പുതിയ ക്രിമിനൽ നിയമങ്ങൾ മാധ്യമ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റം; അമിത് ഷാക്ക് കത്തെഴുതി എഡിറ്റേഴ്സ് ഗിൽഡ്
national news
പുതിയ ക്രിമിനൽ നിയമങ്ങൾ മാധ്യമ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റം; അമിത് ഷാക്ക് കത്തെഴുതി എഡിറ്റേഴ്സ് ഗിൽഡ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 31st July 2024, 3:44 pm

ന്യൂദൽഹി: കേന്ദ്ര സർക്കാർ പാസാക്കിയ പുതിയ ക്രിമിനൽ നിയമങ്ങൾ പത്ര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാണെന്ന് എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ. രാജ്യത്തുടനീളമുള്ള മാധ്യമങ്ങളെയും മാധ്യമ സ്വാതന്ത്ര്യത്തെയും ഈ നിയമങ്ങൾ ബാധിക്കുമെന്നും അവർ പറഞ്ഞു. ഈ ആശങ്കകൾ പങ്കുവെച്ച് കൊണ്ട് എഡിറ്റേഴ്സ് ഗിൽഡ് ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കത്തെഴുതി.

1978 ൽ രൂപീകൃതമായത് മുതൽ ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങളുടെ സ്വാതന്ത്ര്യം ഉയർത്തി പിടിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കാണ് തങ്ങൾ പ്രാധാന്യം കൊടുത്തിരുന്നതെന്ന് എഡിറ്റേഴ്സ് ഗിൽഡ് പറഞ്ഞു. യഥാക്രമം ഇന്ത്യൻ ശിക്ഷാ നിയമം 1860, ക്രിമിനൽ പ്രൊസീജ്യർ കോഡ് 1973 എന്നിവയ്‌ക്ക് പകരമായി കൊണ്ട് വന്ന ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത എന്നിവയിൽ തങ്ങൾക്ക് ആശങ്കയുണ്ടെന്നും എഡിറ്റേഴ്സ് ഗിൽഡ് കത്തിൽ പറഞ്ഞു.

പുതിയ നിയമങ്ങൾ പൊലീസിന് കൂടുതൽ അധികാരം കൊടുക്കുന്നതും വ്യക്തികളുടെ സ്വാതന്ത്ര്യത്തെ കുറക്കുന്നതുമാണ്. സാധാരണ വ്യക്തികളെക്കാളുപരി അത് പത്രപ്രവർത്തകരെ സാരമായി ബാധിക്കുമെന്നും അവർ വ്യക്തമാക്കി.

‘കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് കീഴിൽ നിരവധി പരാതികൾ പത്രപ്രവർത്തകർക്കെതിരെ ഫയൽ ചെയ്യുന്നുണ്ട്. മിക്കവയും ഭരണകൂടത്തിന്റെ നേരിട്ടുള്ള ഒത്താശയാൽ സംഭവിക്കുന്നതാണ്. ചിലതൊക്കെ കേവല പരാതികൾ മാത്രമാണ് എന്നാൽ പരാതികളിൽ മിക്കവയും എഫ്.ഐ.ആറായി രജിസ്റ്റർ ചെയ്യുന്നു. പുതിയ ക്രിമിനൽ നിയമങ്ങളുടെ വരവോടെ പത്ര പ്രവർത്തകരുടെ സ്വാതന്ത്ര്യത്തിന് കടിഞ്ഞാൺ വീഴും എന്ന കാര്യത്തിൽ തർക്കമില്ല,’ എഡിറ്റേഴ്സ് ഗിൽഡ് പറയുന്നു.

നിസാരമായ പരാതികളുടെ അടിസ്ഥാനത്തിലെടുക്കുന്ന ഭരണകൂടത്തിന്റെ നടപടികളിൽ നിന്നും പത്രങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ബാധ്യതയെ കുറിച്ചും എഡിറ്റ്സ് ഗിൽഡ് കത്തിൽ ചൂണ്ടിക്കാട്ടി.

Content Highlight: New criminal laws impact press freedom, need journalistic exception: Editors Guild