നീറ്റ് പരീക്ഷ ക്രമക്കേട്: അറസ്റ്റിലായ പ്രതി ബീഹാർ ഉപമുഖ്യമന്ത്രിക്കൊപ്പം നിൽക്കുന്ന ചിത്രം പുറത്തുവിട്ട് ആർ.ജെ.ഡി
national news
നീറ്റ് പരീക്ഷ ക്രമക്കേട്: അറസ്റ്റിലായ പ്രതി ബീഹാർ ഉപമുഖ്യമന്ത്രിക്കൊപ്പം നിൽക്കുന്ന ചിത്രം പുറത്തുവിട്ട് ആർ.ജെ.ഡി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 21st June 2024, 4:34 pm

ന്യൂദൽഹി: നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർന്ന കേസിൽ അറസ്റ്റിലായ പ്രതി ബീഹാർ ഉപ മുഖ്യമന്ത്രിക്കൊപ്പം നിൽക്കുന്ന ചിത്രം പുറത്ത്. കേസിൽ പ്രതിയായ അമിത് ആനന്ദ് ബീഹാർ ഉപ മുഖ്യമന്ത്രി വിജയ് കുമാർ സിൻഹക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളാണ് ആർ.ജെ.ഡി പുറത്തുവിട്ടത്.

നേരത്തെ ആർ.ജെ.ഡി നേതാവുമായി ചോദ്യപേപ്പർ കേസിലെ പ്രതിക്ക് ബന്ധമുണ്ടെന്ന് ബീഹാർ ഉപ മുഖ്യമന്ത്രി വിജയ് കുമാർ സിൻഹ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ആർ.ജെ.ഡി പുതിയ തെളിവുമായി രംഗത്തെത്തിയത്.

‘പലതരത്തിലുള്ള ചിത്രങ്ങൾ തങ്ങൾക്ക് കിട്ടിയിട്ടുണ്ട്. അതിൽ പ്രതിയെ ഉപ മുഖ്യമന്ത്രി അഭിനന്ദിക്കുന്ന ചിത്രം വരെയുണ്ട്. ഫോട്ടോ പുറത്തു വന്നതും വിവാദമായതോടെ അവർ അത് പിൻവലിച്ചു. എന്നാൽ ആ ചിത്രങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ല. അതെല്ലാം ഞങ്ങളുടെ കൈവശം ഉണ്ട്. ആ ഫോട്ടോകൾ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് കൈമാറാൻ തയ്യാറാണ്,’ ആർ.ജെ.ഡി നേതാക്കൾ പറഞ്ഞു.

നേരത്തെ, കേസിലെ പ്രധാന പ്രതിയായ സിക്കന്ദർ പ്രസാദ് യാദവേന്ദുവുമായി തേജസ്വി യാദവിന്‌ ബന്ധമുണ്ടെന്ന് ബീഹാർ ഉപ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇയാൾക്ക് ഗസ്റ്റ് ഹൗസിലും മറ്റുമായി താമസ സൗകര്യം ഒരുക്കിയിരുന്നെനും ബീഹാർ ഉപ മുഖ്യമന്ത്രി പറഞ്ഞിരുന്നു.

നീറ്റ് ചോദ്യപേപ്പർ ചോർച്ചയുടെ സൂത്രധാരൻ സിക്കന്ദർ കുമാർ യാദവേന്ദുവിന് താമസ സൗകര്യം ബുക്ക് ചെയ്യാൻ തേജസ്വി യാദവിൻ്റെ പേഴ്‌സണൽ സെക്രട്ടറി പ്രീതം കുമാർ നടത്തിയ ഫോൺ കോളുകൾ ഉപമുഖ്യമന്ത്രി വിജയ് സിൻഹ പാട്‌നയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ വിശദീകരിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് ആർ.ജെ.ഡി യുടെ തിരിച്ചടി.

Content Highlight: NEET blame game in Bihar: RJD hits back with photos of deputy chief minister with ‘paper leak’ accused