ഇടുക്കി: ഒന്നര വര്‍ഷം മുമ്പ് കാണാതായ നൗഷാദിനെ കണ്ടെത്തി. നൗഷാദിനെ കൊന്നു കുഴിച്ച് മൂടിയെന്ന പങ്കാളി അഫ്‌സാനയുടെ മൊഴിയില്‍ അന്വേഷണം നടത്തുന്നതിനിടെയാണ് നാടകീയ സംഭവങ്ങള്‍. നൗഷാദ് ഇപ്പോള്‍ തൊടുപുഴ പൊലീസ് സ്റ്റേഷനിലാണുള്ളത്. അല്‍പ സമയത്തിനകം ഇദ്ദേഹത്തെ പത്തനംതിട്ട പൊലീസിന് കൈമാറും.
പൊലീസിന്റെ ലുക്ക് ഔട്ട് നോട്ടീസും, പ്രചരിക്കുന്ന ചിത്രവും വെച്ചാണ് തൊടുപുഴയില്‍ നിന്ന് നൗഷാദിനെ കണ്ടെത്തുന്നത്. താന്‍ പേടിച്ചിട്ടാണ് നാട് വിട്ടതെന്നും ഭാര്യ എന്തുകൊണ്ടാണ് അങ്ങനൊരു മൊഴി നല്‍കിയതെന്നറിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഭാര്യയുമായി ചില വഴക്കുകളുണ്ടായിട്ടുണ്ടെന്നും ഇനി തിരികെ വീട്ടിലേക്ക് പോകില്ലെന്നും നൗഷാദ് പറഞ്ഞു.
അതേസമയം എന്തിനാണ് അഫ്‌സാന കളവ് പറഞ്ഞതെന്ന് പൊലീസ് അന്വേഷിക്കുമെന്ന റിപ്പോര്‍ട്ടുണ്ട്. ഇന്നലെ രാത്രിയോട് കൂടി അഫ്‌സാനയെ റിമാന്‍ഡ് ചെയ്തിരുന്നു. നിലവില്‍ കൊട്ടാരക്കര സബ് ജയിലിലാണ് അഫ്‌സാനയുള്ളത്.
നൗഷാദിനെ കൊന്ന് പള്ളി സെമിത്തേരിയില്‍ കുഴിച്ചിട്ടെന്നാണ് ആദ്യം അഫ്‌സാന പറഞ്ഞത്. എന്നാല്‍ മൊഴി മാറ്റി മൃതദേഹം വീടിന് പിന്നിലെ സെപ്റ്റിക് ടാങ്കിലുണ്ടെന്നും, പിന്നീട് പറമ്പിലെ കുഴിയിലുണ്ടെന്നും മൊഴി നല്‍കിയിരുന്നു.
നൗഷാദിനെ കൊന്ന് സുഹൃത്തിന്റെ പെട്ടി ഓട്ടോയിലാണ് കയറ്റികൊണ്ടു പോയതെന്നാണ് അഫ്‌സാന മൊഴി നല്‍കിയത്.
നൗഷാദിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. ഒന്നരവര്‍ഷം മുമ്പാണ് നൗഷാദും ഭാര്യ അഫ്‌സാനയും അടൂരിലെ വാടക വീട്ടില്‍ താമസിക്കാനെത്തുന്നത്. പിന്നീട് നൗഷാദിനെ കാണാതാവുകയായിരുന്നു. നൗഷാദിനെ കാണാനില്ലെന്ന് മാതാപിതാക്കള്‍ പരാതി നല്‍കിയതോടെയാണ് പൊലീസ് അന്വേഷണം തുടങ്ങിയത്.
ദിവസങ്ങള്‍ക്ക് മുമ്പാണ് നൗഷാദിനെ കൊലപ്പെടുത്തിയെന്ന് അഫ്‌സാന പൊലീസിനോട് പറയുന്നത്.
CONTENT HIGHLIGHTS: Naushad is alive; Finding out after a year and a half; Afsana’s false statement will be investigated