ണം പറഞ്ഞ താരങ്ങളുമായി ലോകകപ്പ് ടീം പ്രഖ്യാപിച്ച് ന്യൂസിലാന്‍ഡ്
Sports News
ആശാനേ... അവന്‍മാര് ചില്ലറ ടീമല്ല; എണ്ണം പറഞ്ഞ താരങ്ങളുമായി ലോകകപ്പ് ടീം പ്രഖ്യാപിച്ച് ന്യൂസിലാന്‍ഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 20th September 2022, 10:01 am

ലോകകപ്പിനുള്ള തങ്ങളുടെ സ്‌ക്വാഡ് അനൗണ്‍സ് ചെയ്ത് ന്യൂസിലാന്‍ഡ്. മറ്റു ടീമുകളെ അപേക്ഷിച്ച് അല്‍പം വൈകിയാണ് കിവീസ് സ്‌ക്വാഡ് അനൗണ്‍സ് ചെയ്തിരിക്കുന്നത്. എന്നാല്‍ കെയ്ന്‍ വില്യംസണെ നായകനാക്കി വലിയ സര്‍പ്രൈസുകളൊന്നുമില്ലാതെയാണ് ന്യൂസിലാന്‍ഡ് ടീമിനെ തെരഞ്ഞെടുത്തിരിക്കുന്നത്.

കഴിഞ്ഞ സീസണുകളില്‍ മോശം പെര്‍ഫോമന്‍സ് കാഴ്ച വെച്ച താരമാണ് വില്യംസണ്‍. ക്യാപ്റ്റനെന്ന നിലയിലും മുന്നേറാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല.

അതുകൊണ്ടു തന്നെ വില്യംസണിന് പകരം മറ്റൊരു താരത്തെ നായക സ്ഥാനത്തേക്കിറക്കുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. എന്നാല്‍ മുന്‍ നായകനെ തന്നെ പോരിനിറക്കി വിജയത്തിളക്കം നേടാനുള്ള തയ്യാറെടുപ്പിലാണ് ടീം കിവീസ്.

2021 ടി-20 ലോകകപ്പ് ടീമില്‍ നിന്ന് കാര്യമായ മാറ്റങ്ങളൊന്നും ന്യൂസിലാന്‍ഡ് വരുത്തിയിട്ടില്ല. ഫിന്‍ അലനും മൈക്കല്‍ ബ്രെയ്‌സ്‌വെല്ലും മാത്രമാണ് പുതുമുഖങ്ങള്‍. കഴിഞ്ഞ ലോകകപ്പില്‍ ലോക്കി ഫെര്‍ഗൂസന് പകരക്കാരനായി ഇറക്കിയ ഫാസ്റ്റ് ബൗളര്‍ ആദം മില്‍നെ തന്റെ സ്ഥാനം നിലനിര്‍ത്തി.

ഡെവോണ്‍ കോണ്‍വേ വിക്കറ്റ് കീപ്പറായി സ്ഥാനം പിടിച്ചപ്പോള്‍ ഓള്‍ റൗണ്ടറായി ജെയിംസ് നിഷവും ടീമിലെത്തിയിട്ടുണ്ട്. മറ്റ് സൂപ്പര്‍ താരങ്ങളെല്ലാം അണിനിരക്കുന്ന ടീമില്‍ പേസര്‍ നിരയില്‍ പ്രമുഖരുമുണ്ട്. ട്രന്റ് ബോള്‍ട്ടിന്റെ സ്വിങ്ങും ലോക്കി ഫെര്‍ഗൂസന്റെ പേസും എതിരാളികളെ വെള്ളം കുടിപ്പിക്കാന്‍ പോന്നതാണ്.

ഇഷ് സോധിക്കൊപ്പം സ്പിന്‍ ഓള്‍ റൗണ്ടര്‍ മിച്ചല്‍ സാന്റ്‌നറുമുണ്ട്. സീനിയര്‍ താരം മാര്‍ട്ടിന്‍ ഗപ്ടില്ലും ഇത്തവണ സ്ഥാനം നിലനിര്‍ത്തി. താരത്തിന്റെ ഏഴാമത്തെ ടി-20 ലോകകപ്പാണിത്. ന്യൂസിലന്‍ഡിന്റെ ടി-20 ടീമില്‍ നിര്‍ണായക റോളുള്ള താരമാണ് ഗപ്ടില്‍.

അടുത്തിടെ റോസ് ടെയ്‌ലര്‍ വിരമിച്ചതിനാല്‍ അദ്ദേഹത്തിന്റെ അഭാവം ടീമിലുണ്ട്. യുവതാരങ്ങളില്‍ വലിയ വിശ്വാസം അര്‍പ്പിക്കാന്‍ കിവീസ് തയ്യാറായിട്ടില്ല. അതുകൊണ്ട് തന്നെ ടീമില്‍ വലിയ പരീക്ഷണങ്ങളില്ലാതെയാണ് ടീം ഒരുക്കിയിരിക്കുന്നത്.

ന്യൂസിലാന്‍ഡ് സ്‌ക്വാഡ്:

കെയ്ന്‍ വില്യംസണ്‍ (ക്യാപ്റ്റന്‍), ഫിന്‍ അലന്‍, ട്രെന്റ് ബോള്‍ട്ട്, മൈക്കല്‍ ബ്രെയ്‌സ്‌വെല്‍, മാര്‍ക്ക് ചാപ്മാന്‍, ഡെവോണ്‍ കോണ്‍വേ (വിക്കറ്റ് കീപ്പര്‍), ലോക്കി ഫെര്‍ഗൂസണ്‍, മാര്‍ട്ടിന്‍ ഗപ്ടില്‍, ആദം മില്‍നെ, ഡാരില്‍ മിച്ചല്‍, ജിമ്മി നീഷം, ഗ്ലെന്‍ ഫിലിപ്‌സ്, മിച്ചല്‍ സാന്റ്‌നര്‍, ഇഷ് സോധി, ടിം സൗത്തി

 

Content Highlight: New Zealand announces World Cup squad