Entertainment
അന്ന് ആ സിനിമകളില്‍ ഞാന്‍ വെറുതെ പോയി മണ്ടനായി നിന്ന് കൊടുത്തതായിരുന്നു: നീരജ് മാധവ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 22, 08:24 am
Saturday, 22nd February 2025, 1:54 pm

മലയാളത്തില്‍ ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധ നേടിയ നടനാണ് നീരജ് മാധവ്. രാജ് പ്രഭാവതി മേനോന്‍ സംവിധാനം ചെയ്ത ബഡി (2013) എന്ന സിനിമയിലൂടെയാണ് നീരജ് തന്റെ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് ജീത്തു ജോസഫിന്റെ മെമ്മറീസ്, ദൃശ്യം എന്നീ സിനിമകളിലും നടന്‍ അഭിനയിച്ചു.

എബ്രിഡ് ഷൈനിന്റെ 1983ലും സത്യന്‍ അന്തിക്കാടിന്റെ ഒരു ഇന്ത്യന്‍ പ്രണയകഥയിലും നീരജ് അഭിനയിച്ചിരുന്നു. ചെറിയ കഥാപാത്രങ്ങളിലൂടെ തന്റെ സിനിമ കരിയര്‍ തുടങ്ങിയ നീരജ് ഒരു സമയത്ത് കോമഡി റോളുകള്‍ മാത്രമായിരുന്നു ചെയ്തിരുന്നത്.

തന്റെ കടന്നുവരവ് സിനിമയുടെ ട്രാന്‍സിഷന്‍ പിരീഡിലായിരുന്നുവെന്ന് പറയുകയാണ് നീരജ് മാധവ്. അന്ന് താന്‍ കോമഡിയില്‍ മാത്രമായി സ്റ്റക്കായി നില്‍ക്കുകയായിരുന്നെന്നും നായകനടനാകണം എന്ന തന്റെ ആഗ്രഹം ആര്‍ക്കും മനസിലായില്ലെന്നും നടന്‍ പറയുന്നു. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നീരജ് മാധവ്.

‘ഞാന്‍ കോമഡി റോളുകളില്‍ നിന്നാണ് തുടങ്ങുന്നത്. എന്റെ കടന്നുവരവ് സിനിമയുടെ ട്രാന്‍സിഷന്‍ പിരീഡിലായിരുന്നു. പഴയ സ്‌കൂള്‍ ആളുകളൊക്കെ അവിടെ ഉണ്ടായിരുന്നു. പുതിയ മാറ്റങ്ങള്‍ ഉണ്ടായി കൊണ്ടിരിക്കുന്ന സമയമായിരുന്നു. 2013ലാണ് എന്റെ വരവ്. 2015ലും 2016ലുമൊക്കെയാണ് സിനിമയില്‍ വലിയ മാറ്റങ്ങള്‍ വരുന്നത്.

അന്നൊക്കെ എന്നെ സംബന്ധിച്ച് മുന്നോട്ട് ഒരു ചുവടുവെക്കുക എന്നതിലാണ് കാര്യം. ഞാന്‍ ആണെങ്കില്‍ കോമഡിയില്‍ സ്റ്റക്കായി നില്‍ക്കുകയായിരുന്നു. കോമഡിയില്‍ സ്റ്റക്കായതോടെ പിന്നെ കോമഡി മാത്രമാണ് കിട്ടുക. അതിന് മുകളില്‍ നില്‍ക്കുന്ന കഥാപാത്രങ്ങള്‍ ചെയ്യാന്‍ പറ്റുമെന്ന് എനിക്ക് തന്നെ അറിയുന്ന കാര്യമാണ്.

നമ്മള്‍ ഒരു കാര്യം ചെയ്യുമ്പോള്‍ അതില്‍ ബെസ്റ്റാകാന്‍ ശ്രമിക്കണമെന്ന് പണ്ട് എന്റെ അച്ഛന്‍ പറയാറുണ്ടായിരുന്നു. അതായത് ഒരു നടനാകുകയാണെങ്കില്‍ നായകനടന്‍ ആകണം (ചിരി). എന്നുവെച്ചാല്‍ മാസ് ഹീറോ ആകണമെന്നല്ല. ആ കഥയിലെ മുഖ്യ കഥാപാത്രമാകുക എന്നതിലാണ് കാര്യം.

പക്ഷെ അതിലേക്ക് എത്തുന്നതിന് മുമ്പ് തന്നെ ‘ഇവന്‍ കൊമേഡിയന്‍’ എന്നു പറഞ്ഞിട്ട് ആളുകളെ നമ്മളെ പെട്ടിയില്‍ ആക്കുകയാണ്. അവിടെ എങ്ങനെ ആ പെട്ടി പൊളിക്കാം എന്നതാണ് ചിന്തിക്കേണ്ടത്. ഞാന്‍ ആണെങ്കില്‍ അന്ന് മെലിഞ്ഞൊട്ടി ഒരു ചെറിയ പയ്യനാണ്.

അതുകൊണ്ട് നമ്മള്‍ നമ്മളുടെ ആഗ്രഹം പറയുമ്പോള്‍ ആര്‍ക്കും അത് മനസിലാകുന്നില്ലായിരുന്നു. അവിടെ ഞാനൊന്ന് സെലക്ടീവാകുകയോ മാറി ചിന്തിക്കുകയോ ചെയ്താല്‍ നമ്മളെ മടുപ്പിക്കുന്ന രീതിയിലാകും പലരുടെയും സംസാരം. ചുവട് മാറ്റാന്‍ തുടങ്ങുമ്പോള്‍ തോറ്റുപോയ ചിലരുടെ ഉദാഹരണം പറയും.

പക്ഷെ പതിയെ പതിയെ എനിക്ക് മടുത്തു തുടങ്ങി. ഒരു വര്‍ഷം തന്നെ എട്ട് സിനിമകളൊക്കെ ചെയ്ത വര്‍ഷമുണ്ടായിരുന്നു. അതില്‍ ചിലതൊക്കെ ഹിറ്റ് പടങ്ങളുമായിരുന്നു. കുഞ്ഞിരാമായണം, അടികപ്യാരെ കൂട്ടമണി എന്നീ സിനിമകളൊക്കെ ആ കൂട്ടത്തിലുണ്ട്.

കൂട്ടുകാരുടെ കൂടെയുള്ള സിനിമകള്‍ ഞാന്‍ എന്‍ജോയ് ചെയ്തിരുന്നു. എന്നാല്‍ മറ്റ് ചിലതില്‍ ഞാന്‍ വെറുതെ പോയി മണ്ടനായി നിന്ന് കൊടുത്തതായിരുന്നു. പിന്നീടാണ് ഊഴം എന്ന സിനിമയും മെക്‌സിക്കന്‍ അപാരതയുമൊക്കെ വന്നത്,’ നീരജ് മാധവ് പറഞ്ഞു.

Content Highlight: Neeraj Madhav Talks About His Career