മുംബൈ: ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട ലഹരിക്കടത്ത് കേസിലെ അന്വേഷണത്തില്‍ നിന്നും എന്‍.സി.ബി ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെയെ മാറ്റിയതിന് പിന്നാലെ പ്രതികരണവുമായി എന്‍.സി.പി നേതാവ് നവാബ് മാലിക്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു മാലികിന്റെ പ്രതികരണം.
”ആര്യന്‍ ഖാന്റേത് ഉള്‍പ്പെടെ അഞ്ച് കേസുകളില്‍ നിന്നും സമീര്‍ വാങ്കഡെയെ മാറ്റി. ഇത്തരത്തില്‍ 26 കേസുകളുണ്ട്. എല്ലാത്തിലും അന്വേഷണം ആവശ്യമാണ്.
ഇത് ഒരു തുടക്കം മാത്രമാണ്. ഈ സിസ്റ്റം വൃത്തിയാക്കിയെടുക്കണമെങ്കില്‍ ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ടതായുണ്ട്. നമ്മള്‍ അതെല്ലാം ചെയ്യും,” നവാബ് മാലിക് ട്വിറ്ററില്‍ കുറിച്ചു.
ആര്യന്‍ ഖാനെതിരായ കേസ് സഞ്ജയ് സിംഗിന്റെ നേതൃത്വത്തിലുള്ള എന്‍.സി.ബിയുടെ പ്രത്യേക അന്വേഷണ സംഘമാണ് ഇനി അന്വേഷിക്കുക.
വാങ്കഡെയ്‌ക്കെതിരായ ആരോപണങ്ങളുള്‍പ്പെട്ട കത്ത് പുറത്തുവിട്ടത് നവാബ് മാലികായിരുന്നു. ദീപിക പദുകോണ്‍, രാകുല്‍ പ്രീത് സിംഗ്, ശ്രദ്ധ കപൂര്‍, അര്‍ജുന്‍ രാം പാല്‍ എന്നീ ബോളിവുഡ് താരങ്ങളെ ഭീഷണിപ്പെടുത്തി സമീര്‍ വാങ്കഡെ പണം തട്ടിയെന്ന് കത്തില്‍ പറയുന്നതായി നവാബ് മാലിക് ആരോപിച്ചിരുന്നു.
കൃത്രിമ തെളിവുകള്‍ ഉണ്ടാക്കി അഭിഭാഷകനായ അയാസ് ഖാന്‍ വഴിയാണ് പണം കൈപ്പറ്റിയതെന്നും പറയുന്നു.