ഇസ്ലാമാബാദ്: പനാമ കേസില്‍ കുറ്റക്കാരനാണെന്ന് സുപ്രീംകോടതി കണ്ടെത്തിയതോടെ നവാസ് ഷെരീഫ് പാകിസ്ഥാന്‍ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചു. അധികാരത്തിലിരിക്കെ ഷെരീഫും കുടുംബവും അനധികൃതമായി സ്വത്തു സമ്പാദിച്ചെന്നാണ് കേസ്. മൊസാക് ഫൊന്‍സെക എന്ന സ്ഥാപനം വഴി ഷെരീഫിന്റെ മക്കളായ മറിയം, ഹുസൈന്‍, ഹസന്‍ എന്നിവര്‍ ലണ്ടനില്‍ വസ്തുവകകള്‍ വാങ്ങിയെന്നാണ് ആരോപണം.
വിധി വന്നതിനു തൊട്ടുപിന്നാലെ സ്ഥാനമൊഴിയുന്നതായി പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു. സത്യസന്ധനായ പാര്‍ലമെന്റംഗമായി തുടരാന്‍ നവാസ് ഷെരീഫ് യോഗ്യനല്ലെന്ന് സുപ്രീം കോടതിയുടെ വിധിന്യായത്തില്‍ വ്യക്തമാക്കുന്നതായി റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഷെരീഫ് രാജിവെച്ചതോടെ പാകിസ്ഥാന്‍ ഉപതെരഞ്ഞെടുപ്പിനെ നേരിടേണ്ടി വരും. പട്ടാളം ഈ അവസരം മുതലാക്കി അധികാരത്തില്‍ വരാനും സാധ്യതയുണ്ട്.
ഒരു വര്‍ഷം കൂടി പ്രധാനമന്ത്രിപദത്തില്‍ തുടരാന്‍ കഴിഞ്ഞിരുന്നെങ്കില്‍ പാകിസ്ഥാന്‍ ചരിത്രത്തില്‍ കാലാവധി പൂര്‍ത്തിയാക്കുന്ന ആദ്യ പ്രധാനമന്ത്രിയായി ഷെരീഫ് മാറുമായിരുന്നു. പട്ടാള ഭരണാധികാരികളല്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രധാനമന്ത്രിയും പാകിസ്ഥാനില്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയിട്ടില്ല.