അവിടെ നടന്നത് ഒരു പുരുഷന്റെ പരാമര്‍ശമായിരുന്നെങ്കില്‍ ഇപ്പോഴും ക്രൂശിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് ഒരു സ്ത്രീയായ ഞാനാണ്: നവ്യ നായര്‍
Kerala News
അവിടെ നടന്നത് ഒരു പുരുഷന്റെ പരാമര്‍ശമായിരുന്നെങ്കില്‍ ഇപ്പോഴും ക്രൂശിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് ഒരു സ്ത്രീയായ ഞാനാണ്: നവ്യ നായര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 27th March 2022, 12:23 pm

കൊച്ചി: ഒരുത്തീ സിനിമയുടെ പ്രസ് മീറ്റില്‍ നടന്‍ വിനായകന്റെ മീ ടൂ പരാമര്‍ശത്തില്‍ പ്രതികരണവുമായി നവ്യ നായര്‍. സംഭവ ദിവസം പലപ്രാവശ്യം താന്‍ വിനായകന്റെ കയ്യില്‍ നിന്ന് മൈക്ക് വാങ്ങാന്‍ ശ്രമിച്ചിരുന്നുവെന്ന് നവ്യ പറഞ്ഞു.

‘മൈക്ക് വാങ്ങിക്കാന്‍ ഞാന്‍ പലതവണ ശ്രമിച്ചിരുന്നു. അതിനപ്പുറത്തേക്കുള്ള ഒരു പ്രതികരണ ശേഷി എനിക്കില്ല. അന്നുണ്ടായ മുഴുവന്‍ സംഭവങ്ങള്‍ക്കും ഞാന്‍ ക്ഷമ ചോദിച്ചാല്‍ പ്രശ്‌നം തീരുമെങ്കില്‍ ക്ഷമ ചോദിക്കുകയാണ്.

അവിടെ നടന്നത് ഒരു പുരുഷന്റെ പരാമര്‍ശമായിരുന്നെങ്കില്‍ ഇപ്പോഴും ക്രൂശിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് ഒരു സ്ത്രീയായ ഞാനാണ്. വലിയ അളവില്‍ അവിടെ പുരുഷന്മാരുണ്ടായിരുന്നു പക്ഷെ എല്ലാ ചോദ്യങ്ങളുും വരുന്നത് എന്റെ നേരെയാണ്. ആ സംഭവവുമായുള്ള ചോദ്യങ്ങളില്‍ നിന്ന് എന്നെ ഒഴിവാക്കണം,’ നവ്യ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അതേസമയം, തന്റെ പരാമര്‍ശത്തില്‍ വിനായകന്‍ കഴിഞ്ഞ ദിവസം ഖേദം പ്രകടിപ്പിച്ചിരുന്നു. താന്‍ ഉദ്ദേശിക്കാത്ത മാനത്തില്‍ മാധ്യമ പ്രവര്‍ത്തകയായ ഒരു സഹോദരിക്ക് ഭാഷാപ്രയോഗത്തിന്മേല്‍ വിഷമം നേരിട്ടതില്‍ ക്ഷമ ചോദിക്കുന്നതായി വിനായകന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

‘നമസ്‌കാരം, ഒരുത്തീ സിനിമയുടെ പ്രചരണാര്‍ത്ഥം നടന്ന പത്രസമ്മേളനത്തിനിടെ ചില സംസാരത്തില്‍ ഞാന്‍ ഉദ്ദേശിക്കാത്ത മാനത്തില്‍ മാധ്യമ പ്രവര്‍ത്തകയായ ഒരു സഹോദരിക്ക് എന്റെ ഭാഷാപ്രയോഗത്തിന്മേല്‍ ഒട്ടും വ്യക്തിപരമായിരുന്നില്ല, വിഷമം നേരിട്ടതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു,’ വിനായകന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ ദിവസം ഒരുത്തീ സിനിമയുടെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തിലായിരുന്നു വിനായകന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം. നവ്യ നായരും സംവിധായകന്‍ വി.കെ. പ്രകാശും പങ്കെടുത്ത പ്രസ് മീറ്റില്‍ ഇരുവരുടെയും നിശബ്ദതക്കെതിരെയും വിമര്‍ശനമുയര്‍ന്നിരുന്നു. മീ ടൂവിനെ കുറിച്ചും തന്റെ സെക്‌സ് ലൈഫിനെ കുറിച്ചുമൊക്കെയായിരുന്നു വിനായകന്‍ പറഞ്ഞത്.

തനിക്ക് എന്താണ് മീ ടൂ എന്ന് അറിയില്ലെന്നും, നിങ്ങള്‍ക്കറിയാമെങ്കില്‍ പറഞ്ഞു തരണമെന്നുമാണ് മാധ്യമപ്രവര്‍ത്തകരോട് വിനായകന്‍ പറഞ്ഞത്. പ്രസ് മീറ്റിനെത്തിയ മാധ്യമപ്രവര്‍ത്തകരോട് സെക്സ് ലൈഫിനെ പറ്റി ചോദ്യമുന്നയിച്ച വിനായകന്‍ തന്റെ ഭാഗം വിശദീകരിക്കാനായി ഒരു വനിത മാധ്യമപ്രവര്‍ത്തകയോട് സെക്സ് ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന പരാമര്‍ശം നടത്തുകയും ചെയ്തിരുന്നു.

‘എന്റെ ലൈഫില്‍ ഞാന്‍ പത്ത് പെണ്ണുങ്ങള്‍ക്കൊപ്പം സെക്സ് ചെയ്തിട്ടുണ്ട്. ഈ പത്ത് പേരോടും ഞാന്‍ തന്നെയാണ് ചോദിച്ചത് നിങ്ങള്‍ക്കിതിന് താത്പര്യമുണ്ടോ എന്നാണ്. നിങ്ങള്‍ പറയുന്ന മീ ടൂ ഇതാണെങ്കില്‍ ഞാന്‍ ഇനിയും ചോദിക്കും. എനിക്ക് വേറെ ആര്‍ക്കെങ്കിലുമൊപ്പം സെക്സ് ചെയ്യണമെന്ന് തോന്നിയാല്‍ ഞാന്‍ ഇനിയും ചോദിക്കും.

ഇതാണോ നിങ്ങള്‍ പറഞ്ഞ മീ ടൂ? ഇതല്ലെങ്കില്‍ എന്താണ് നിങ്ങള്‍ പറയുന്ന മീ ടൂ? നിങ്ങളെനിക്ക് പറഞ്ഞ് താ എന്താണ് മീ ടൂ എന്ന്,’ എന്നായിരുന്നു വിനായകന്റെ ചോദ്യം.

മീ ടൂ എന്നു പറയുന്നതിന്റെ ബേസിക് തോട്ട് എന്താണെന്നും, പെണ്‍കുട്ടിയുടെയും സ്ത്രീയുടെയും വ്യാഖ്യാനമെന്താണെന്നും വിനായകന്‍ മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചിരുന്നു.

Content Highlights: Navya Nair’s response on Vinayakan’s issue