ന്യൂദല്‍ഹി: സ്വാതന്ത്ര്യ സമര സേനാനി എച്ച്.എസ് ദ്വരസ്വാമിയെ പാക് ചാരനെന്നു വിളിച്ച ബി.ജെ.പി നേതാവ് ബസവരാജ് യത്നാല്‍ വീണ്ടും വിവാദ പരാമര്‍ശവുമായി രംഗത്ത്.
ന്യൂനപക്ഷ സമുദായത്തിലെ നിര്‍ദ്ധരരായ പെണ്‍കുട്ടികളുടെ വിവാഹത്തിന് സാമ്പത്തിക സഹായം നല്‍കാനായി കോണ്‍ഗ്രസ് നടപ്പാക്കിയ ‘ഷാദി ഭാഗ്യ’ പദ്ധതി പിന്‍വലിക്കാനുള്ള കര്‍ണാടക സര്‍ക്കാറിന്റെതീരുമാനത്തെ പിന്തുണച്ച് സംസാരിക്കവെയാണ് യത്‌നാല്‍ വിവാദ പ്രസ്താവന നടത്തിയത്.
ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തേണ്ട ആവശ്യമില്ലെന്നും ഷാദി ഭ്യാഗ പദ്ധതി പോലുള്ള പദ്ധതി ആവശ്യമാണെങ്കില്‍ അവര്‍ പാകിസ്താനിലേക്ക് പോകണമെന്നുമാണ് യത്‌നാല്‍ പറഞ്ഞത്.
” ഈ പദ്ധതി പിന്‍വലിക്കാനുള്ള കര്‍ണാടക സര്‍ക്കാറിന്റെ തീരുമാനത്തെ ഞാന്‍ സ്വാഗതം ചെയ്യുന്നു. ഇന്ത്യ ഒരു മതേതര രാജ്യമാണ്. ഇവിടെ ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തേണ്ട ആവശ്യമൊന്നുമില്ല. ഇവിടെ ഒരു ഏകീകൃത സിവില്‍ കോഡിന്റെ ആവശ്യമുണ്ട്… ഇന്ത്യയില്‍ ഭൂരിപക്ഷ സമുദായത്തിന് ഒന്നും നല്‍കേണ്ടതില്ലേ? ഹിന്ദുക്കള്‍ക്ക് ഒന്നും നല്‍കേണ്ടെന്നാണോ? മതേതരത്വം എന്നു പറഞ്ഞാല്‍ എല്ലാം ന്യൂനപക്ഷത്തിന് കൊടുക്കുക എന്നാണോ? പാകിസ്താന്‍ അത്തരത്തിലുള്ള പദ്ധതി നല്‍കുന്നുണ്ട്. അത് വേണ്ടുന്നവര്‍ പാകിസ്താനിലേക്ക് പോകണം”, യത്‌നാല്‍ പറഞ്ഞു.
വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായിട്ടാണ് കോണ്‍ഗ്രസ് വിവാഹ പദ്ധതി കൊണ്ടുവന്നതെന്ന് ബി.ജെ.പി ആരോപണം ഉന്നയിച്ചിരുന്നു.