മലയാളത്തില്‍ ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധ നേടിയ നടനാണ് നീരജ് മാധവ്. രാജ് പ്രഭാവതി മേനോന്‍ സംവിധാനം ചെയ്ത ബഡി (2013) എന്ന സിനിമയിലൂടെയാണ് നീരജ് തന്റെ കരിയര്‍ ആരംഭിക്കുന്നത്. ചെറിയ കഥാപാത്രങ്ങളിലൂടെ തന്റെ സിനിമ കരിയര്‍ തുടങ്ങിയ നീരജ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്ന റാപ്പറുമാണ്. ഫാമിലിമാന്‍ എന്ന സീരീസിലൂടെ ബോളിവുഡിലും നീരജ് തന്റെ സാന്നിധ്യമറിയിച്ചു.
നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ആര്‍.ഡി.എക്‌സിലും നീരജിന് ശക്തമായ വേഷമായിരുന്നു ലഭിച്ചത്. ആന്റണി വര്‍ഗീസ് പെപ്പേ, ഷെയ്ന്‍ നിഗം എന്നിവര്‍ക്കൊപ്പം ആദ്യാവസാനം നിറഞ്ഞുനിന്ന വേഷമായിരുന്നു നീരജിന്റേത്. സേവിയര്‍ എന്ന കഥാപാത്രമായിട്ടാണ് നീരജ് വേഷമിട്ടത്. നീരജില്‍ നിന്ന് അധികമാരും പ്രതീക്ഷിക്കാത്ത ആക്ഷന്‍ റോളില്‍ താരം തിളങ്ങി.
ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് നീരജ് മാധവ്. തന്നെക്കുറിച്ച് ആളുകള്‍ക്ക് പണ്ടുതൊട്ടേ മുന്‍വിധിയുണ്ടായിരുന്നെന്ന് നീരജ് പറഞ്ഞു. ആര്‍.ഡി.എക്‌സിന്റെ അനൗണ്‍സ്‌മെന്റിന്റെ സമയത്ത് ആര്‍ക്കും പ്രതീക്ഷയില്ലായിരുന്നത് തന്നെയായിരുന്നെന്നും നീരജ് കൂട്ടിച്ചേര്‍ത്തു. പെപ്പെ ആക്ഷന്‍ റോളുകളില്‍ നേരത്തെ പ്രൂവ് ചെയ്ത നടനായിരുന്നെന്നും ക്ഷുഭിതയൗവനമുള്ള വേഷങ്ങള്‍ ചെയ്ത് ഷെയ്‌നും തിളങ്ങിയ സമയമായിരുന്നു അതെന്നും നീരജ് പറഞ്ഞു.
എന്നാല്‍ അവരുടെ കൂടെ നിന്നിട്ട് താന്‍ എന്ത് ചെയ്യാനാണ് എന്ന് പലരും ചിന്തിച്ചിരുന്നെന്നും പ്രേക്ഷകരുടെ പ്രതീക്ഷകള്‍ ഒട്ടും തന്റെ മേലെ ഇല്ലായിരുന്നെന്നും നീരജ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സംവിധായകനായ നഹാസിന് തന്നില്‍ വിശ്വാസമുണ്ടായിരുന്നെന്നും ആ വിശ്വാസത്തിന്റെ പുറത്ത് താന്‍ തന്റെ ബോഡി ബില്‍ഡ് ചെയ്‌തെന്നും നീരജ് പറഞ്ഞു. തന്റെ കൈയില്‍ വെപ്പണ്‍ തരാന്‍ സംവിധായകന് ധൈര്യം നല്‍കിയത് അക്കാര്യമാണെന്നും നീരജ് കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു നീരജ് മാധവ്.
‘എന്നെക്കുറിച്ച് ആളുകള്‍ക്ക് പണ്ടേ മുന്‍വിധിയുണ്ടായിരുന്നു. അതിപ്പോള്‍ ഒരു നടന്‍ ഏത് രീതിയില്‍ വരുന്നോ പിന്നീട് അത്തരം വേഷങ്ങള്‍ മാത്രമേ അവന്‍ ചെയ്യാവൂ എന്ന ധാരണ ചിലര്‍ക്കൊക്കെയുണ്ട്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു ആര്‍.ഡി.എക്‌സ്. അതില്‍ മൂന്ന് നായകന്മാരില്‍ ഒരാളായി ഞാന്‍ വന്നപ്പോള്‍ ചിലര്‍ക്ക് അത്ഭുതമായിരുന്നു.
ബാക്കി നായകന്മാരെ നോക്കിയാല്‍ പെപ്പെ ഓള്‍റെഡി ആക്ഷന്‍ പടങ്ങളിലൂടെ പ്രൂവ് ചെയ്തിട്ടുണ്ട്. ഷെയ്‌നാണെങ്കില്‍ ക്ഷുഭിതയൗവനം ഉള്ള റോളുകള്‍ ചെയ്തിട്ടുണ്ട്. എന്റെ കാര്യത്തില്‍ ആര്‍ക്കും പ്രതീക്ഷയില്ലായിരുന്നു. എന്നെപ്പോലൊരുത്തന്‍ ഒരു ആക്ഷന്‍ സിനിമയില്‍ വന്നിട്ട് എന്ത് ചെയ്യാനാണ് എന്നുവരെ ചിലര്‍ ചിന്തിച്ചു. പക്ഷേ, നഹാസ് എന്റെ മേലെ വെച്ച പ്രതീക്ഷയില്‍ ഞാന്‍ ബോഡി ബില്‍ഡ് ചെയ്യാന്‍ തുടങ്ങി. എന്നെ വിശ്വസിച്ച് എന്റെ കൈയില്‍ വെപ്പണ്‍ തന്നത് വലിയ കാര്യമായിരുന്നു,’ നീരജ് മാധവ് പറഞ്ഞു.
Content Highlight: Neeraj Madhav about his character in RDX movie