എത്രയും പെട്ടെന്ന് തീരുമാനമെടുക്കണം: തൃപ്തി ദേശായിക്കെതിരായ പ്രതിഷേധം യാത്രക്കാരെ ബാധിക്കുന്നു; പൊലീസിനോട് സിയാല്‍ എം.ഡി
Sabarimala women entry
എത്രയും പെട്ടെന്ന് തീരുമാനമെടുക്കണം: തൃപ്തി ദേശായിക്കെതിരായ പ്രതിഷേധം യാത്രക്കാരെ ബാധിക്കുന്നു; പൊലീസിനോട് സിയാല്‍ എം.ഡി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 16th November 2018, 2:04 pm

കൊച്ചി: തൃപ്തി ദേശായിയുടെ കാര്യത്തില്‍ എത്രയും പെട്ടെന്ന് തീരുമാനമെടുക്കണമെന്ന് സിയാല്‍ അധികൃതര്‍ പൊലീസിനോട് ആവശ്യപ്പെട്ടു. ഈ സ്ഥിതി തുടരാന്‍ ആവില്ലെന്നും തൃപ്തി ദേശായിക്കെതിരായ പ്രതിഷേധം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നെന്നും സിയാല്‍ എം.ഡി പൊലീസിനെ അറിയിച്ചു.

സിയാല്‍ എം.ഡിയും പൊലീസും സി.ഐ.എസ്.എഫും നടത്തിയ ചര്‍ച്ചയിലാണ് വിമാനത്താവള അധികൃതര്‍ ആശങ്ക പങ്കുവെച്ചത്.

എന്നാല്‍ തൃപ്തി ദേശായിയെ പുറത്തിറക്കാനുള്ള സാഹചര്യം ഇപ്പോഴില്ലെന്ന് പൊലീസ് അറിയിച്ചു. കനത്ത പ്രതിഷേധം പുറത്തുനടക്കുന്ന സാഹചര്യത്തില്‍ തൃപ്തിയെ വിമാനത്താവളത്തില്‍ നിന്ന് പുറത്തിറക്കാന്‍ കഴിയില്ലെന്നാണ് പൊലീസ് പറയുന്നത്. തൃപ്തി ദേശായിയെ മടക്കിയയക്കാന്‍ മാത്രമേ നിര്‍വാഹമുള്ളൂവെന്നും പൊലീസ് പറഞ്ഞു.


ശബരിമല വിഷയം കത്തിക്കണം, തെരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യ പിടിക്കാനുള്ള ആയുധം ശബരിമലയാക്കണം; കേരളത്തിലെ ബി.ജെ.പി നേതാക്കളോട് അമിത് ഷാ


അതേസമയം തൃപ്തി ദേശായിയുമായി ആലുവ തഹസില്‍ദാര്‍ ചര്‍ച്ച നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടു. മടങ്ങിപ്പോകണമെന്ന തഹസില്‍ദാരുടെ ആവശ്യം തൃപ്തി ദേശായി തള്ളി. ശബരിമലയില്‍ ദര്‍ശനം നടത്താതെ മടങ്ങിപ്പോകില്ലെന്ന നിലപാടില്‍ തൃപ്തി ദേശായി ഉറച്ചുനില്‍ക്കുകയായിരുന്നു.

ഉച്ചയ്ക്ക് 1.40 ന് പൂനെയിലേക്കുള്ള വിമാനത്തില്‍ തൃപ്തി ദേശായിയെ മടക്കിയക്കാനായിരുന്നു നീക്കം. ഇതിന്റെ ഭാഗമായാണ് തിരക്കിട്ട ചര്‍ച്ചകള്‍ നടത്തിയത്. എന്നാല്‍ മടങ്ങിലെന്ന നിലപാടില്‍ ഉറച്ചുതന്നെയാണ് തൃപ്തി.

നെടുമ്പാശേരി വിമാനത്താവളത്തില്‍ തൃപ്തി ദേശായിയുമായി എയര്‍പോര്‍ട്ട് അധികൃതര്‍ വീണ്ടും ചര്‍ച്ച നടത്തുകയാണ്. പൊലീസ് ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.