കേന്ദ്രത്തിന്റെ പുതിയ തൊഴില്‍നിയമം മാധ്യമപ്രവര്‍ത്തകര്‍ക്കും കൂച്ചുവിലങ്ങാവുമ്പോള്‍
details
കേന്ദ്രത്തിന്റെ പുതിയ തൊഴില്‍നിയമം മാധ്യമപ്രവര്‍ത്തകര്‍ക്കും കൂച്ചുവിലങ്ങാവുമ്പോള്‍
രോഷ്‌നി രാജന്‍.എ
Sunday, 27th September 2020, 2:43 pm

കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കിയ പുതിയ തൊഴില്‍ സംഹിതകള്‍ രാജ്യത്തെ തൊഴിലാളികളുടെ അവകാശങ്ങള്‍ ഇല്ലാതാക്കുന്നതാണെന്ന വിമര്‍ശനമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. വിവിധ തൊഴില്‍ മേഖലകളില്‍ നിന്നുള്ള തൊഴിലാളികളെ ബാധിക്കാന്‍ പോവുന്ന നിയമസംഹിതകള്‍ മാധ്യമപ്രവര്‍ത്തകരെ സംബന്ധിച്ചും വലിയ ആശങ്കയാണ് മുന്നോട്ടുവക്കുന്നത്.

1955മുതല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് തൊഴില്‍ അവകാശ സംരക്ഷണം നല്‍കിയിരുന്ന നിയമത്തിന്റെ സുരക്ഷ ഇനിമുതല്‍ ലഭ്യമാകാത്ത രീതിയില്‍ വര്‍ക്കിങ്ങ് ജേണലിസ്റ്റ് ആക്ട് റദ്ദാക്കുകയും ഒക്കുപ്പേഷണല്‍ സേഫ്റ്റി കോഡിലെ പരിമിത വകുപ്പുകളുടെ പരിധിയിലേക്ക് ചുരുക്കുകയും ചെയ്തിരിക്കുകയാണ്.

വര്‍ക്കിങ്ങ് ജേണലിസ്റ്റ് ആക്ടിന്റെ ഭാഗമായ വേജ്‌ബോര്‍ഡ് സംവിധാനത്തിലൂടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭ്യമായിരുന്ന തൊഴില്‍ വേതന സുരക്ഷയും മെച്ചപ്പെട്ട സേവനസുരക്ഷയുമെല്ലാം നിലവില്‍ ഒക്കുപ്പേഷണല്‍ സേഫ്റ്റി കോഡില്‍ ഉള്‍പ്പെടുത്തി അപ്രസക്തമാക്കിയിരിക്കുന്നു.

ഭരണപക്ഷാനുകൂല ട്രേഡ് യൂണിയനുകള്‍ പോലും കേന്ദ്രത്തിന്റെ തൊഴില്‍ സംഹിതകളെ എതിര്‍ത്ത് രംഗത്തെത്തിയെന്നതും ശ്രദ്ധേയമാണ്. ഉദാഹരണമായി തൊഴില്‍ സംഘടനയായ ബി.എം.എസ് കേന്ദ്രം പാസാക്കിയ ബില്ലിനെതിരെ എതിര്‍പ്പ് ഉന്നയിച്ചിരുന്നു. ഭേദഗതികള്‍ക്കോ ചര്‍ച്ചകള്‍ക്കോ അവസരം കൊടുക്കാതെയാണ് കേന്ദ്രം പാര്‍ലമെന്റില്‍ പുതിയ തൊഴില്‍സംഹിതകളുമായി ബന്ധപ്പെട്ട ബില്‍ പാസാക്കിയത്.

തൊഴിലാളിയെ നിശ്ചിതകാലത്തേക്ക് വാടകക്ക് എടുക്കാനും നിയമപരിരക്ഷയില്ലാതെ ഉടമയുടെ താല്‍പര്യാര്‍ത്ഥം പിരിച്ചുവിടാനും കഴിയുന്ന തരത്തിലുള്ളതാണ് പുതിയ തൊഴില്‍നിയമസംഹിതയെന്ന് കേരള യൂണിയന്‍ ഓഫ് വര്‍ക്കിങ്ങ് ജേണലിസ്റ്റ് (കെ.യു.ഡബ്ല്യു.ജെ) സംഘടനയുടെ പ്രസിഡണ്ടും മാധ്യമപ്രവര്‍ത്തകനുമായ കെ.പി റജി പറയുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്ക് കൃത്യമായി സേവന വേതന വ്യവസ്ഥകള്‍ ചിട്ടപ്പെടുത്തുന്നതിന് രൂപം കൊണ്ട വേജ്‌ബോര്‍ഡും പുതിയ ബില്ല് പാസാവുന്നതിലൂടെ ഇല്ലാതായിരിക്കുകയാണെന്നും കെ.പി റജി ഡൂള്‍ന്യൂസിനോട് പറഞ്ഞു.

‘നിശ്ചിത സമയനിയമനം, കരാര്‍ നിയമനം എന്നിവയായിരിക്കും ഇനി വേതനനിര്‍ണയത്തില്‍ അടിസ്ഥാനമാവുക. രാജ്യത്തെ തൊഴിലാളികള്‍ക്ക് നിലവില്‍ ലഭ്യമായിരുന്ന തൊഴില്‍, കൂലി സംരക്ഷണങ്ങള്‍ ഇല്ലാതാക്കുന്നതാണ് പുതുതായി വന്ന വേജ്‌കോഡ്. തൊഴില്‍ നിയമങ്ങള്‍ തൊഴില്‍ ഉടമകള്‍ക്ക് സൗകര്യപ്രദമാക്കുകയെന്ന ലക്ഷ്യമാണ് കേന്ദ്രസര്‍ക്കാര്‍ ഉന്നംവെച്ചിരിക്കുന്നത്’, കെ.പി റജി ഡൂള്‍ന്യൂസിനോട് പറഞ്ഞു.

തൊഴില്‍മേഖലയില്‍ നിന്നും സ്ഥിരം തൊഴിലാളികളെ അപ്രത്യക്ഷമാക്കുന്ന പ്രവൃത്തികൂടിയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തിരിക്കുന്നതെന്നും കെ.പി റജി കൂട്ടിച്ചേര്‍ത്തു. തൊഴില്‍ നിയമങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്ക് അനുകൂലമാക്കുക എന്നതാണ് കേന്ദ്രസര്‍ക്കാറിന്റെ ഉദ്ദേശ്യമെന്നും വിമര്‍ശനമുണ്ട്. പിരിച്ചുവിടുന്നവര്‍ക്ക് യാതൊരു സാമ്പത്തികസഹായത്തിനും അര്‍ഹതയുണ്ടാവില്ലെന്നും പുതിയ നിയമസംഹിതകളില്‍ പ്രതിപാദിക്കുന്നുണ്ട്.

സ്ഥാപനത്തെക്കുറിച്ചു പരാതി ഉണ്ടായാല്‍ അവിടെ പരിശോധന നടത്തി നടപടി സ്വീകരിക്കാന്‍ ലേബര്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിലവില്‍ അധികാരമുണ്ട്. പുതിയ നിയമ പ്രകാരം ലേബര്‍ ഇന്‍സ്‌പെക്ടര്‍ക്കു പകരം ഫെസിലിറ്റേറ്റര്‍ എന്ന പേരിലുള്ള ഉദ്യോഗസ്ഥര്‍ക്കാണ് പരിശോധനാധികാരം.

കമ്പനി പരിശോധിക്കാന്‍ എത്തുന്ന വിവരവും ഏതു കാര്യമാണ് പരിശോധിക്കുക എന്നും മാനേജ്‌മെന്റിനെ മുന്‍കൂട്ടി അറിയിച്ചിരിക്കണമെന്നു കൂടി നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. മാത്രമല്ല അവകാശനിഷേധത്തിനെതിരെ സമരം ചെയ്യാനുള്ള അവകാശം പോലും ചോദ്യം ചെയ്യുന്നതാണ് പുതിയ നിയമവ്യവസ്ഥകള്‍. തങ്ങളുടെ അവകാശങ്ങളെ ചോദ്യം ചെയ്യപ്പെടുമ്പോള്‍ വ്യവസായസ്ഥാപനങ്ങളില്‍ സമരം ചെയ്യാന്‍ തൊഴിലാളികള്‍ക്ക് ഇനി സാധിക്കില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

സമരം ചെയ്യുന്നതിന് 14 ദിവസം മുന്നേ നോട്ടീസ് നല്‍കണമെന്നാണ് പുതിയ നിയമവ്യവസ്ഥകളില്‍ പറയുന്നത്. ചര്‍ച്ചകള്‍ നടന്ന് ഏഴുദിവസം വരെ സമരം പാടില്ലെന്നും ഒരു ട്രൈബ്യൂണല്‍ നടപടി കഴിഞ്ഞ് 60 ദിവസ സാവകാശമില്ലാതെ സമരം ചെയ്യരുതെന്നും നിയവ്യവസ്ഥകളില്‍ പറയുന്നു. നേരത്തേ പൊതുസേവന രംഗത്തെ സ്ഥാപനങ്ങളുടെ കാര്യത്തില്‍ മാത്രമാണ് സമരത്തിന് ആറാഴ്ച മുമ്പ് നോട്ടീസ് നല്‍കണമെന്ന വ്യവസ്ഥ ഉണ്ടായിരുന്നത്.

‘തൊഴിലാളികളെ പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട് ഗുരുതരമായ മാറ്റമാണ് പുതിയ നിയമവ്യവസ്ഥയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. 300ല്‍ താഴെ തൊഴിലാളികളുള്ള വ്യവസായ സ്ഥാപനം പൂട്ടാനും തൊഴിലാളികളെ പിരിച്ചുവിടാനും സര്‍ക്കാറിന്റെ പ്രത്യേകാനുമതി വേണ്ട എന്നാണ് പുതിയ നിയമത്തില്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ നിര്‍ദേശിച്ചത് 100ല്‍ താഴെ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ എന്നായിരുന്നു’, കെ.പി റജി ഡൂള്‍ന്യൂസിനോട് പറഞ്ഞു.

സ്ഥിരനിയമനം താല്‍ക്കാലികനിയമനം എന്നിവയില്‍ നിന്ന് വ്യത്യസ്തമായി തൊഴില്‍ ഉടമയും തൊഴിലാളിയും തമ്മില്‍ നിശ്ചിത കരാറില്‍ ഏര്‍പ്പെടുകയും അത് പുതുക്കാത്ത പക്ഷം തൊഴിലാളി പിരിഞ്ഞുപോകണമെന്നും പറയുന്നതാണ് പുതിയ നിയമവ്യവസ്ഥ. തൊഴിലാളിസംഘടനകളുടെ ഇടപെടല്‍ പാടില്ലെന്നും തൊഴിലാളികള്‍ക്ക് ഒരേ വേദനമാകണമെന്നില്ലെന്നും വ്യവസ്ഥയില്‍ പറയുന്നുണ്ട്.

കേരളപത്രപ്രവര്‍ത്തകയൂണിയനും ദല്‍ഹി ജേണലിസ്റ്റ് യൂണിയനും സംയുക്തമായി കഴിഞ്ഞ വര്‍ഷം കരട് വ്യവസ്ഥകള്‍ക്കെതിരെ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ജനുവരി നാലിന് കെ.എന്‍.ഇ.എഫുമായി ചേര്‍ന്നു സംഘടിപ്പിച്ച രാജ്ഭവന്‍ മാര്‍ച്ചില്‍ കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് മാധ്യമപ്രവര്‍ത്തകര്‍ ലേബര്‍കോഡിനെതിരെ പ്രതിഷേധം നടത്തുകയും ചെയ്തിരുന്നു.

വര്‍ക്കിങ്ങ് ജേണലിസ്റ്റ് ആക്ടിന്റെ പരിഗണനകള്‍ ലഭിച്ചിരുന്ന ഇടത്തുനിന്നും മാധ്യമപ്രവര്‍ത്തകരുടെ അവകാശങ്ങളെയും അര്‍ഹമായ വേതനം ലഭിക്കുന്നതിന്റെ സാധ്യതകളെയും ഇല്ലാതാക്കുന്ന രീതിയിലേക്ക് പുതിയ തൊഴിലാളി നിയമസംഹിത മാറിയത് മാധ്യമപ്രവര്‍ത്തകരുടെ തുടര്‍ന്നുള്ള തൊഴില്‍ജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്നതില്‍ സംശയമേതുമില്ലെന്ന വിമര്‍ശനങ്ങള്‍ ശക്തമായിത്തന്നെ നിലനില്‍ക്കുകയാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: New labour code criticisms

രോഷ്‌നി രാജന്‍.എ
മഹാരാജാസ് കോളജില്‍ നിന്നും കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം, കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസത്തില്‍ നിന്നും പി.ജി ഡിപ്ലോമ. ഇപ്പോള്‍ ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി.