ന്യൂദല്‍ഹി: കര്‍ഷക സമരം നടക്കുന്ന ന്യൂദല്‍ഹിയിലെ സിംഗു അതിര്‍ത്തിയില്‍ കേന്ദ്രം ഇന്റര്‍നെറ്റ് റദ്ദാക്കിയതിനു പിന്നാലെ വാര്‍ത്തകള്‍ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് എത്രത്തോളം ദുര്‍ഘടമാണ് എന്ന് വിവരിച്ച് എന്‍.ഡി.ടി.വി റിപ്പോര്‍ട്ടര്‍ സൗരബ് ശുക്ല.
12 കിലോമീറ്ററോളം നടന്നാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കുകയുള്ളൂ എന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ടര്‍ പറയുന്നു. സ്ഥലത്തെ ഇന്റര്‍നെറ്റ് സേവനം കേന്ദ്ര സര്‍ക്കാര്‍ റദ്ദ് ചെയ്തതോടെ ലൈവ് റിപ്പോര്‍ട്ടിങ്ങ് സാധ്യമല്ലെന്നും അതുകൊണ്ട് സിംഗുവിലേക്ക് ആറ് കിലോമീറ്ററും തിരിച്ച് ഇന്റര്‍നെറ്റ് ഉള്ള സ്ഥലത്തു നിന്നും വാര്‍ത്ത പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ ആറ് കിലോമീറ്ററും നടക്കേണ്ടി വരികയാണെന്നും സൗരബ് ശുക്ല പറഞ്ഞു.
”ഇപ്പോള്‍ ഞാന്‍ സിംഗു അതിര്‍ത്തിയിലാണ്. ഇവിടെ നില്‍ക്കുമ്പോള്‍ ഒരു അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നില്‍ക്കുന്ന പ്രതീതിയാണുള്ളത്. പൊലീസ് വഴികളടച്ചിരിക്കുകയാണ്. കോണ്‍ക്രീറ്റ് ചെയ്ത മതിലുകളും വലിയ ആണികളുമുണ്ട്.
മാധ്യമങ്ങളേയും വിലക്കിയിരിക്കുന്നു. ഈ ദൃശ്യങ്ങള്‍ കാണിക്കാന്‍ ഈ വാര്‍ത്ത പറയാന്‍ ഞങ്ങള്‍ക്ക് ഏതാണ്ട് ആറ് കിലോമീറ്റര്‍ നടക്കേണ്ടി വന്നു. ആറ് കിലോമീറ്റര്‍ തിരിച്ചും. ദിവസേന സിംഗു അതിര്‍ത്തിയിലെ യാഥാര്‍ത്ഥ്യം നിങ്ങളിലെത്തിക്കാന്‍ ഞങ്ങള്‍ക്ക് 12 കിലോമീറ്ററിലധികം നടക്കേണ്ടി വരുന്നു.
നവംബര്‍ 26ന് കര്‍ഷക സംഘടനകള്‍ ഇവിടെയത്തിയപ്പോള്‍ ഞങ്ങള്‍ ലൈവായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടായിരുന്നു. ജനുവരി 20ന് ഇവിടെയാണ് ആദ്യം കര്‍ഷകര്‍ ബാരിക്കേഡുകള്‍ മറികടന്നതും ലാല്‍ കിലയിലേക്ക് മാര്‍ച്ച് ചെയ്തതും. അതിന് ശേഷം കാര്യങ്ങള്‍ മാറി.
ജനുവരി 26വരെ ഇവിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയന്ത്രണമില്ലായിരുന്നു. ഇപ്പോള്‍ കാല്‍നടയായിപ്പോലും ദേശീയ പാതയിലൂടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് സഞ്ചരിക്കാന്‍ അനുവാദമില്ല.
ഏറ്റവും വലിയ ചോദ്യം എന്തിനാണ് മാധ്യമങ്ങളുടെ വാ മൂടിക്കെട്ടുന്നത് എന്നാണ്. കര്‍ഷകനേതാക്കളുടെ വാര്‍ത്താസമ്മേളനം ഞങ്ങള്‍ക്ക് കവര്‍ ചെയ്യാന്‍ പറ്റുന്നില്ല. അവിടെ ഇന്റര്‍നെറ്റ് കണക്ടിവിറ്റിയില്ല. ഞങ്ങളുടെ ഒബി വാന്‍ അങ്ങോട്ടെത്തിക്കാന്‍ കഴിയില്ല, ദല്‍ഹിയില്‍ നിന്ന് അങ്ങോട്ട് പ്രവേശനം അസാധ്യമാണ്. വാര്‍ത്താക്കുറിപ്പുകളെ മാത്രമാണ് ആശ്രയിക്കാന്‍ കഴിയുന്നത്.
അത് മാത്രമല്ല കര്‍ഷകര്‍ക്ക് അവരുടെ ഭാഗം പറയാന്‍ ഇന്റര്‍നെറ്റില്ല, വൈ ഫൈ ഇല്ല. ഒരു അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നില്‍ക്കുന്നതുപോലെയാണ് ഞാനിവിടെ നില്‍ക്കുന്നത്,” സൗരബ് ശുക്ല പറഞ്ഞു.