ബീഫ് എന്ന് മിണ്ടാന്‍ വീണ്ടും പേടിച്ച് നെറ്റ്ഫ്‌ളിക്‌സ്; തല്ലുമാല കന്നട പതിപ്പില്‍ ബീഫിനെ വെട്ടി
Entertainment
ബീഫ് എന്ന് മിണ്ടാന്‍ വീണ്ടും പേടിച്ച് നെറ്റ്ഫ്‌ളിക്‌സ്; തല്ലുമാല കന്നട പതിപ്പില്‍ ബീഫിനെ വെട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 16th September 2022, 6:07 pm

നെറ്റ്ഫ്ളിക്സ് റിലീസിന് പിന്നാലെ വിവാദങ്ങളുടെ മാലയാണ് തല്ലുമാലക്ക് പുറകെ കൂടിയിരിക്കുന്നത്. തല്ലുമാലയുടെ കന്നട പതിപ്പില്‍ നിന്നും ബീഫിനെ പൂര്‍ണമായും വെട്ടിമാറ്റിയതാണ് പുതിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്.

തല്ലുമാലയുടെ ആദ്യ സീന്‍ മുതല്‍ ബീഫും ബീഫ് വിഭവങ്ങളും ഡയലോഗില്‍ കടന്നുവരുന്നുണ്ടായിരുന്നു. ജംഷിയും വസീമും തമ്മില്‍ പള്ളിയില്‍ വെച്ച് ആദ്യ തല്ലിന് മുന്‍പ് സംസാരിക്കുന്ന സമയത്തും, വസീമിന്റെ കല്യാണത്തിന്റെ സമയത്തുമെല്ലാം ബീഫ് പപ്പ്സും ബീഫ് ബിരിയാണിയും ഇടതടവില്ലാതെ കടന്നുവരുന്നുണ്ട്.

എന്നാല്‍ ഇപ്പോള്‍ നെറ്റ്ഫ്ളിക്സിലെ കന്നട പതിപ്പില്‍ ഡയലോഗിലും സബ്ടൈറ്റിലിലും ബീഫില്ല. ബീഫിന് പകരം മട്ടന്‍, കറി എന്നീ വാക്കുകളാണ് ഉപയോഗിച്ചിരിക്കുന്നത്. തമിഴിലും തെലുങ്കിലുമെല്ലാം ബീഫ് ബീഫായി കാണിക്കുകയും പറയുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ കന്നടയിലേക്ക് എത്തുമ്പോള്‍ കാര്യങ്ങളെല്ലാം തകിടം മറിഞ്ഞിരിക്കുകയാണ്.

ബി.ജെ.പിയും ആര്‍.എസ്.എസും ദക്ഷിണേന്ത്യയിലെ തങ്ങളുടെ പരീക്ഷണശാലയായി കരുതുന്ന കര്‍ണാടകയില്‍ ബീഫിന് പലയിടത്തും അപ്രഖ്യാപിത വിലക്കുണ്ട്. കന്നുകാലികളെ കൊലപ്പെടുത്തുന്നത് നിരോധിക്കുന്ന നിയമത്തിന്റെ മറവിലാണ് കര്‍ണാടകയില്‍ ബീഫ് നിരോധനം നടപ്പിലാക്കാന്‍ സംഘികള്‍ ശ്രമിക്കുന്നത്.

സംഘികളെ പേടിച്ചാണ് നെറ്റ്ഫ്‌ളിക്‌സ് ബീഫ് എന്ന വാക്ക് ഒഴിവാക്കിയതെന്നാണ് തല്ലുമാലയുടെ കന്നട പതിപ്പിന്റെ ഭാഗങ്ങള്‍ പങ്കുവെച്ചുകൊണ്ട് പലരും അഭിപ്രായപ്പെടുന്നത്.

നെറ്റ്ഫ്‌ളിക്‌സിന്റെ ബീഫ് പേടി നേരത്തെയും വിമര്‍ശനങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. 2021 ജൂലൈയില്‍ ദക്ഷിണേന്ത്യക്ക് വേണ്ടി നെറ്റ്ഫ്‌ളിക്‌സ് തയ്യാറാക്കിയ സൗത്ത് ഇന്ത്യന്‍ ആന്തം എന്ന പാട്ടില്‍ ബീഫിനെ നെറ്റ്ഫ്‌ളിക്‌സ് ഒഴിവാക്കിയിരുന്നു. നീരജ് മാധവിന്റെ മലയാളം റാപ്പ് വരുന്ന ഭാഗത്തിലെ സബ്ടൈറ്റിലിനെതിരെയായിരുന്നു അന്ന് വിമര്‍ശനമുയര്‍ന്നത്.

‘പൊറോട്ടേം ബീഫും ഞാന്‍ തിന്നും അതികാലത്ത്’ എന്നായിരുന്നു നീരജ് മാധവിന്റെ ഒരു വരി. എന്നാല്‍ ഇത് സബ്ടൈറ്റിലെത്തുമ്പോള്‍ ‘പൊറോട്ടേം ബി.ഡി.എഫും ഞാന്‍ തിന്നും അതികാലത്ത്’ എന്നായി. മംഗ്ലിഷിലും ഇംഗ്ലിഷിലുമുള്ള സബ്ടൈറ്റിലുകളില്‍ ബി.ഡി.എഫ്. എന്നാണ് ഉപയോഗിച്ചിരിക്കുന്നത്.

ബീഫ് എന്ന് സബ്ടൈറ്റിലില്‍ എഴുതാന്‍ നെറ്റ്ഫ്ളിക്സിന് പേടിയാണോ, ബീഫിന് ബീഫ് എന്ന് തന്നെ പറയണം നെറ്റ്ഫ്ളിക്സ് ഏമാന്മാരേ, സബ്ടൈറ്റില്‍ മാറ്റി സംഘികളെ പറ്റിക്കുന്നോ എന്നീ കമന്റുകളുയര്‍ന്നിരുന്നു. ബീഫ് ഡ്രൈ ഫ്രൈ എന്നാണ് ഉദ്ദേശിച്ചതെന്ന് നെറ്റ്ഫ്ളിക്സ് പറഞ്ഞാലും വിശ്വസിക്കാന്‍ ഒരല്‍പം പാടാണെന്നും കമന്റുകളിലുണ്ടായിരുന്നു.

ഇപ്പോള്‍ തല്ലുമാല കന്നടപതിപ്പില്‍ നിന്നും ബീഫ് അപ്രത്യക്ഷമായത് കൂടിയായാതോടെ നെറ്റ്ഫ്‌ളിക്‌സിന്റെ സംഘിപ്പേടിയെ കുറിച്ച് ചര്‍ച്ചകള്‍ വ്യാപകമായിരിക്കുകയാണ്.

അണിയറപ്രവര്‍ത്തകരുടെ അറിവോ സമ്മതമോ ഇല്ലാതെ സബ്ടൈറ്റിലില്‍ മാറ്റം വരുത്തിയെന്ന് ചൂണ്ടിക്കാട്ടി നെറ്റ്ഫ്ളിക്സിനെതിരെ തല്ലുമാലയുടെ സബ്ടൈറ്റില്‍ തയ്യാറാക്കിയവര്‍ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. തല്ലുമാലയുടെ അണിയറപ്രവര്‍ത്തകര്‍ നല്‍കിയ ഇംഗ്ലീഷ് സബ്ടൈറ്റിലല്ല നെറ്റ്ഫ്‌ളിക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്നതെന്നാണ് സബ്ടൈറ്റില്‍സ് ആര്‍ട്ടിസ്റ്റുകളുടെ കൂട്ടായ്മയായ ഫില്‍ ഇന്‍ ദി ബ്ലാങ്ക്സ് പറഞ്ഞത്.

നെറ്റ്ഫ്‌ളിക്‌സ് നിലവില്‍ കാണിക്കുന്ന സബ് ടൈറ്റില്‍, സിനിമയില്‍ പറയാന്‍ ഉദ്ദേശിക്കുന്ന പ്രാദേശിക സര്‍ഗാത്മക ഭാഷയിലെ സംഭാഷണങ്ങളെ ബാധിച്ചെന്നും ഫില്‍ ഇന്‍ ദി ബ്ലാങ്ക്സ് പ്രസ്താവനയില്‍ പറഞ്ഞു.

സബ്‌ടൈറ്റില്‍ ആര്‍ട്ടിസ്റ്റ്/സിനിമയുടെ രചയിതാവ്/സംവിധായകന്‍ എന്നിവരുടെ സമ്മതമില്ലാതെ സബ്‌ടൈറ്റിലുകള്‍ എഡിറ്റ് ചെയ്ത നെറ്റ്ഫ്ളിക്സിന്റെ നടപടി അന്യായവും അനീതിയുമാണെന്നും ഫില്‍ ഇന്‍ ദി ബ്ലാങ്ക്സ് അറിയിച്ചിരുന്നു.

Content Highlight: Netflix removes beef from dialogues in Thallumala Kannada version