ഇന്ത്യയിലെ സ്ത്രീകളോട് തനിക്ക് വിഷമം തോന്നുന്നുവെന്ന് നീന ഗുപ്ത പറയുന്നു. കാരണം അവരില്‍ ഭൂരിഭാഗവും ലൈംഗികത അവരുടെ സന്തോഷത്തിനുവേണ്ടിയാണെന്ന് കരുതുന്നില്ലെന്നും മിക്ക ഇന്ത്യന്‍ സ്ത്രീകളും ലൈംഗികത പുരുഷന്മാരുടെ സന്തോഷത്തിനും പ്രത്യുല്‍പാദനത്തിനും മാത്രമാണെന്ന് വിശ്വസിക്കുന്നുവെന്നും നീന പറഞ്ഞു.
മിക്ക ഇന്ത്യന്‍ സ്ത്രീകളും കരുതുന്നത് പുരുഷനെ പ്രീതിപ്പെടുത്താനും കുഞ്ഞുങ്ങളെ ജനിപ്പിക്കാനുമാണ് ലൈംഗികത എന്നാണ് – നീന ഗുപ്ത
സിനിമകളില്‍ പുരുഷനെ കണ്ടെത്തുന്നതാണ് സ്ത്രീകളുടെ ലക്ഷ്യം എന്നാണ് കാണിച്ച് തന്നിട്ടുള്ളതെന്നും ഉമ്മ വെച്ചാല്‍ കുട്ടികളുണ്ടാകുമെന്നാണ് കുറേ കാലം താന്‍ വിശ്വസിച്ചിരുന്നതെന്നും നീന ഗുപ്ത കൂട്ടിച്ചേര്‍ത്തു. സ്ത്രീകള്‍ സമ്പാദിക്കാന്‍ തുടങ്ങിയതോടെ വിവാഹ മോചനങ്ങള്‍ കൂടിയെന്നും ആദ്യമെല്ലാം സ്ത്രീകള്‍ക്ക് വിദ്യാഭ്യാസമോ ജോലിയോ ലഭിച്ചിരുന്നില്ലെന്നും അതോടെ പണത്തിനായി അവര്‍ പുരുഷന്മാരെയാണ് ആശ്രയിച്ചതെന്നും നടി വ്യക്തമാക്കി. ലില്ലി സിങ്ങുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നീന ഗുപ്ത.
‘ഇന്ത്യയിലെ സ്ത്രീകളെയും ലൈംഗികതയെയും കുറിച്ചോര്‍ത്ത് എനിക്ക് വളരെ സങ്കടമുണ്ട്. ലൈംഗികത ആനന്ദത്തിനുവേണ്ടിയാണെന്ന് അറിയാത്ത 99 അല്ലെങ്കില്‍ 95 ശതമാനം ഇന്ത്യന്‍ സ്ത്രീകളെക്കുറിച്ചാണ് ഞാന്‍ സംസാരിക്കുന്നത്. അവര്‍ കരുതുന്നത് പുരുഷനെ പ്രീതിപ്പെടുത്താനും കുഞ്ഞുങ്ങളെ ജനിപ്പിക്കാനുമാണ് ലൈംഗികത എന്നാണ്. അങ്ങനെ അല്ലെന്ന് ചിന്തിക്കുന്ന നമ്മളെല്ലാം ഇന്ത്യയിലെ ന്യൂനപക്ഷമാണ്. പക്ഷേ, ഭൂരിപക്ഷവും ലൈംഗികത ആനന്ദത്തിന് വേണ്ടിയുള്ളതാണെന്ന് മനസിലാക്കുന്നില്ല.
സ്ത്രീകള്‍ സമ്പാദിക്കുന്നതോടെ വിവാഹമോചനങ്ങള്‍ ഇപ്പോള്‍ കൂടുതലാണ്
നമ്മുടെ സിനിമകളില്‍ അവര്‍ എന്താണ് കാണിച്ച് തരുന്നത്? നിങ്ങള്‍ ഒരു സ്ത്രീയാണെങ്കില്‍ നിങ്ങളുടെ മുദ്രാവാക്യം ഒരു പുരുഷനെ കണ്ടെത്തുക എന്നായിരുന്നു. ശരിക്കും പറഞ്ഞാല്‍ കുറേ കാലം ഞാന്‍ കരുതിയിരുന്നത് ഉമ്മ വെച്ചാല്‍ ഗര്‍ഭിണിയാകുമെന്നാണ്. അത് സത്യമാണെന്ന് ഞാന്‍ കരുതി. നമ്മുടെ സിനിമകള്‍ നമുക്ക് കാണിച്ചുതന്നത് അതാണ്.
സ്ത്രീകള്‍ സമ്പാദിക്കുന്നതോടെ വിവാഹമോചനങ്ങള്‍ ഇപ്പോള്‍ കൂടുതലാണ്. പുരുഷന്മാരില്‍ നിന്ന് അവര്‍ക്കിപ്പോള്‍ പൈസ വാങ്ങേണ്ട കാര്യമില്ല. മുമ്പ് സ്ത്രീകള്‍ സമ്പാദിച്ചിരുന്നില്ല, അവര്‍ക്ക് വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല, ഇതൊന്നുമില്ലാത്തൊരു ഒരു ജീവിതം സ്ത്രീകള്‍ക്ക് നയിക്കേണ്ടിവന്നു. ഇപ്പോള്‍ ചില സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ സമ്പാദിക്കുന്നു, കാര്യങ്ങള്‍ മാറിവരികയാണ്,’ നീന ഗുപ്ത പറഞ്ഞു.
Content Highlight: Neena Gupta Says Majority Of Indian Women Don’t Understand That Sex Is For Pleasure