Kerala News
നെന്മാറ ഇരട്ടക്കൊല: വിശപ്പ് രണ്ടാം തവണയും പൊലീസിന്റെ മുമ്പിലെത്തിച്ചു, പ്രതി ചെന്താമര പിടിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Jan 29, 02:40 am
Wednesday, 29th January 2025, 8:10 am

 

പാലക്കാട്: നെന്മാറ ഇരട്ടക്കൊല കേസിലെ പ്രതി ചെന്താമര പിടിയില്‍. കൊലപാതകത്തിന് ശേഷം ഒളിവിലായിരുന്ന ചെന്താമരയെ പോത്തുണ്ടി മേഖലയില്‍നിന്നാണ് പിടികൂടിയത്. ഇയാള്‍ പൊലീസ് പിടിയിലായതറിഞ്ഞ് നെന്മാറ പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധവുമായി വലിയ ജനക്കൂട്ടവും തടിച്ചുകൂടി.

ചെന്താമരയെ വിട്ടുകിട്ടണമെന്നായിരുന്നു ജനക്കൂട്ടത്തിന്റെ ആവശ്യം. ഉന്തിലും തള്ളിലും സ്റ്റേഷന്റെ ഗേറ്റ് തകര്‍ന്നു. പ്രതിഷേധം അക്രമാസക്തമായതോടെ ഇവരെ പിരിച്ചുവിടാന്‍ പൊലീസിന് ലാത്തി വീശേണ്ടിയും വന്നു. തങ്ങള്‍ക്ക് നേരേ പൊലീസ് പെപ്പര്‍ സ്പ്രേ പ്രയോഗിച്ചുവെന്നും നാട്ടുകാര്‍ ആരോപിച്ചു.

കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ ചെന്താമരയ്ക്ക് വേണ്ടി വ്യാപകതമായ തെരച്ചിലാണ് പൊലീസ് നടത്തിയത്. ഒടുവില്‍ രാത്രിയോടെ തെരച്ചില്‍ നിര്‍ത്തി മടങ്ങാനൊരുങ്ങുന്നതിനിടെ ആലത്തൂര്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.

കുറുവടികളുമായി നാട്ടുകാരും തെരച്ചിലിന്റെ ഭാഗമായിരുന്നു. ഒന്നര മണിക്കൂറിലേറെ നീണ്ട തെരച്ചിലിനൊടുവിലും ചെന്താമരയെ കണ്ടെത്താനായില്ല. ഇതോടെ ഇന്നത്തെ തെരച്ചില്‍ നിര്‍ത്തുന്നുവെന്ന് പൊലീസിന്റെ അറിയിപ്പ് വന്നു. ഇതിന് പിന്നാലെയാണ് ഇയാള്‍ ഭക്ഷണമന്വേഷിച്ച് ഒളിത്താവളം വിട്ട് പുറത്തിറങ്ങിയത്.

വിശന്നുവലഞ്ഞ ചെന്താമര ഭക്ഷണം കഴിക്കാന്‍ സ്വന്തം വീടിന് സമീപത്തേക്ക് വരുമ്പോഴായിരുന്നു പൊലീസ് ഇയാളെ പിടികൂടിയത്. വിശന്നുവലഞ്ഞതിനാല്‍ ചെറുക്കാനോ ഓടി രക്ഷപ്പെടാനോ സാധിക്കുന്ന അവസ്ഥയിലായിരുന്നില്ല ഇയാള്‍. സ്റ്റേഷനില്‍ എത്തിയപ്പോള്‍ തനിക്ക് വിശക്കുന്നുണ്ടെന്നും ഭക്ഷണം വേണമെന്നുമായിരുന്നു ഇയാളുടെ ആവശ്യം. തുടര്‍ന്ന്, പൊലീസ് ഭക്ഷണമെത്തിച്ചുനല്‍കുകയും ചെയ്തു.

കുടുംബ വീട്ടിലെത്തി ഭക്ഷണവും കുറച്ച് ദിവസത്തേക്ക് ഭക്ഷണമുണ്ടാക്കി ഒളിവില്‍ കഴിയാനുള്ള സാധനങ്ങളുമായി തിരികെ കാട് കയറാനായിരുന്നു ചെന്താമരയുടെ ലക്ഷ്യം. 2019ല്‍ കൊലപാതകം നടത്തിയ ശേഷവും ഒളിവില്‍ പോയ ചെന്താമര വിശന്ന് വലഞ്ഞ് കുടുംബ വീട്ടിലെത്തിയപ്പോഴാണ് അന്നും പൊലീസ് പിടികൂടിയത്.

ഇക്കാര്യം അറിയാവുന്ന പൊലീസ്, പോത്തുണ്ടി മലയില്‍ നിന്നുള്ള വഴികളില്‍ കാത്തുനിന്നിരുന്നു. വീടിന് സമീപത്തെ വയലിലൂടെ നടന്നുവരുമ്പോള്‍ പ്രതിയെ പൊലീസ് പിടികൂടി.

തിങ്കളാഴ്ച രാവിലെ ഒന്‍പതരയോടെയായിരുന്നു നെന്മാറയിലെ ഇരട്ടക്കൊലകപാതകം. 2019ല്‍ അയല്‍വാസിയായ സജിത എന്ന യുവതിയെ കൊന്ന് ജയിലില്‍ പോയ ചെന്താമര ജാമ്യത്തിലിറങ്ങിയ ശേഷമാണ് സജിതയുടെ ഭര്‍ത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയത്.

ചെന്താമരയുടെ ഭാര്യ പിരിഞ്ഞുപോവാന്‍ കാരണം സജിതയും കുടുംബവുമാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. നീണ്ട മുടിയുള്ള സ്ത്രീയാണ് തന്റെ കുടുംബവഴക്കിന് കാരണമെന്ന് ഏതോ മന്ത്രവാദി ചെന്താമരയോട് പറഞ്ഞുവെന്നും തുടര്‍ന്ന് സജിതയെ സംശയിക്കുകയായിരുന്നുവെന്നും കരുതപ്പെടുന്നു.

സജിതയോടുള്ള വൈരാഗ്യം വീട്ടുകാരോടും വെച്ചുപുലര്‍ത്തിയതാണ് സുധാരകന്റെയും ലക്ഷ്മിയുടെയും കൊലപാതകത്തിലെത്തിയത്.

ചെന്താമര തങ്ങളെ ഉപദ്രവിക്കുമെന്ന് കൊല്ലപ്പെട്ട സുധാകരന്‍ ഭയന്നിരുന്നു. ചെന്താമര ജാമ്യത്തിലിറങ്ങിയതിന്റെ പശ്ചാത്തലത്തില്‍ ഡിസംബര്‍ 29ന് പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്ന് സുധാകരന്റെ മക്കള്‍ അതുല്യയും അഖിലയും പറയുന്നു.

ജയിലില്‍നിന്നിറങ്ങിയ ചെന്താമര ജാമ്യവ്യവസ്ഥ ലംഘിച്ചാണ് പോത്തുണ്ടിയിലെ വീട്ടിലെത്തിയത്. സജിത വധക്കേസിന്റെ വിചാരണ ആരംഭിക്കാനിരിക്കെ, പ്രതിയുടെ ജാമ്യാപേക്ഷ അനുവദിക്കരുതെന്ന് കോടതിയെ ബോധ്യപ്പെടുത്താന്‍ പൊലീസിനും പ്രോസിക്യൂഷനുമായില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം.

ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ നെന്മാറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കുന്നത് വിലക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും നെന്മാറ ഗ്രാമ പഞ്ചായത്തില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥയേ ഉള്‍പ്പെടുത്തിയുള്ളൂ. ഈ വ്യവസ്ഥ ലംഘിച്ചാണ് ചെന്താമര സ്വന്തം വീട്ടിലെത്തിയതും സുധാകരനെയും ലക്ഷ്മിയെയും കൊലപ്പെടുത്തിയതും.

 

Content highlight: Nenmara double murder: Suspect arrested