Kerala News
നിര്‍ണായക ചര്‍ച്ചയ്ക്ക് ശരദ് പവാര്‍ കേരളത്തിലേക്ക്; 'സീറ്റില്ലെങ്കില്‍ മുന്നണി മാറ്റം'; എന്‍.സി.പിയില്‍ തര്‍ക്കം മുറുകുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jan 07, 08:53 am
Thursday, 7th January 2021, 2:23 pm

മുംബൈ: എന്‍.സി.പിയുടെ സീറ്റുകള്‍ വിട്ടു തരില്ലെന്ന് എല്‍.ഡി.എഫ് പറഞ്ഞാല്‍ മുന്നണിമാറ്റം തീരുമാനിക്കുമെന്ന് എന്‍.സി.പി. സിറ്റിംഗ് സീറ്റുകള്‍ വിട്ടു കൊടുക്കുന്നതില്‍ വിട്ടുവീഴ്ച്ചയ്ക്കില്ലെന്നും ടി.പി പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.

കേരളത്തില്‍ എല്‍.ഡി.എഫ് വലിയ വിജയമുണ്ടാക്കിയതായി അഭിപ്രായമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘നമ്മുടെ സിറ്റിംഗ് സീറ്റുകള്‍ ആര്‍ക്കും കൊടുക്കുന്ന ശീലം എല്‍.ഡി.എഫിനില്ല. സിറ്റിംഗ് സീറ്റുകള്‍ എന്നും അതാത് പാര്‍ട്ടിക്കുള്ളതാണ്. എത്ര അഭിപ്രായ വ്യത്യാസമുണ്ടായാലും ശശീന്ദ്രന്‍ പാര്‍ട്ടിയെടുക്കുന്ന തീരുമാനത്തിനൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

നാല് സീറ്റുകളില്‍ എന്‍.സി.പി തുടര്‍ന്നും മത്സരിക്കുമെന്നും 53 വര്‍ഷത്തിന് ശേഷം പിടിച്ചെടുത്ത പാലാ വിട്ടുകൊടുക്കേണ്ടതില്ലെന്നുമാണ് മാണി സി. കാപ്പന്റെ പ്രതികരണം. ശരദ് പവാറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇരുവരും.

മുന്നണി മാറ്റത്തെക്കുറിച്ച് ഇതുവരെ ഒന്നും ആലോചിച്ചിട്ടില്ല. എന്നാല്‍ വ്യക്തമായി തരില്ല എന്നാണ് പറയുന്നതെങ്കില്‍ അപ്പോള്‍ തീരുമാനിക്കുമെന്നും കാപ്പന്‍ പറഞ്ഞു.

എന്‍.സി.പിക്കകത്ത് തന്നെ മുന്നണിമാറ്റത്തെ സംബന്ധിച്ച് രണ്ട് വിഭാഗങ്ങളില്‍ തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ ദേശീയാധ്യക്ഷന്‍ ശരദ് പവാര്‍ കേരളത്തിലേക്ക് വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ദിവസം എ. കെ. ശശീന്ദ്രന്‍ ശരദ് പവാറിനെ കാണാന്‍ മുംബൈയിലെത്തിയിരുന്നു. ഇതിന് പിന്നാലെ മാണി സി. കാപ്പനും ടി. പി പീതാംബരന്‍മാസ്റ്ററും അദ്ദേഹത്തെ കണ്ടിരുന്നു.

രണ്ടാഴ്ചക്കകം നേതാക്കള്‍ കേരളത്തിലേക്കെത്തും. മുന്നണിമാറ്റം സംബന്ധിച്ച തീരുമാനം ഇതിന് ശേഷം മുംബൈയില്‍ വെച്ച് പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഇതിന് മുമ്പ് പാര്‍ട്ടിക്കകത്തെ ഭിന്നത പരിഹരിക്കാനുള്ള ഒരുക്കത്തിലാണ് എന്‍.സി.പി സംസ്ഥാന ഘടകം.

 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: NCP on seat discussion; Sharad Pawar comes to Kerala