ന്യൂദല്‍ഹി: പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍സിങ്ങിനെ അധിക്ഷേപിച്ചു സംസാരിച്ചതിന് മുന്‍ ബി.ജെ.പി എം.പിയും കോണ്‍ഗ്രസ് നേതാവുമായ നവജ്യോത് സിങ് സിദ്ധു മാപ്പു പറഞ്ഞു. മന്‍മോഹന്‍ സിങ് ഒരേസമയം സര്‍ദാറും “അസര്‍ദാറും” (കാര്യക്ഷമതയുള്ള ആള്‍) ആണെന്ന് മുന്‍ ക്രിക്കറ്റ് താരം കൂടിയായ സിദ്ധു പറഞ്ഞു. കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ സംസാരിക്കവെയാണ് സിദ്ധുവിന്റെ ഏറ്റു പറച്ചില്‍.
നേരത്തേ ബി.ജെ.പി എം.പിയായിരിക്കുന്ന വേളയിലാണ് മുന്‍പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് സിദ്ധു സംസാരിച്ചത്. മന്‍മോഹന്‍സിങ് “പപ്പു പ്രധാനമന്ത്രിയാണ്” എന്നായിരുന്നു സിദ്ധുവിന്റെ പരിഹാസം. സര്‍ദാര്‍ ആണെങ്കിലും മന്‍മോഹന്‍ ഒട്ടും “അസര്‍ദാര്‍” അല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
“മന്‍മോഹന്റെ നിശബ്ദതയ്ക്ക് ചെയ്യാന്‍ കഴിഞ്ഞതൊന്നും ബി.ജെ.പിയുടെ ശബ്ദകോലാഹലങ്ങള്‍ക്ക് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. യു.പി.എ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ തിരിച്ചറിയാന്‍ പത്തു വര്‍ഷങ്ങള്‍ വേണ്ടി വന്നു. ഇക്കാര്യം എനിക്ക് ഉറക്കെ പറയണം.” -സിദ്ധു പറഞ്ഞു.
രാജ്യത്തിന്റെ ജി.ഡി.പി രണ്ടു ശതമാനം കുറയുമെന്ന് പ്രവചിച്ച മന്‍മോഹന്‍ സിങ്ങിന് ഒരു ഒരു ജോത്സ്യനാകാന്‍ കഴിയും. താങ്കളുടെ കാലത്ത് ഇന്ത്യയുടെ സമ്പദ്‌രംഗം അറബിക്കുതിരയെ പോലെ ചീറിപ്പായുകയായിരുന്നു. പക്ഷേ ഇപ്പോള്‍ അത് ആമയെ പോലെ ഇഴഞ്ഞു നീങ്ങുകയാണ്. അറബിക്കുതിര പ്രായമേറിയതും ക്ഷീണിതനുമാണെങ്കിലും ഒരു കൂട്ടം കഴുതകളേക്കാള്‍ എന്തുകൊണ്ടും ഭേദമാണ് അതെന്ന് ബി.ജെ.പിക്കാര്‍ മനസിലാക്കണമെന്നും സിദ്ധു പറഞ്ഞു.
വീഡിയോ – സിദ്ധുവിന്റെ പ്രസംഗം: