പ്രമേഹരോഗികള്‍ക്ക് ഗുണകരമാകുന്ന കണ്ടെത്തലുമായി മലയാളി ശാസ്ത്രജ്ഞന്‍
Daily News
പ്രമേഹരോഗികള്‍ക്ക് ഗുണകരമാകുന്ന കണ്ടെത്തലുമായി മലയാളി ശാസ്ത്രജ്ഞന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 17th July 2015, 1:15 pm

jinപ്രമേഹരോഗികള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന കണ്ടുപിടുത്തവുമായി മലയാളി ശാസ്ത്രജ്ഞന്‍. ലണ്ടനിലെ ലീഡ്‌സ് സര്‍വ്വകലാശാലയിലെ പ്രൊഫസറും പെരുമ്പാവൂര്‍ സ്വദേശിയുമായ ജിന്‍ ജോസിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘത്തിന്റെ കണ്ടെത്തല്‍ ആഗോള തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്.

വിരല്‍തുമ്പില്‍ നിന്നും രക്തം കുത്തിയെടുത്ത് ഗ്ലൂക്കോസിന്റെ അളവ് കണ്ടെത്തുന്ന നിലവിലെ രീതിക്കു പകരം ലേസര്‍ സെന്‍സര്‍ ഉപയോഗിച്ച് ഗ്ലൂക്കോസ് ലെവല്‍ കണ്ടെത്താനുള്ള ഗ്ലൂക്കോസെന്‍സ് എന്ന ഉപകരണമാണ് അദ്ദേഹവും സംഘവും വികസിപ്പിച്ചത്.

നിലവില്‍ വിരല്‍തുമ്പില്‍ നിന്നും രക്തംകുത്തിയെടുത്ത് സ്ട്രിപ്പില്‍വെച്ച് ഗ്ലൂക്കോമീറ്റര്‍ ഉപയോഗിച്ച് പരിശോധിക്കുന്നതാണ് നിലവിലെ രീതി. ഈ രീതി അത്ര സുഖകരമല്ല. പലപ്പോഴും ഒരു ദിവസം പലതവണ ഇത് ആവര്‍ത്തിക്കേണ്ടിയും വരും.

ഇതിനു പകരമായി വേദന രഹിതമായ, ലളിതമായ ഒരു സംവിധാനമാണ് ജിന്‍ ജോസ് പരിചയപ്പെടുത്തിയിരിക്കുന്നത്. ശക്തികുറഞ്ഞ ലേസര്‍സെന്‍സര്‍ ഉപയോഗിച്ച് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിരന്തരം കണ്ടെത്താനുള്ള മാര്‍ഗമാണ് അദ്ദേഹം ആവിഷ്‌കരിച്ചത്. ഈ സാങ്കേതിക വിദ്യയക്ക്് സ്ഥിരമായി മോണിറ്റര്‍ ചെയ്യാനുള്ള കഴിവുള്ളതിനാല്‍ ധരിക്കാവുന്ന ഡിവൈസ് ആയി ഇത് വികസിപ്പിക്കാം. അതുകൊണ്ടുതന്നെ ലക്ഷക്കണക്കിന് പ്രമേഹ രോഗികള്‍ക്ക് ഇതു ഗുണകരമാകും.

sugar ഡോക്ടര്‍മാര്‍ക്ക് പരിശോധനാ ഫലം നേരിട്ട് അയക്കാനും സ്മാര്‍ട്ട്‌ഫോണിലൂടെ നേരിട്ട് വിവരം ശേഖരിക്കാനും കഴിയുന്ന വിധം ഇത് വികസിപ്പിച്ച് വ്യാവസായികാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിച്ച് വൈകാതെ വിപണിയില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് ജിന്‍ ജോസും സംഘവും.

ലീഡ്‌സ് യൂണിവേഴ്‌സിറ്റിയും NetScientific plc എന്ന ബയോമെഡിക്കല്‍ സ്ഥാപനവും സംയുക്തമായി രൂപം കൊടുത്ത ഗ്ലൂക്കോസെന്‍സ് ഡയഗ്നോസിറ്റിക്‌സ് എന്ന കമ്പനിയ്ക്കാണ് ഈ സാങ്കേതികവിദ്യയുടെ ലൈസന്‍സുള്ളത്.

ലേസറിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന നൂതനമായ സാങ്കേതിക വിദ്യയിലൂടെ വികസിപ്പിച്ചെടുത്ത സിലിക്ക ഗ്ലാസാണ് ഗ്ലൂക്കോസെന്‍സിന്റെ പ്രധാന ഭാഗം. ഉപയോഗിക്കുന്നയാളുടെ സ്‌കിന്നുമായി ഗ്ലാസ് ബന്ധം സ്ഥാപിക്കുമ്പോള്‍ അവരുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് അനുസരിച്ച് ഫഌറസെന്‍സിന്റെ സിഗ്നല്‍ വ്യത്യാസപ്പെടുന്നു. ഫ്‌ളൂറസെന്‍സ് എത്രസമയം നിലനില്‍ക്കുന്നുവെന്ന് ഈ ഉപകരണം അളക്കുകയും അതുപയോഗിച്ച് ആ വ്യക്തിയുടെ ഗ്ലൂക്കോസിന്റെ അളവ് കണക്കുകൂട്ടുകയും ചെയ്യും. ഈ പ്രക്രിയയ്ക്ക് വേണ്ടിവരുന്ന സമയം വെറും 30 സെക്കന്റില്‍ താഴെയാണ്.

സ്മാര്‍ട്ട്‌ഫോണില്‍ പ്രവര്‍ത്തിക്കുന്നതിനു സമാനമായാണ് ഇതിലെ ഗ്ലാസ് പ്രവര്‍ത്തിക്കുന്നതെന്ന് പ്രഫസര്‍ പറയുന്നു. അതുകൊണ്ടുതന്നെ ഈ ഉപകരണം കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറയുന്നു.

glucoseരണ്ട് തരത്തിലുള്ള ഡിവൈസുകള്‍ മാര്‍ക്കറ്റിലെത്തിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒന്ന് കമ്പ്യൂട്ടര്‍ മൗസിനു സമാനമായ രീതിയില്‍ കൈകൊണ്ട് സ്പര്‍ശിച്ച് ഗ്ലൂക്കോസിന്റെ അളവ് മനസിലാക്കാന്‍ കഴിയുന്നവ. മറ്റൊന്ന് ധരിക്കാവുന്ന രൂപത്തിലുള്ള ഡിവൈസും.

ലീഡ്‌സ് സര്‍വകലാശാലയിലെ കാര്‍ഡിയോ വാസ്‌കുലര്‍ ആന്റ് മെറ്റബോളിക് മെഡിസിന്‍ നടത്തിയ ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ ഇതിന്റെ പ്രവര്‍ത്തനക്ഷമത തെളിഞ്ഞിട്ടുണ്ട്. ഉപകരണം വിപണിയില്‍ എത്തുന്നതിന് മുമ്പ് കൂടുതല്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങളും ഉപകരണ ഓപ്റ്റിമൈസേഷനും ആവശ്യമാണ്.

കോട്ടയം എം.ജി സര്‍വ്വകലാശാലയിലെ സ്‌കൂള്‍ ഓഫ് പ്യുവര്‍ ആന്റ് അപ്ലൈഡ് ഫിസിക്‌സ് മുന്‍ വിദ്യാര്‍ഥിയായിരുന്നു ജിന്‍ ജോസ്. എസ്.എഫ്.ഐയുടെ സജീവ പ്രവര്‍ത്തകനായിരുന്നു അദ്ദേഹം സര്‍വ്വകലാശാലയിലെ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റുഡന്റ്‌സ് യൂണിയന്‍ ചെയര്‍മാനായിരുന്നു.