വിചാരണത്തടവുകാരായി കഴിയുന്ന ദളിതരും മുസ്ലിങ്ങളും ജനസംഖ്യാനുപാതത്തിലും കൂടുതല്‍; ക്രൈം റെക്കോഡ് ബ്യൂറോയുടെ റിപ്പോര്‍ട്ട് പുറത്ത്
national news
വിചാരണത്തടവുകാരായി കഴിയുന്ന ദളിതരും മുസ്ലിങ്ങളും ജനസംഖ്യാനുപാതത്തിലും കൂടുതല്‍; ക്രൈം റെക്കോഡ് ബ്യൂറോയുടെ റിപ്പോര്‍ട്ട് പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 30th August 2020, 12:55 pm

ന്യൂദല്‍ഹി: രാജ്യത്ത് മുസ്‌ലിങ്ങളും ദളിതരും ആദിവാസി വിഭാഗങ്ങളും ജയില്‍ അടക്കപ്പെടുന്നതും വിചരാണ തടവുകാരായി കഴിയുന്നതും കൂടിയ അളവിലെന്ന് ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍.

ഈ വിഭാഗങ്ങളുടെ ജനസംഖ്യാനുപാതത്തിലും ഉയര്‍ന്ന നിരക്കിലാണ് താരതമ്യേന ഇവര്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നതെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

പാര്‍ശ്വവത്ക്കരിപ്പെട്ട വിഭാഗങ്ങള്‍ക്കിടയില്‍ മുസ്‌ലിങ്ങള്‍ക്കെതിരായാണ് കൂടുതലും വിവേചനങ്ങള്‍ നേരിടുന്നതെന്ന് വ്യക്തമാക്കുന്നതാണ് 2019ലെ കണക്കുകള്‍. രാജ്യത്ത് ജയിലുകളില്‍ കഴിയുന്ന കുറ്റവാളികളുടെ 21.7 ശതമാനവും ദളിതരാണ്.

ഇതില്‍ പട്ടികജാതി പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെടുന്ന 21 ശതമാനം പേരുടെയും വിചാരണ നടന്നു കൊണ്ടിരിക്കുകയാണ്. 2011 സെന്‍സസ് പ്രകാരം 16.6ശതമാനം മാത്രമാണ് ജനസംഖ്യയില്‍ ഇവരുള്ളത്.

ആദിവാസി വിഭാഗത്തില്‍പ്പെടുന്നവരുടെ കണക്കിലും ഈ അന്തരം വളരെ വലുതാണ്. പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന 13.6 ശതമാനം പേരാണ് ജയില്‍ കഴിയുന്നത്. ഇവരില്‍ 10.5 ശതമാനം പേരും ഇപ്പോഴും വിചാരണ നേരിടുകയാണ്.

ജനസംഖ്യയില്‍ 14.2 ശതമാനം മാത്രം വരുന്ന മുസ്‌ലിങ്ങളില്‍ 16.6 ശതമാനവും കുറ്റക്കാരെന്ന് കണ്ടെത്തി ജയിലുകളിലാണ്. 18.7 ശതമാനം മുസ് ലിങ്ങള്‍ ഇപ്പോഴും വിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണ്.

രാജ്യത്തെ ക്രിമിനല്‍ ജസ്റ്റിസ് സംവിധാനം പാര്‍ശ്വവത്ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്കും ദരിദ്രര്‍ക്കുമെതിരായാണ് പ്രവര്‍ത്തിക്കുന്നത്. നല്ല അഭിഭാഷകരെ വെക്കാന്‍ കഴിയുന്നവര്‍ക്ക് എളുപ്പത്തില്‍ ജാമ്യം ലഭിക്കും, ഇവര്‍ക്ക് നീതി എളുപ്പത്തല്‍ കിട്ടുകയും ചെയ്യും.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ വര്‍ഷങ്ങളോളം വിചാരണയുമായി തുടര്‍ന്നു പോവുകയാണ്. പൊലീസ് റിസേര്‍ച്ച് ബ്യൂറോയുടെ മുന്‍ മേധാവി എന്‍.ആര്‍ വാസന്‍ പറഞ്ഞു.

ഉത്തര്‍പ്രദേശിലാണ് ഏറ്റവും കൂടുതല്‍ ദളിതര്‍ വിചാരണ നേരിടുന്നത്(17995). ബീഹാര്‍, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളാണ് തൊട്ടുപുറകില്‍. എസ്.ടി വിഭാഗത്തില്‍ മധ്യപ്രദേശിലാണ് കൂടുതല്‍ വിചാരണതടവുകാരുള്ളത്. തൊട്ടുപിറകില്‍ ഉത്തര്‍പ്രദേശാണ്. ഉത്തര്‍പ്രദേശില്‍ തന്നെയാണ് കൂടുതല്‍ മുസ്‌ലിം വിചാരണ തടവുകാര്‍ ഉള്ളത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Ncrb data higher share of dalits tribals muslims in prison than numbers outside